- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ ഇന്ന് സുഖവാസം; പുലര്‍ച്ചെ ബഹറിനിലെത്തിയ മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളൊന്നുമില്ല; നാളത്തെ ഉദ്ഘാടനം പ്രധാന പ്രവാസി സംഘടനകള്‍ ബഹിഷ്‌കരിക്കും; 2017ലെ പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച വര! പിണറായിയുടെ ഗള്‍ഫ് പര്യടനം സിപിഎം പരിപാടിയാകും
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം സിപിഎം പരിപാടി പോലെയാകും. ബഹ്‌റൈനില്‍ 2017ല്‍ മുഖ്യമന്ത്രി വന്നിരുന്നു. അന്ന് നടത്തിയ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാനാണ് പ്രധാന സംഘടനകളുടെ തീരുമാനം. പ്രതിപക്ഷ സംഘടനകളൊന്നും പങ്കെടുക്കില്ല. പുലര്‍ച്ചെ ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി ഫോര്‍ സീസണ്‍ എന്ന നക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. ഇന്ന് പരിപാടികളൊന്നുമല്ല. അതായത് മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ പരിപാടിയില്‍ സിപിഎമ്മുകാര്‍ മാത്രമേ പങ്കെടുക്കൂ. ഇത് തന്നെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സംഭവിക്കാനാണ് സാധ്യത.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വാഗത സംഘം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നാളെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് സംഘാടനം. ബഹ്‌റൈനിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തില്‍ അടുത്ത മാസം ഏഴിനും യു എ ഇയില്‍ ഒമ്പതിനും എത്തും. ഒമാനില്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി മുഖ്യാതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാര്‍ക്കില്‍ ആണ് പരിപാടി. ഈ പരിപാടികള്‍ എല്ലാം പ്രതിപക്ഷം ബഹിഷ്‌കരിക്കാനാണ് സാധ്യത. മിക്ക രാജ്യത്തിലേയും സന്ദര്‍ശനത്തിനിടെ കേരളത്തിലേക്ക് വരുകയും പോവുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.
സൗദി സന്ദര്‍ശനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ലെങ്കില്‍ 16ന് ബഹ്റൈനിലെ പരിപാടി കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും. അനുമതി ലഭിച്ചാല്‍ സൗദിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 19നാണ് കേരളത്തില്‍ തിരിച്ചെത്തുക. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച അവധിയായതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ പഴ്സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി.
വാഗ്ദാന പെരുമഴ കൊണ്ട് പ്രവാസികളെ വഞ്ചിച്ച മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കില്ല -ഒഐസിസി.
മനാമ : ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കും എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 2017 ഫെബ്രുവരി 9.10.11 തീയതികളില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും അദ്ദേഹത്തെ കാണുവാനും, കേള്‍കുവാനും എത്തിയതാണ്. പക്ഷെ അന്ന് നടത്തിയ ഒരു പ്രഖ്യാപനം പോലും എട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ പൊള്ളയായ വാഗ്ദാനനങ്ങള്‍ നല്‍കാന്‍ ആണ് പ്രവാസലോകത്തേക്ക് എത്തുന്നത് എന്നും ഒഐസിസി കുറ്റപ്പെടുത്തി.
തൊഴില്‍ നഷ്ടപെട്ടാല്‍ ആറ് മാസത്തെ ശമ്പളം താല്‍കാലിക സുരക്ഷ എന്ന നിലയില്‍ വിതരണം ചെയ്യും, പ്രായമാവര്‍ക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ പെന്‍ഷന്‍ അനുവദിക്കും. നല്ല നിലയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചുകൊണ്ട് നല്ല രീതിയില്‍ അവരെ പുനരധിവസിപ്പിക്കും. മലയാളം പഠിപ്പിക്കുന്ന, നല്ല രീതിയില്‍ നടത്താവുന്നതുമായ കേരള പബ്ലിക് സ്‌കൂള്‍, പോളിടെക്‌നിക്, എന്‍ജിനിയറിങ്ങ് കോളേജുകള്‍ തുടങ്ങിയവ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും.ഒറ്റക്ക് താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും. വിദേശരാജ്യങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ തുക വാടക നല്‍കിയുള്ള താമസം, അതിന് പരിഹാരമായി കുറഞ്ഞ വാടകക്ക് താമസിക്കാന്‍ പറ്റുന്ന കുടുംബ നഗരങ്ങള്‍ എന്ന പേരില്‍ പൊതു - സ്വകാര്യ സഹകരണത്തോടെ സ്‌പെഷ്യല്‍ ടൌണ്‍ ഷിപ്പ് ആരംഭിക്കും. പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് വിദേശ രാജ്യങ്ങളില്‍ നല്ല ചികിത്സ ലഭിക്കുന്നില്ല എന്നതാണ്, അതിനു പരിഹാരമായി ജനകീയ ക്ലിനിക്കുകള്‍ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും എന്ന് തുടങ്ങി കേട്ടാല്‍ കാതുകള്‍ക്ക് ഇമ്പം നല്‍കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപ ആക്കും എന്നതും ജലരേഘആയി മാറി.
ഇപ്പോള്‍ പ്രവാസികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു, ഇതില്‍ സര്‍ക്കാരിന്റെ വിഹിതം എത്ര ആണെന്നും, മറ്റ് ഇഷുറന്‍സ് കള്‍ പോലെ ചേര്‍ന്ന് ഒരു വര്‍ഷം കാലത്തിനുള്ളില്‍ ചികിത്സക്ക് പണം ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ആ തുക ഉപയോഗിക്കാന്‍ സാധിക്കുമോ,ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുക ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷം പ്രീമിയം തുക കുറയുമോ, പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുമോ തുടങ്ങി നിരവധി സംശയങ്ങള്‍ പ്രവാസികള്‍ക്ക് ഉണ്ട്. ഇവക്ക് എല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം,വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അഭിപ്രായപെട്ടു.
ഗഫൂര്‍ ഉണ്ണികുളം,
ഒഐസിസി പ്രസിഡന്റ്,
മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ കെഎംസിസി തീരുമാനം
മനാമ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ബഹ്റൈനില്‍ നടത്തുന്ന സന്ദര്‍ശനം തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്റൈന്‍ കെഎംസിസി കുറ്റപ്പെടുത്തി.
തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാന്‍ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്റൈന്‍ വിസിറ്റിങ്. ബഹ്റൈന്‍- ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള കൂടിയാലോചനകള്‍ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങള്‍ എന്ന പേരില്‍ ഇതുവരെ നടപ്പില്‍ വരുത്താത്ത വാഗ്ദാനങള്‍ പൊതു സമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം ആണ് ഇതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ യു. ഡീ എഫ്. നേതൃത്വം കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ബഹ്റൈനിലെ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തെ ബഹ്റൈനിലെ യു. ഡീ. എഫ് അനുകൂല സംഘടനകള്‍ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നതായി കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും അറിയിച്ചു.
പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം വെള്ളത്തില്‍ എഴുതിയത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത്. ജോലി നഷ്ടപ്പെട്ട നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ആറു മാസത്തെ ശമ്പളം മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലെ അവശേഷിക്കുകയാണ്. പ്രവാസികളുടെ പെന്‍ഷന്‍ 5000 രൂപ ആക്കാമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്രവാസികളില്‍ നിന്നു മാസാമാസം അടച്ചതിനു ശേഷം 60 വയസ്സ് കഴിഞ്ഞാല്‍ കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷന്‍ പോലും അവതാളത്തില്‍ ആയിരിക്കയാണ്. രോഗ ചികിത്സക്ക് മറ്റുമായി ഉപയോഗിക്കുന്ന ഈ പെന്‍ഷന്‍ കൃത്യമായി കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍. നാട്ടില്‍ വിശ്രമ ജീവിതം കഴിക്കുന്ന മുന്‍കാല പ്രവാസികള്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ബിസിനസ് സംരംഭങ്ങളും കച്ചവടങ്ങളും തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നു കൊടിയ അവഗണനയും വിവേചനവുമാണ് അനുഭവിക്കേണ്ടി വരുന്നത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ നിന്നെല്ലാം ഒഴിവാക്കപ്പെടുന്ന പ്രവാസികളും കുടുംബവും കേരളം കെട്ടിപ്പടു lക്കാന്‍ ചെയ്യുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസി മലയാളികളെ കേന്ദ്രവും കേരളവും സ്ഥിരമായി അവഗണിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഒക്കെ കൊടിയ അനാസ്ഥയാണ് പിണറായി സര്‍ക്കാരിന്റേത്. ഇതെല്ലാം മറച്ചു വെച്ച് പുതിയ വാഗ്ദനങ്ങളുമായി പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ളതാണ് ഈ വരവ്. 2017 ല്‍ മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തില്‍ പ്രവാസി സമൂഹത്തെ സാക്ഷിയാക്കി നല്‍കിയിട്ടുള്ള ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്.
2017 ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍
ബഹ്റൈനില്‍ കേരള പൗബ്ലിക്ള്‍ സ്‌കൂള്‍ സ്ഥാപിക്കും
എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കും
കേരളത്തില്‍ ബഹ്റൈന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കും
കേരളത്തില്‍ ബഹ്റൈനികള്‍ക്കു കുറഞ്ഞ ചിലവില്‍ ചികിത്സാ സൗകര്യമ മൊരുക്കും
ബഹ്റൈനില്‍ കേരള ക്ലിനിക് സ്ഥാപിക്കും
ബഹ്റൈന്‍ നിയമ സഹായ സെല്‍ സ്ഥാപിക്കും.
ഇതില്‍ ഒന്നുപോലും നടപ്പില്‍ വരുത്താതെ യാണ് പുതിയ വഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ പറ്റിക്കാന്‍ മുഖ്യമന്ത്രി യുടെ ഈ രണ്ടാം വരവ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കോവിഡ് കാലമടക്കം സര്ക്കാരിന് പിന്തുണ നല്‍കിയ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ തിരഞ്ഞെടുപ്പും വോട്ടും ലാക്കാക്കിയുള്ള ഈ പര്യാടനത്തെ അതെ അര്‍ത്ഥത്തില്‍ നോക്കിക്കാണാനും നിസ്സഹകരിക്കാനുമാണ് കെഎംസിസി യുടെ തീരുമാനം എന്നും കെഎംസിസി നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി,ബഹ്റൈന്‍ ബഹിഷ്‌കരിക്കും.
മനാമ : മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 17-ന് ബഹ്റൈനില്‍ നടത്തുന്ന സന്ദര്‍ശനം, സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിലും, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിലും അഴിമതിയിലും, പോലീസ് രാജിലും പ്രതിഷേധിച്ചുകൊണ്ട്, ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ബഹിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമം വാക്കുകളില്‍ മാത്രം ഒതുക്കുകയും, പ്രവാസലോകത്തെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ തലവനാണ് മുഖ്യമന്ത്രി. പ്രവാസി ക്ഷേമം ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുക കൂടി ചെയ്യുന്ന സര്‍ക്കാരിന് പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ യാതൊരു അര്‍ഹതയുമില്ല.
ശബരിമല സ്വെര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണം മറക്കാന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം ഷാഫി പറമ്പില്‍ എം.പി ഉള്‍പ്പെടെയുള്ള ജനകീയ പ്രതിപക്ഷ ജനപ്രതിനിധികളെ വരെ സി.പി.എം. പോലീസുകാരെ ഉപയോഗിച്ച് ആക്രമിക്കലടക്കമുള്ള പദ്ധതികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. തൃശ്ശൂര്‍ കുന്നംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് ക്രൂരമായി പോലീസ് ലോക്കപ്പില്‍ മര്‍ദിക്കപ്പെട്ട വിഷയത്തില്‍ നാളിതുവരെ വായ തുറക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ മകനെതിരെ സാമ്പത്തിക പരമായ കേസില്‍ ഇ.ഡി. സമന്‍സ് അയച്ചു,
കേരളത്തില്‍ യുവജന സംഘടനകളെയും പ്രതിപക്ഷ നേതാക്കളെയും അടിച്ചമര്‍ത്തുന്ന പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കും, യുവജന നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ക്കും മുഖ്യമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതുണ്ട്. സ്വന്തം നാട്ടിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രി, പ്രവാസികളുടെ നാട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നത് തികഞ്ഞ പ്രഹസനമാണ്.മുന്‍പ് വന്നപ്പോള്‍ നടത്തിയ പ്രസംഗത്തിലെ വാഗ്ദാനങ്ങളില്‍ ഒന്ന് പോലും നടപ്പിലാക്കിയട്ടില്ല, ലോക കേരള സഭ എന്ന് പറഞ്ഞു പ്രവാസികളുടെ പേരില്‍ ധൂര്‍ത്ത് നടത്തുന്ന പരിപാടി അല്ലാതെ എന്ത് ഗുണമാണ് പ്രവാസി സമൂഹത്തിനു അത് കൊണ്ട് ഉണ്ടായത്, പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ കിട്ടാന്‍ അപേക്ഷിച്ചിട്ടു ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍, ഇത്തരം വിഷയങ്ങളിലൊക്കെ ഒരു പരിഹാരവും കാണാതെ തെരഞ്ഞെടുപ്പു അടുത്ത വേളയില്‍ വീണ്ടും കപട വാഗ്ദാനം നല്‍കാന്‍ മാത്രമാണ് ഈ വരവ്,
കേരളത്തിലെ സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, ഭരണ സിരാകേന്ദ്രങ്ങളെ പോലും കളങ്കപ്പെടുത്തിയ അഴിമതി ആരോപണങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ച, വര്‍ധിച്ചു വരുന്ന ജനദ്രോഹ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് യു.ഡി.എഫ്. അനുകൂല പ്രവാസി സംഘടനകള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കുന്നത്.
കേരളത്തിന്റെ വികസനത്തെക്കുറിച്ചും, പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ചും വെറും വാക്ക് പറഞ്ഞു വാചാലനാകാന്‍ ഒരുങ്ങുന്ന മുഖ്യമന്ത്രി, ആദ്യം കേരളത്തിലെ സാധാരണക്കാരുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബഹ്റൈനില്‍ ഒരുക്കുന്ന എല്ലാ സ്വീകരണ പരിപാടികളില്‍ നിന്നും ഐ.വൈ.സി.സി. ബഹ്റൈന്‍ വിട്ടുനില്‍ക്കും. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തില്‍ വിയോജിപ്പുള്ള എല്ലാ പ്രവാസികളും ഈ ബഹിഷ്‌കരണത്തില്‍ പങ്കുചേരും എന്നാണ് മനസ്സിലാക്കുന്നത് എന്ന് ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
പിണറായി+ഗള്‍ഫ്




