- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗം മാറ്റിവച്ചതിന് പിന്നിൽ ബാർ കോഴ ആരോപണ അന്വേഷണമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റിയത് ആശ്വാസമായത് പൊലീസ് ഉന്നതർക്ക്. സംസ്ഥാന പൊലീസ് മേധാവി, എ.ഡി.ജി.പി.മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച രാവിലെ 11.30-ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ചേരാനാണ് നിശ്ചയിച്ചിരുന്നത്. രണ്ടുദിവസംമുമ്പ് തീരുമാനിച്ച യോഗം ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ അസൗകര്യം കാരണം മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാകുന്നതിനാലാണ് യോഗം മാറ്റിയതെന്നാണ് വിവരം. സബ് കളക്ടർമാരുടെ യോഗംചേരാൻ തീരുമാനിച്ചതും കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. എന്നാൽ പൊലീസിനെതിരെ ഉയരുന്ന വിമർശനങ്ങളിലുള്ള അതൃപ്തി കാരണമാണ് യോഗം മാറ്റിയതെന്നും ആക്ഷേപമുണ്ട്. ബാർ കോഴയിൽ അടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന വിമർശനം ഉയരുമെന്ന വിലയിരുത്തലുമെത്തി. ഈ സാഹചര്യത്തിലാണ് യോഗം അവസാന നിമിഷം മാറ്റി വയ്ക്കുന്നത്.
ഗുണ്ടാ അക്രമങ്ങൾക്കെതിരേ പ്രതിപക്ഷം ഉൾപ്പെടെ വ്യാപക വിമർശനം ഉന്നയിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രി വിദേശത്തായിരുന്നു. മടങ്ങിയെത്തിയശേഷം വിളിച്ച ഉന്നതതലയോഗത്തിൽ ഗുണ്ടാ അക്രമങ്ങളും ക്രമസമാധാന സാഹചര്യങ്ങളും ചർച്ചചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിനിടെയാണ് ഉന്നത തലയോഗം വിളിച്ചത്. ഗുണ്ടാനേതാവിന്റെ വീട് സന്ദർശിച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. എം.ജി. സാബുവിന്റെ വിവരംകൂടി പുറത്തുവന്നതും പൊലീസിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിൽ ഗുണ്ട-പൊലീസ് ബന്ധം പുതിയ തലത്തിലെത്തി.
എം.ജി. സാബുവിനെ സസ്‌പെൻഡ്ചെയ്തുള്ള ഉത്തരവ് ചൊവ്വാഴ്ച രാവിലെതന്നെ പുറത്തിറങ്ങി. ജനങ്ങളുടെ സമാധാനജീവിതം അപകടത്തിലാക്കുന്ന നടപടികൾക്കെതിരേ പൊലീസ് സ്വീകരിക്കുന്ന നടപടികളെ ദുർബലപ്പെടുത്തുന്നതാണ് സാബുവിന്റെ പ്രവൃത്തിയെന്ന് ഉത്തരവിലുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സാബുവിനെ സസ്‌പെന്റ് ചെയ്തത്. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സാബു കാട്ടിയത് കടുംകൈയാണെന്ന വിലയിരുത്തലുമുണ്ട്. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്.
പൊലീസിന് സർക്കാർ നൽകിയ സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും ദുരുപയോഗപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൊലീസ് ഉന്നത തലയോഗത്തിൽ തന്റെ രോഷം മറച്ചു വയ്ക്കാതെ തന്നെ മുഖ്യമന്ത്രി പ്രകടിപ്പിക്കും എന്നായിരുന്നു വിലയിരുത്തൽ. മുഖ്യമന്ത്രി നൽകാൻ പോകുന്ന ശാസനാ വിരുന്നിനെ കുറിച്ച് പൊലീസ് സേനയിലുള്ളവർക്കും ബോധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയുമെന്ന ആശങ്കയിലായിരുന്നു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ പലരും. യോഗം മാറ്റിവയ്ക്കുമ്പോൾ പൊലീസിന് തന്നെയാണ് അതുകൊണ്ട് ആശ്വാസം.
പൊലീസിന് നാഥനില്ലാ എന്ന തരത്തിലെ ചർച്ചയ്ക്ക് കാരണമാകുന്ന പ്രവർത്തികൾ ഇനി അംഗീകരിക്കില്ലെന്ന സന്ദേശം ഇതിനോടകം തന്നെ പൊലീസ് ആസ്ഥാനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഉന്നത തലയോഗത്തിന് തൊട്ടു മുമ്പ് വിരമിക്കാൻ പോകുന്ന ഡിവൈഎസ് പി ഗുണ്ടാ നേതാവിന്റെ വിരുന്നിന് പോയി പിടിക്കപ്പെട്ടു. ഇതെല്ലാം പൊലീസിൽ കേട്ടു കേൾവിയില്ലാത്ത കാര്യം. പൊലീസ് അക്കാദമിയിൽ വനിതാ പൊലീസിനെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വാർത്തയും പൊതു സമൂഹത്തിന് മുന്നിലുണ്ട്. ഗുണ്ടകളുമായുള്ള ബന്ധത്തിനും പൊലീസിലെ വഴിവിട്ട ചിലരുടെ പോക്കിനും തെളിവാണ് ഈ രണ്ട് സംഭവങ്ങളും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസിന് മേൽ കർശനമായ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാർ അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി. ഇത് എല്ലാ അർത്ഥത്തിലും ദുരുപയോഗപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും. തുടർച്ചയായുള്ള ഗുണ്ടാ ആക്രമണങ്ങൾ കാരണം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന ആക്ഷേപങ്ങൾക്കുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അതാണ് മാറ്റിവയ്ക്കുന്നതും.