തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞപ്പോള്‍ കലയോടൊപ്പം രാഷ്ട്രീയ വിവാദങ്ങളും തേക്കിന്‍കാട് മൈതാനത്തെ ചൂടുപിടിപ്പിച്ചു. കലോത്സവ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ 'താമര'യെ ഒഴിവാക്കി പകരം 'ഡാലിയ' എന്ന് പേര് മാറ്റിയത് വലിയ വിവാദമായിരുന്നു. എന്നാല്‍, ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ താമര നല്‍കി സ്വീകരിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇതിന് മറുപടി നല്‍കി.

കലോത്സവ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ താമരയുടെ പേര് വെട്ടിയത് രാഷ്ട്രീയ വിവേചനമാണെന്ന് ആരോപിച്ച് ബിജെപി യുവജന സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഡാലിയ എന്ന പേര് മാറ്റി താമര എന്ന പേര് തന്നെ വേദിക്കു നല്‍കാന്‍ സംഘാടകര്‍ ഒടുവില്‍ തീരുമാനിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ചടങ്ങിനെത്തിയ സുരേഷ് ഗോപിക്ക് ബിജെപി കൗണ്‍സിലര്‍മാര്‍ താമര പൂക്കള്‍ സമ്മാനിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സുരേഷ് ഗോപി മുതിര്‍ന്നില്ലെങ്കിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം മറന്നില്ല.

'ഇത് കുട്ടികളുടെ വേദിയാണ്. ഇവിടെ വെച്ച് രാഷ്ട്രീയ മറുപടികള്‍ നല്‍കുന്നില്ല. എല്ലാത്തിനും കൃത്യമായ മറുപടിയുണ്ട്, അത് ജനങ്ങള്‍ക്കറിയാം,' സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ച സുരേഷ് ഗോപി, വിജയം ആരുടെയും പരാജയത്തിന് മേലല്ലെന്ന് തിരിച്ചറിയണമെന്നും സമ്മാനം ലഭിക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ കണ്ണീരൊഴുക്കരുത് എന്നും ഉപദേശിച്ചു. വേദിയില്‍ മുഖ്യമന്ത്രി പുഞ്ചിരിയോടെയാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത് എന്നത് ശ്രദ്ധേയമായി.

രാവിലെ പത്ത് മണിയോടെയാണ് 25 വേദികളിലായി 15,000 കൗമാര പ്രതിഭകള്‍ പങ്കെടുക്കുന്ന കലാമാമാങ്കത്തിന് തുടക്കമായത്. തേക്കിന്‍കാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന് പേരിട്ടിരിക്കുന്ന പ്രധാന വേദിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 18-ന് സമാപിക്കുന്ന കലോത്സവത്തില്‍ 250 ഇനങ്ങളിലായി വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.