കൊച്ചി: പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാ നഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടർനടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും വേണ്ട രീതിയിൽ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോകുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ദുരന്തം ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വീകരിച്ച നടപടികൾ ഫലപ്രദമാണ്. ഈ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് സർക്കാർ നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും ഇതിന്റെ വേഗം കൂട്ടാൻ ശ്രമിക്കണം. ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതിവരില്ല. ഞെട്ടലോടെയാണ് നാടാകെ ഈ വാർത്ത കേട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ അഭിപ്രായത്തിൽ ഒരു കാര്യത്തിൽ ശരിയല്ലാത്ത സമീപനം കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായെന്ന് മന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിവാദത്തിനുള്ള സമയമല്ലെന്നും ഇതിൽ പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമം ഉണ്ടാവണം. കുവൈറ്റുമായി നിരന്തര ഇടപെടൽ വേണമെന്നും ഏകോപിതമായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിയെ പോകാൻ അനുവദിക്കാത്തതിനെപ്പറ്റി പിന്നെ പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

23 മലയാളികളാണ് കുവൈറ്റിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. ഇതുവരെ 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളി കെ ജി എബ്രഹാമിന്റെ എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചിരിക്കുന്നത്.

കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. രാവിലെ ആറരയോടെ കുവൈത്തിൽനിന്നു പുറപ്പെട്ട വിമാനം പത്തരയോടെയാണു ലാൻഡ് ചെയ്തത്. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്ത്യോപചാരം അർപ്പിപ്പിച്ചു. വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ നാട്ടിലെത്തിക്കും. നോർക്കാ നിർദേശ പ്രകാരം കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ തയ്യാറാണ്.

ദുരന്തത്തിൽ 50പേർക്കാണ് ജീവൻ നഷ്ടമായത്. 47 ഇന്ത്യക്കാരും മൂന്നുപേർ ഫിലിപീൻസുകാരും. ഇതിൽ 48 പേരെ തിരിച്ചറിഞ്ഞു. ആറ് മലയാളികളടക്കം ഒമ്പതുപേർ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. മംഗഫിലെ തൊഴിലാളികളെ പാർപ്പിക്കുന്ന ആറു നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലോടെയുണ്ടായ തീപിടിത്തത്തിൽ കനത്ത പുക ശ്വസിച്ചാണ് ഭൂരിഭാഗം മരണങ്ങളുമെന്ന് സ്ഥിരീകരിച്ചു. മലയാളി വ്യവസായി കെ ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽപ്പെട്ടത്. കെട്ടിടത്തിൽ 196 പേരാണ് താമസിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം പ്രത്യേക സംഘം പരിശോധിച്ചു. ആശുപത്രികളിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കുവൈത്ത് സ്ഥിരീകരിച്ചു.

സംഭവത്തിൽ കുവൈത്ത് സ്വദേശിയെയും പ്രവാസിയെയും കസ്റ്റഡിയിൽവയ്ക്കാൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. കമ്പനി ഉടമ, കെട്ടിട ഉടമ, കെട്ടിടം കാവൽക്കാരൻ എന്നിവരെ അറസ്റ്റ് ചെയ്യാൻ ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. കേസിൽ ഒന്നിലധികം പ്രവാസികൾ കസ്റ്റഡിയിലായതായാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യാഴാഴ്ച രാവിലെ കുവൈത്തിലെ ജാബർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.