- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി അടച്ചിട്ടാലും ആളുകൾ ബുദ്ധിമുട്ടിയാലും വേണ്ടില്ല ഡോക്ടർമാർ ഘോഷയാത്രയിൽ പങ്കെടുക്കണം; സെറ്റ് സാരിയൊക്കെ ഉടുത്ത് സ്റ്റൈലായി വരണം; ഡാൻസ് അറിയാവുന്നവർ ഡാൻസ് കളിക്കണം; സർക്കാരിന്റെ രണ്ടാം വാർഷികാഘാഷത്തിന് കോട്ടയത്ത് ആളെ കൂട്ടുന്നത് ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ടാക്കിയിരിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ മാസം 25 ന് തുടങ്ങിയ ആഘോഷങ്ങൾ മെയ് 20 വരെ തുടരും. 140 നിയോജകമണ്ഡലങ്ങളിലും 14 ജില്ലകളിലും റാലികളും വീടുകളിൽ ലഘുലേഖ വിതരണവും ഒക്കെ നടന്നുവരികയാണ്. റാലികളിലും, ഘോഷയാത്രകളിലും ആളെ കൂട്ടുകയാണല്ലോ വലിയ വെല്ലുവിളി. കോട്ടയത്തെ ആളുകൂട്ടലിന്റെ ചില വിശേഷങ്ങളാണ് ഇനി പറയുന്നത്. കോട്ടയത്ത് 16,17,18 തീയതികളിലാണ് റാലിയും സമ്മേളനവും ഒക്കെ പൊടിപൊടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലും മറ്റും സന്ദേശങ്ങൾ പറക്കുന്നു. അങ്ങനെയൊരു സന്ദേശം ഇതാ വായിക്കാം:
നാളെ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഘോഷയാത്രയുണ്ട്. എല്ലാ വാർഡുകളിൽ നിന്നും, ഒരുവാർഡിൽ നിന്നും കുറഞ്ഞത്, അഞ്ചുപേരെ വീതം മെമ്പർമാർ പങ്കെടുപ്പിക്കണം. രണ്ടു വാഹനങ്ങൾ ആളുകൾക്ക് പോകാനായി അറേഞ്ച് ചെയ്തിട്ടുണ്ട്. ഹരിതകർമസേനക്കാർ അവരുടെ സ്വന്തം യൂണിഫോമിലാണ് വരുന്നത്. ഒരുവാർഡിൽ നിന്ന് കുടുംബശ്രീക്കാരായി പങ്കെടുക്കുന്ന ആളുകൾ, സെറ്റ് സാരി അങ്ങനെ യൂണിഫോമിൽ പോകുന്നതാണ് നല്ലതെന്നാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ യോഗത്തിൽ അറിയിച്ചത്. അങ്ങനെ നൂറുപേർ പഞ്ചായത്തിൽ നിന്ന് പങ്കെടുക്കണം. ഇതിനായി മെമ്പർമാർ ഇടപെടണം.
കുടുംബശ്രീക്കാരും, ഹരിതകർമസേനക്കാരും മാത്രമാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നതെന്ന തെറ്റിദ്ധാരണ വേണ്ട. രണ്ടാം വാർഷികാഘോഷത്തിന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ അടക്കം ഉദ്യോഗസ്ഥരെ ആളെണ്ണം കൂട്ടാൻ നാളെ കോട്ടയത്തേക്ക് വിളിച്ചുവരുത്തുകയാണ്. ഇതിനായി ഉത്തരവുകളും അതാത് മൃഗാശുപത്രികളിൽ എത്തിക്കഴിഞ്ഞു.
ജില്ലാ തല ആഘോഷപരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് നാളെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്കാണ് ഡോക്ടർമാരെ അടക്കം വിളിച്ചുകൂട്ടുന്നത്. ദുരെ ദിക്കുകളിൽ നിന്നു വരുന്നവർ രാവിലെ ആശുപത്രി ഒന്നുതുറന്ന് അടയ്ക്കണം, അത്രയേ വേണ്ടു. ഉച്ചയ്ക്ക് മുമ്പേ എല്ലാവരും, സ്വന്തം വാഹനത്തിലോ, വാടകയ്ക്ക് എടുത്ത വാഹനത്തിലോ കോട്ടയം ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. കാരണം തിരുനക്കര മൈതാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് എല്ലാവരും ഒത്തുകൂടണമെന്നാണ് മാർഗ്ഗനിർദ്ദേശം. ഘോഷയാത്രയ്ക്ക് ശേഷം മുഴുവൻ ജീവനക്കാരും നാഗമ്പടം മൈതാനത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുടക്കമില്ലാതെ പങ്കെടുക്കണം.
സംഭവം എന്റെ കേരളം 2023 പ്രദർശന വിപണ മേളയാണ്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് മേള. മൃഗസംരക്ഷണ വകുപ്പിലെ എല്ലാ ജീവനക്കാരും നിർബന്ധമായി പങ്കെടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. അതുകൊണ്ട് തീർന്നില്ല കാര്യങ്ങൾ.മെയ് 18 ന് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന സെമിനാറിൽ വകുപ്പിന്റെ കീഴിലുള്ള എല്ലാ മൃഗാശുപത്രികളിൽ നിന്നും 5 കർഷകരെ വീതം സെമിനാറിൽ പങ്കെടുപ്പിക്കണം. കർഷകരെ പങ്കെടുപ്പിക്കുന്നതിനുള്ള ചുമതല അതാതു മൃഗാശുപത്രികളിലെ ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർമാർക്കായിരിക്കും. കർഷകർക്കൊപ്പം ഇൻസ്പക്ടർമാരും സെമിനാറിൽ ഹാജരായിരിക്കണം.
ആശുപത്രി അടച്ചിട്ടുള്ള ഘോഷയാത്രയും, സെമിനാറും ഒക്കെ ഇതാദ്യമാണെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. രണ്ടാം വാർഷികത്തിന്റെ പേരിൽ സാധാരണക്കാർക്കുള്ള സേവനം നിഷേധിക്കുന്നത് ശരിയല്ലെന്നും ഒരുവിഭാഗം ഡോക്ടർമാർ പറയുന്നു. എന്തായാലും, ദോഷം പറയരുതല്ലോ, എല്ലാ താലൂക്കുകളിലെയും, വെറ്റിനറി സർജനെയും, സീനിയർ വെറ്റിനറി സർജന്മാരെയും അറ്റൻഡർമാരെയും പരിപാടിയിൽ നിന്ന് ഒഴിവാക്കാനുള്ള സൗമനസ്യം സർക്കാർ കാണിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, 16 ഉം 18 ഉം ഒക്കെ ആശുപത്രി അടച്ചിട്ട് ഘോഷയാത്രയ്ക്കും, സെമിനാറിനും ഒക്കെ പോകേണ്ട ഗതികേടിലാണ് മൃഗസംരക്ഷണ വകുപ്പടക്കം മിക്ക വകുപ്പിലെയും ജീവനക്കാരും. ആരോട് പറയാൻ, ആരുകേൾക്കാൻ എന്നാണ് ജീവനക്കാർ പറയുന്നത്.
അടിക്കുറിപ്പ്: ഘോഷയാത്രയിൽ നൃത്തം ചവിട്ടാനും ചില ഡോക്ടർമാരോടും, ജീവനക്കാരോടും നിർദ്ദേശിച്ചിട്ടുണ്ടത്രേ. സർക്കുലർ ഇല്ലെങ്കിലും, പാവം ജീവനക്കാർ ഡാൻസ് പ്രാക്ടീസിന്റെ തിരക്കിലാണ്.
മറുനാടന് മലയാളി ബ്യൂറോ