തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ മറ്റൊരു സുപ്രധാന തീരുമാനവുമായി പണറായി സര്‍ക്കാര്‍. കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. മലയോര മേഖലയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇത്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍ ചുവടെ

നിയമസഭയുടെ പ്രത്യേക സമ്മേളനം

നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു. അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം ഈ സമ്മേളനത്തിലുണ്ടാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിദരിദ്രരില്ലാ കേരളം എന്നത് പ്രധാന മുദ്രാവാക്യമാക്കും.

ഭരണാനുമതി

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കി.ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവില്‍ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.

ലയിപ്പിക്കും

ഫോം മാറ്റിങ്ങ്‌സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറകറെ ചുമതലപ്പെടുത്തി.

തസ്തിക

കൊല്ലം കണ്ണനല്ലൂര്‍ MKLM HSS- ല്‍ ഒരു HSST (Jr) മലയാളം തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി.

പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കും.

സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കും

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമിതരായ കോച്ച് ബില്‍ഡര്‍മാര്‍ക്ക് 8 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കും. ബിവറേജസ് കോര്‍പറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തില്‍, 23,700-52,600 എന്ന ശമ്പള സ്‌കെയിലിലാണ് ഹയര്‍ ഗ്രേഡ് അനുവദിക്കുക.

തുക തിരികെ പിടിക്കില്ല

സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക്, (01/01/2019 മുതല്‍ 2022 ഡിസംബര്‍ വരെ) ദിവസം 28 രൂപ നിരക്കില്‍ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നല്‍കിയ തുക തിരികെ പിടിക്കുന്ന നടപടി ഒഴിവാക്കും. സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് ഇതിന് അനുമതി നല്‍കി.

ടെണ്ടര്‍

തൃശ്ശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കുട്ടന്‍കുളം നവീകരണ പ്രവൃത്തികള്‍ക്കായി 4,04,60,373 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.