- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14ന് തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനില്‍; 19ന് മടങ്ങിയെത്തി 22ന് മസ്കറ്റില്‍ പോകും; 26ന് വീണ്ടും കൊച്ചിയില്‍; 28ന് വീണ്ടും ഖത്തറിലേക്ക്; 30ന് വീണ്ടും തിരുവനന്തപുരത്ത് വന്ന് നവംബര്‍ 5ന് കുവൈറ്റിലേക്ക് പറക്കും; പിന്നെ അഞ്ചു ദിവസം ദുബായില്‍; 11ന് മടക്കം; വീണ്ടും നവംബര്‍ 30ന് ദുബായ് യാത്ര! അതിവിചിത്രം ഈ ഗള്‍ഫ് പര്യടനം; നേട്ടം വിമാന കമ്പനികള്‍ക്ക്! ഈ പിണറായി ഷെഡ്യൂളിന്റെ ഭാരം ഖജനാവിന് മാത്രം
കൊച്ചി: എങ്ങനെ ഖജനാവിനെ മുടുപ്പിക്കാം എന്നതിന് തെളിവായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് യാത്രാ പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ഈ മാസം 14 മുതല്‍ ഡിസംബര്‍ 1 വരെ നടക്കും. എന്നു വച്ച് ഒറ്റ ട്രിപ്പല്ല. വന്നു പോയിയും പിണറായിയുടെ ഗള്‍ഫ് പര്യടനം. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടം വിമാന ടിക്കറ്റ് ഇനത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിനുണ്ടാകും. പുറത്തു വന്ന യാത്ര പദ്ധതിയില്‍ അടിമുടി പ്രശ്‌നങ്ങളുമുണ്ട്. യാത്ര നടക്കുമോ എന്നത് ഇനിയും ഉറപ്പില്ലാത്ത കാര്യമാണ്. ഇപ്പോഴുള്ള ഷെഡ്യൂള്‍ പ്രകാരമാണെങ്കില്‍ ഖജനാവിന് ക്ഷീണം ഉറപ്പാണ്. മനോരമയാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. മനോരമ വാര്‍ത്ത ശരിയാണെങ്കില്‍ ഖജനാവില്‍ നിന്നും വലിയൊരു തുക വിമാന ടിക്കറ്റ് ഇനത്തില്‍ തീരും.
വിദേശയാത്രയ്ക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും വിവിധ രാജ്യങ്ങളില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 14നു രാത്രി തിരുവനന്തപുരത്തുനിന്നു ബഹ്‌റൈനിലേക്കെത്തും. 16നു വൈകിട്ട് 5നു പ്രവാസി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും. ബഹ്‌റൈനില്‍നിന്നു റോഡ് മാര്‍ഗം സൗദിയിലേക്കു പോകാനാണു പദ്ധതിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെ ആശ്രയിച്ചിരിക്കും യാത്ര.
സൗദിയില്‍ ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണു പരിപാടികള്‍ തീരുമാനിച്ചിട്ടുള്ളത്. 19നു കൊച്ചിയിലേക്കു തിരിക്കും. സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ 16നുതന്നെ ബഹ്‌റൈനില്‍ നിന്നു മടങ്ങുന്നതിനുള്ള പ്ലാന്‍ ബിയും ഉണ്ട്. അതായത് 14ന് രാത്രി ഗള്‍ഫിലേക്ക് പോകുന്ന മുഖ്യമന്ത്രി എങ്ങനെയായലും 19ന് കേരളത്തില്‍ കാണും. അതിന് ശേഷം വീണ്ടും 22നു രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്കു പോകും. 24ന് അവിടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. 25നു സലാലയിലെ സമ്മേളനത്തില്‍ക്കൂടി പങ്കെടുത്തശേഷം 26നു കൊച്ചിയിലേക്കു തിരിക്കും. അതായത് നാലു ദിവസത്തിനുള്ളില്‍ വീണ്ടും കേരളത്തില്‍ പിണറായി എത്തും. അങ്ങനെ എത്തുന്ന മുഖ്യമന്ത്രി വീണ്ടും ഗള്‍ഫിലേക്ക് പറക്കും.
28നു രാത്രി കൊച്ചിയില്‍നിന്നു ഖത്തറിലേക്ക് എത്തുന്ന മുഖ്യമന്ത്രി 30നു വൈകുന്നേരം 5ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 30നു രാത്രി തിരുവനന്തപുരത്തേക്കു മടങ്ങും. നവംബര്‍ 5നാണ് അടുത്ത യാത്ര. 7ന് വൈകുന്നേരം 5ന് കുവൈത്തിലെ പരിപാടി. ഇവിടെ നിന്ന് അബുദാബിയിലേക്കു പോയി 5 ദിവസം അവിടെ തുടരും. നവംബര്‍ 8നു വൈകുന്നേരം 5നാണ് അബുദാബിയിലെ പരിപാടി. നവംബര്‍ പത്തിനല്ലെങ്കില്‍ 11നായിരിക്കും മടക്കം. മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണ്‍ അബുദാബിയിലെ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ യാത്ര എന്നുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പില്ല.
ഏതായാലും നവംബറില്‍ കേരളത്തില്‍തിരിച്ചെത്തുന്ന മുഖ്യമന്ത്രി നവംബര്‍ 30നു വീണ്ടും ദുബായില്‍ എത്തുന്ന മുഖ്യമന്ത്രി വീണ്ടും മകന്റെ അടുത്തേക്ക് തന്നെ പോകും. ഡിസംബര്‍ 1നു ദുബായില്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാനായിരിക്കും ഇത്. അതായത് ഗള്‍ഫ് പര്യടനം ഏതാണ്ട് 45 ദിവസത്തില്‍ അധികമുണ്ടാകും. സാധാരണ ഗതിയില്‍ ഭരണാധികാരികള്‍ പരമാവധി കരുതലോടെയാകും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുക. എല്ലാം ചേര്‍ത്ത് ഏഴു ദിവസം കൊണ്ട് തീര്‍ക്കാവുന്നതാണ് ഈ പരിപാടികള്‍. കൂടി പോയാല്‍ പത്ത് ദിവസം. ഇതാണ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് വലിച്ചിഴച്ച് ഒന്നര മാസത്തെ പര്യടനമാകുന്നത്.
മുഖ്യമന്ത്രിക്കൊപ്പം വലിയൊരു സംഘം തന്നെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഭാര്യ യാത്ര ചെയ്യുമെന്ന് ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ ഈ സംഘത്തിന് എല്ലാം വിമാന ടിക്കറ്റ് ഇനത്തില്‍ വന്‍ തുക ഖജനാവില്‍ നിന്നും പോകും. കരുതലോടെ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കില്‍ ടിക്കറ്റ് തുകയില്‍ വലിയ ആശ്വാസം കേരളത്തിന് വരുമായിരുന്നു.