- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടി കേസിലെ വിധി വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വഴിയായിരുന്നു യാത്ര. യാത്ര സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. മുഖ്യമന്ത്രിയുടെ മകനും കുടുംബവും ഗൾഫിലാണുള്ളത്. മകനെ കാണാനാണ് യാത്രയെന്നാണ് സൂചന. ആരെല്ലാം മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നതും നിർണ്ണായകമാണ്. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം കടുപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര.
ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കൂടെ പോകുന്നുണ്ടോ എന്നത് വ്യക്തമല്ല. വീണയെ ഏതു സമയത്തും ഇഡി ചോദ്യം ചെയ്യാൻ സാധ്യതയുള്ള സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസി പരിശോധിക്കുന്നുണ്ട്.
ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി എന്ന് മടങ്ങുമെന്ന വിവരം അറിവായിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും നൽകാതെയാണ് യാത്ര. ഫലപ്രഖ്യാപനത്തിന് മുമ്പ് മുഖ്യമന്ത്രി തിരിച്ചെത്തുമെന്ന സൂചനയാണ് സിപിഎം വൃത്തങ്ങൾ നൽകുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതു കൊണ്ട് തന്നെ സർക്കാരിന്റെ നയപരമായ ഇടപെടലുകൾക്ക് ചില തടസ്സങ്ങളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയുടെ ഗൾഫ് യാത്ര. മാതൃഭൂമിയാണ് മുഖ്യമന്ത്രിയുടെ ഗൾഫ് യാത്ര റിപ്പോർട്ട് ചെയ്യുന്നത്.
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെയാണ് ഗൾഫിലേക്ക് മുഖ്യമന്ത്രി പോകുന്നത് എന്നതും നിർണ്ണായകമാണ്. ലാവ് ലിൻ കേസും സുപ്രീംകോടതിയിൽ ഈ ആഴ്ച അന്തിമ വാദം കേൾക്കാൻ സാധ്യതയുണ്ട്.
സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് തിരുവനന്തപുരം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ നൽകിയിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം നൽകാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന് തെളിവായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴൽനാടൻ അവകാശപ്പെട്ടു. എന്നാൽ ഈ രേഖകളിൽ സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസിന്റെ വാദം.