- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിൽ ചിലർക്ക് താൽപ്പര്യം സ്വർണ്ണ കടത്തിലാണെന്ന ആരോപണം ഉന്നയിച്ചത് പ്രധാനമന്ത്രി; മോദിയുടെ ആരോപണത്തിന് പിന്നാലെ പിണറായിക്ക് യുഎഇയിൽ പോകാൻ അനുമതിയും ഇല്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കി; പൗരസ്വീകരണം ഒരുക്കാൻ ഇരുന്നവർ നിരാശർ
ദുബായ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി. കേന്ദ്രത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മെയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ പലവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രം കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിൽ ചിലർക്ക് താൽപ്പര്യം സ്വർണ്ണ കടത്തിലാണെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിരന്നു. ഇതിന് പിന്നാലെയാണ് അനുമതി നിഷേധിക്കൽ. കേന്ദ്രാനുമതിയില്ലാതെ നയതന്ത്ര പരിപാടികളിൽ പങ്കെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കുന്നത്.
യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. ദുബായിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മെയ് 10ന് ബുധനാഴ്‌ച്ച അൽ നാസർ ലെഷർലാന്റിൽ വൻ പൗര സ്വീകരണം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.
പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാ പ്രിയ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതണമെന്നും ഈ പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണമെന്നും സ്വാഗതസംഘം പ്രവർത്തക സമിതിക്ക് വേണ്ടി ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവർ അറിയിച്ചു. അബൂദബിയിലും വൻ പൗര സ്വീകരണത്തിന് വിപുലമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
വാർഷിക നിക്ഷേപ സമ്മേളനത്തിൽ യുഎഇ ലക്ഷ്യമിടുന്നത് ധനസമാഹരണമാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലും. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിൽ കേരളം പങ്കെടുക്കുന്നതു കൊണ്ട് ആർക്കും ഗുണമില്ല. ഈ സാഹചര്യത്തിലാണ് അനുമതി നിഷേധം എന്നാണ് സൂചന. മെയ് 8 മുതൽ പത്തു വരെ അബുദാബി നാഷണൽ എക്സ്ബിഷൻ സെന്ററിലാണ് ഇൻവെസ്റ്റ്മെന്റ് മീറ്റ്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
മറുനാടന് മലയാളി ബ്യൂറോ