തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക വാദത്തിന് തൊട്ടുമുമ്പ് പിണറായി സര്‍ക്കാര്‍ കളം മാറ്റിച്ചവിട്ടുന്നു. 2018-ലെ വിധി നടപ്പാക്കാന്‍ ആവേശം കാട്ടി 'കൈപൊള്ളിയ' സര്‍ക്കാര്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് ഇപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പഴയ സത്യവാങ്മൂലത്തില്‍ അഭയം തേടുകയാണ്. യുവതീപ്രവേശനത്തെ തള്ളിപ്പറയാതെ തന്നെ ഭക്തരുടെ രോഷം തണുപ്പിക്കാന്‍ 'വിശ്വാസ കമ്മീഷന്‍' എന്ന മധ്യമാര്‍ഗ്ഗമാണ് സി.പി.എം പയറ്റുന്നത്. എന്നാല്‍, കോടതിമുറിയില്‍ സ്വന്തം വക്കീല്‍ തന്നെ സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടിയത് വന്‍ നാണക്കേടായി.

2007-ല്‍ വി.എസ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് പിണറായിക്ക് ഇപ്പോള്‍ ജീവവായുവാകുന്നത്. ശബരിമലയിലെ ആചാരമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഹിന്ദു പണ്ഡിതരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന ഒരു കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു അന്നത്തെ നിലപാട്. യുവതീപ്രവേശനത്തിന് അനുകൂലമായി വിധി വന്നപ്പോള്‍ 'നവോത്ഥാന നായകനായി' വിധി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ പിണറായി, പുനഃപരിശോധനാ വേളയില്‍ ഭക്തരുടെ വോട്ട് പോകാതിരിക്കാന്‍ പഴയ വി.എസ് ലൈനിലേക്ക് ചുവടുമാറ്റുകയാണ്. ഏപ്രില്‍ ഏഴിന് അന്തിമവാദം തുടങ്ങാനിരിക്കെ, മാര്‍ച്ച് 14-നകം സത്യവാങ്മൂലം നല്‍കി തടിതപ്പാനാണ് നീക്കം.

സര്‍ക്കാരിന്റെ ഈ രഹസ്യ നീക്കങ്ങള്‍ക്കിടയിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സുപ്രീം കോടതിയില്‍ വെടിപൊട്ടിച്ചത്. നോഡല്‍ ഓഫീസര്‍ നിയമനത്തിനിടയില്‍, കേരളം ഇതുവരെ പുനഃപരിശോധനയെ എതിര്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിലപാട് മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മൗനം പാലിച്ച് വഴുതിമാറാന്‍ നോക്കിയ സര്‍ക്കാരിന്റെ മുഖംമൂടി ഇതോടെ കോടതിയില്‍ അഴിഞ്ഞുവീണു. പുനഃപരിശോധനയെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ പ്രതിസന്ധി ഇരട്ടിയായിരിക്കുകയാണ്.

കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സുപ്രീം കോടതിയില്‍ വാദം നടക്കുന്നത് എന്നത് രാഷ്ട്രീയമായി ഏറെ നിര്‍ണ്ണായകമാണ്. നവോത്ഥാന മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് വരുത്തിത്തീര്‍ക്കുകയും എന്നാല്‍ ഭക്തരെ പിണക്കാതിരിക്കുകയും ചെയ്യുക എന്ന ദുഷ്‌കരമായ പണിയാണ് പിണറായിക്ക് മുന്നിലുള്ളത്. അമിക്കസ് ക്യൂറിമാരുടെ റിപ്പോര്‍ട്ട് കൂടി വരുന്നതോടെ സര്‍ക്കാരിന് കോടതിയില്‍ വ്യക്തമായ നിലപാട് പറയേണ്ടി വരും. കമ്മീഷന്‍ എന്ന 'സേഫ് ഗെയിം' കൊണ്ട് കോടതിയെ തൃപ്തിപ്പെടുത്താന്‍ പിണറായിക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ പുതിയ ഒന്പതംഗ ബെഞ്ച് അന്തിമവാദം കേള്‍ക്കും. ഏപ്രില്‍ ഏഴുമുതല്‍ 22 വരെയാണു വിശദമായ വാദംകേള്‍ക്കലിനു സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുതിയൊരധ്യായം തുറക്കുകയാണ്.

മാര്‍ച്ച് 14നോ അതിനു മുന്‌പോ കക്ഷികള്‍ അവരുടെ രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കേരള സര്‍ക്കാര്‍ അടുത്ത മാസം 14നു മുന്പായി നിലപാട് അറിയിക്കേണ്ടിവരും. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായാണു സുപ്രീംകോടതിയിലെ വാദമെന്നതിനു രാഷ്ട്രീയപ്രാധാന്യമുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണു സൂചന.

വിവിധ മതങ്ങളിലും ശബരിമല അടക്കമുള്ള ആരാധനാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കവേയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം. പുതിയ ഭരണഘടനാ ബെഞ്ചിലെ ഒന്പത് ജഡ്ജിമാരെ ചീഫ് ജസ്റ്റീസ് പിന്നീട് നിയമിക്കും. നേരത്തേ രൂപവത്കരിച്ച ഒന്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മാത്രമാണു ശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്നാണു കേസിലെ നടപടികള്‍ വൈകിയത്.

സുപ്രീംകോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാകും ഇനി പ്രധാനം. യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണു സുപ്രീംകോടതിയുടെ വിധിയുണ്ടായത്. യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരേയാണ് പുനഃപരിശോധനാ ഹര്‍ജി. ഒന്പതംഗ ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റീസ് പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും. എട്ടു ദിവസം വാദം കേട്ട് സമയബന്ധിതമായി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനാണു പുതിയ തീരുമാനം.