തിരുവനന്തപുരം: പിണറായി വിജയൻ തോക്ക് കണ്ട് പേടിച്ച പഴയ കഥ വീണ്ടും ചർച്ചയാക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ കണ്ണൂരിലെ ഛോട്ടാ നേതാവായിരുന്ന കാലത്തുകൊലക്കേസ് പ്രതിയെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ പോയ കഥ. പിണറായിയെ കൈകാര്യം ചെയ്തു നിലത്തിട്ട കണ്ണൂർ എ എസ് പി റിവോൾവർ നെഞ്ചിനു നേരേ ചൂണ്ടി. പേടിച്ചരണ്ട പിണറായി രക്ഷപ്പെട്ടു-ഇതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാതെ പറഞ്ഞ കഥ. ഈ യുവ ഐപിഎസുകാരൻ ആരാണെന്നതാണ് ഉയരുന്ന ചോദ്യം. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഈ പഴയ കഥ ചർച്ചയാകുന്നുണ്ട്. ഒരാൾ ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ. മറ്റൊരാൾ ഇപ്പോഴത്തെ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി. ഗവർണ്ണറുടെ പരാമർശത്തിൽ ഇവർ രണ്ടു പേരും ഇതുവരെ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

1976 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവി ഇന്റലിജൻസ് ബ്യൂറോ സ്‌പെഷൽ ഡയറക്ടർ ആയിരിക്കെ 2012ലാണു വിരമിച്ചത്. നാഗാ കലാപകാരികളുമായി കേന്ദ്ര സർക്കാരിനു വേണ്ടി സമാധാനചർച്ച നടത്തിയതും ഒത്തുതീർപ്പു കരാറിനു നേതൃത്വം നൽകിയതും രവിയാണ്. രവിയും കണ്ണൂരിൽ ജോലി നോക്കിയിട്ടുണ്ട്. ഡോവലിനെ പോലെ ഇന്ത്യയുടെ സുരക്ഷയിൽ നിർണ്ണായക ഇടപെടൽ നടത്തി ഉദ്യോഗസ്ഥനാണ് രവിയും. നാഗാലാണ്ടിൽ ആദ്യം ഗവർണ്ണറായി. പിന്നീട് തമിഴ്‌നാട്ടിലും. എന്നാൽ രവി തോക്കെടുത്ത കഥ മാധ്യമങ്ങളൊന്നും ചർച്ചയാക്കിയിട്ടില്ല. എന്നാൽ ഡോവൽ വാദം പലപ്പോഴും ചർച്ചയാവുകയും സിപിഎം പുച്ഛിച്ചു തള്ളുകയും ചെയ്തതാണ്.

എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവൽ ഒരു തവണ, അന്നത്തെ പിണറായി വിജയനെ കൈയോടെ പിടികൂടിയെന്നും, നെറ്റിക്ക് തോക്ക് ചൂണ്ടിയെന്നുമാണ് മുമ്പ് വീക്ഷണത്തിൽ പ്രസിദ്ധീകരിച്ച വാർത്ത പറയുന്നത്. സമാധാനപ്രസംഗത്തിന്റെ പേരിൽ വിദ്വേഷ പ്രസംഗം നടത്താൻ ശ്രമിച്ചപ്പോൾ അയിരുന്നു ഡോവലിന്റെ നടപടിയെന്നും റിപ്പോർട്ട് പറയുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പിണറായിയെ ഡോവൽ സാഹസികമായാണ് പിടികൂടിയതെന്നും തുടർന്ന് മാപ്പു പറഞ്ഞ് പിണറായി തടിയൂരുകയായിരുന്നെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്ത കോൺഗ്രസിനൊപ്പം സംഘപരിവാർ അണികളും വൈറൽ ആക്കി, സ്വർണ്ണ കടത്ത് കേസ് ചർച്ചയായപ്പോഴായിരുന്നു വാർത്തയും ചർച്ചയും.

എന്നാൽ ഇങ്ങനെയാരു സംഭവം കേട്ടുകൾവിപോലുമില്ലെന്നും അന്ന് പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയാണെന്നും സൈബർ സഖാക്കൾ മറുപടിയും നൽകി. മാത്രമല്ല തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ പ്രദേശത്ത് സമാധാനം ഉറപ്പിക്കുന്നതിൽ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പങ്ക് എടുത്തുപറയുന്നുണ്ട്. തലശ്ശേരി കലാപത്തിൽ ആർഎസ്എസിനെ പേരെടുത്ത് വിമർശിക്കുന്ന കമ്മീഷൻ, കോൺഗ്രസിന്റെ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തക്ക് ആധികാരികമായി വീക്ഷണം പറയുന്നത് എം വി രാഘവൻ ഈ സംഭവം പറഞ്ഞുവെന്നതാണ്. എന്നാൽ രാഘവൻ ഇത് പൊതുവേദികൽ എവിടെയും പറഞ്ഞതായി ആരും കേട്ടിട്ടില്ല. രാഘവന്റെ അത്മകഥയായ 'ഒരു ജന്മം' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നില്ല-ഇതൊക്കെയായിരുന്നു സൈബർ സഖാക്കളുടെ വാദം.

സിപിഎമ്മിനെ അടിക്കാൻ ഇത്രയും വലിയ വടി കിട്ടിയിട്ടും ഇത്രയും കാലം എതിരാളികൾ മിണ്ടാതിരുന്നതെന്നും, അതുതന്നെ വീക്ഷണം വാർത്ത പച്ചക്കള്ളമാണെന്നതിന്റെ തെളിവാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. 1970ൽ തന്റെ 27ാമത്തെ വയസ്സിൽ എംഎൽഎ ആയ വ്യക്തിയാണ് പിണറായി വിജയൻ. ആർഎസ്എസ് ആക്രമണത്തെ എതിർത്ത് ഊരിപ്പിടിച്ച കത്തികൾക്കിടയിലുടെ നടന്നുപോയ തടക്കമുള്ള വാർത്തകൾ തന്നെയാണ് പിണറായിയുടെ രാഷ്ട്രീയ മൂലധനം. അത് പൊളിക്കാൻ കിട്ടിയ ഒരു അവസരം ഇത്രയും കാലം എതിരാളികൾ ഉപയോഗിക്കാഞ്ഞത് എന്താണെന്നാണ് സൈബർ സഖാക്കൾ അന്ന് ചോദിച്ചിരുന്നു. എന്നാൽ ഈ കഥയിലെ യഥാർത്ഥ ഓഫീസർ ആർ എൻ രവിയാണെന്ന ചർച്ചകളുമുണ്ട്.

കണ്ണൂരിൽ തോക്ക് ചൂണ്ടിയത് രവിയോ?

കണ്ണൂരിൽ എസ് പിയായിരുന്നു രവിയത്രേ. ഈ സമയം കണ്ണൂരിൽ വലിയ അക്രമങ്ങളുണ്ടായി. ഇത് അതിശക്തമായി തന്നെ പൊലീസ് അടിച്ചമർത്തി. ഇതിനിടെ എസ് പി ഓഫീസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി എത്തിയത്രേ. എസ് പിയുടെ ഓഫീസിലേക്ക് ഇടിച്ചു കയറി മശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതോടെ എസ് പി കോപാകുലനായി. സർവ്വീസ് റിവോൾവർ ലോഡ് ചെയ്തു. പിന്നീട് നടന്നതെല്ലാം രവിയുടെ ഷോ ആയിരുന്നത്രേ. പിണറായിയെ ഓഫീസിൽ കയറി അതിക്രമിച്ചാൽ എന്തു സംഭവിക്കുമെന്ന് എസ് പി ഓർമിപ്പിച്ചു. അതിന് ശേഷം എഴു വരെ എണ്ണി. ഇതിനിടെ പിണറായി പുറത്തു പോയെന്നുമാണ് കഥ. എന്നാൽ ഇതൊന്നും രവിയോ പിണറായിയോ സ്ഥിരീകരിക്കാത്ത കാര്യങ്ങളാണ്.

വീക്ഷണത്തിന്റെ പഴയ വിവാദ വാർത്ത ഇങ്ങനെയാണ്

'എഴുപതുകളിൽ തനിക്കു നേരെ തോക്ക് ചൂണ്ടിയ ഐപിഎസ് ഓഫിസർ വീണ്ടും കളത്തിലിറങ്ങുമ്പോൾ പിണറായി വിജയന് മുട്ടുവിറയ്ക്കുമോ ? സ്വർണക്കള്ളക്കടത്ത് കേസ് എൻ ഐ എ ഏറ്റെടുക്കുമ്പോൾ സംശയത്തിന്റെ നിഴലിലായ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവം.

എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവലാണ് പിണറായിയെ കയ്യോടെ പിടികൂടിയത്. അക്രമ മേഖലയിൽ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പുറമെ സമാധാന പ്രസംഗം നടത്തി വിഷയം ആളിക്കത്തിക്കാനാണ് അന്നത്തെ സിപിഎം നേതൃത്വം ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് എ എസ് പിയായി എത്തിയ അജിത് ഡോവൽ രണ്ടാം ദിവസം തന്നെ പിണറായി വിജയനെ പിടികൂടിയത്. പൊലീസിന്റെ പിടിയിൽ നിന്നും കുതറി ഓടാൻ ശ്രമിച്ച വിജയനെ അജിത് ഡോവൽ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ പിന്നെ തനിക്ക് മറ്റൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടിയെന്നാണ് സാക്ഷികൾ പറയുന്നത്. തുടർന്ന് മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞെന്നും ചരിത്രം. ഇക്കാര്യം അന്നത്തെ സി പി എം നേതാവായിരുന്ന എം വി രാഘവൻ പില്ക്കാലത്ത് പങ്കുവെച്ചിരുന്നു.

1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. പത്തുവർഷം ഐ ബി യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്ന അജിത് നിലവിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. എൻ ഐ എ അന്വേഷിക്കുന്ന കേസിൽ അജിതിന് പ്രധാന റോൾ ഉണ്ടെന്ന് ചുരുക്കം. കേവലം കള്ളക്കടത്ത് മാത്രമല്ല എൻഐഎ പരിഗണിക്കുക; ദേശസുരക്ഷ, രാജ്യാന്തര ബന്ധം എന്നിവയും അന്വേഷിക്കും. അന്നത്തെ അജിത് ഡോവൽ പിന്നീട് മോദിക്കും അമിത്ഷായ്ക്കും പ്രിയപ്പെട്ടവനായി മാറിയെന്നതും ചരിത്രം. അതുപോലെ, പിണറായിയോടുള്ള മനോഭാവത്തിലും മാറ്റം വന്നോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

നിലവിൽ കേന്ദ്ര സർക്കാറുമായി രാഷ്ട്രീയേതര അടുപ്പം സൂക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മോദിയുടെ വിശ്വസ്തനായ ലോക് നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും പിണറായിക്കും മോദിക്കും ഇടയിലുള്ള പാലമാണ്. ഈ അടുപ്പം ഉപയോഗിച്ചാണ് എസ് എൻ സി ലാവ് ലിൻ കേസ് വൈകിപ്പിച്ച് അട്ടിമറിക്കുന്നത്. കോൺഗ്രസ് വിരുദ്ധ സർക്കാറുകൾ എന്ന മുദ്രാവാക്യം ഉയർത്തുന്ന അമിത് ഷായ്ക്കും നിലവിൽ പിണറായിയോട് എതിർപ്പില്ല. ഷായുടെ നയം നടപ്പാക്കാൻ, സിപിഎം നിലപാടിന് വിരുദ്ധമായി സ്വന്തം പ്രവർത്തകരെ മാവോയിസ്റ്റുകളാക്കി യുഎപിഎ കേസുകൾ ചുമത്തിയാണ് പിണറായി തന്റെ ഭക്തി പ്രകടിപ്പിക്കുന്നത്.

അതേ രസതന്ത്രം സ്വർണ്ണക്കടത്ത് കേസിൽ പ്രയോഗിക്കപ്പെട്ടാൽ പിണറായി സർക്കാറിന്റെ ഇടപെടലുകളെ എൻഐഎ കണ്ടില്ലെന്ന് നടിക്കും. മറിച്ച് അജിത് ഡോവൽ സ്വതന്ത്രമായി ഇടപെട്ടാൽ ഒരിക്കൽക്കൂടി വിജയന്റെ മുട്ടുവിറയ്ക്കും. 71 ൽ തോക്കിന് മുന്നിൽ മുട്ടുവിറച്ച വിജയനെ വീണ്ടും കാണേണ്ടി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.'- ഇങ്ങനെയാണ് വീക്ഷണം വാർത്ത അവസാനിക്കന്നത്.

തെറ്റായ ചില പ്രചാരണങ്ങൾ

തലശ്ശേരി കലാപം നിയന്ത്രിക്കുമ്പോൾ കൂത്തുപറമ്പ് എംഎ‍ൽഎ കൂടിയായ പിണറായി വിജയനെ അവിടെ എ.എസ്‌പിയായെത്തിയ ഡോവൽ തോക്ക് ചൂണ്ടി ജയിലിലടച്ചുവെന്നൊരു വ്യാജ പ്രചാരണം ഇപ്പോൾ സോഷ്യൽ മീഡിയയിലും ഹിന്ദിയടക്കമുള്ള ചില അന്യഭാഷാ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.അതൊരു തെറ്റായ പ്രചാരണമാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

അക്കാലത്ത് ചില പൊലീസ് ഓഫീസർമാർ പ്രശ്‌നക്കാരായി മാറാറുണ്ടായിരുന്നു. 1972 ജനുവരി മുതൽ ആറുമാസക്കാലം ഡോവൽ അവിടെ ഉണ്ടായിരുന്നെങ്കിലും ഒരു വിവാദത്തിലും പെട്ടിരുന്നില്ല. മാത്രമല്ല കലാപകാലത്ത് ആരും പിണറായിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുമില്ല. കലാപം അവസാനിപ്പിക്കാൻ ധീരമായി മുന്നിട്ടിറങ്ങിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ തിളങ്ങുന്ന അദ്ധ്യായവുമാണ്.ഡോവലിനെ ഒരിക്കൽ താൻ കണ്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.' അന്ന് ഒരു സ്‌കൂളിനു മുന്നിൽ ഞങ്ങൾ സമരത്തിനു നിൽക്കുമ്പോൾ ഡോവൽ അവിടെ ജീപ്പിൽ വന്നിറങ്ങി. നിങ്ങൾ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു.പഠിപ്പുമുടക്കാനാണെന്ന് മറുപടി നൽകിയപ്പോൾ നിങ്ങളെ കണ്ടാൽ ഇവിടെ പഠിക്കുന്നവരാണെന്ന് തോന്നുന്നില്ലോയെന്ന് പറഞ്ഞു. ഞാൻ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്ന് പറഞ്ഞ് അദ്ദേഹം പോയി.' വേറെ ഒരു ഓർമ്മയുമില്ല.

പിണറായിക്കെതിരായ പ്രചാരണം ഡോവൽ തന്നെ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.'പിണറായി വിജയൻ എന്ന വ്യക്തിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അറിയാം.ഞാൻ അജിത് ഡോവലാണെന്നും അറിയാം. അല്ലാതെ ഒന്നുമറിയില്ല ' എന്നാണ് ഡോവൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത് .-കോടിയേരി വ്യക്തമാക്കിയിരുന്നു.