- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരവിളക്ക് സുരക്ഷാത്തിരക്കിനിടയിൽ ആറന്മുളയിലേക്ക് മുഖ്യമന്ത്രിയുടെ വരവ്; ഏതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആശയക്കുഴപ്പം; മകരവിളക്കിലോ മുഖ്യമന്ത്രിയുടെ സന്ദർശനത്തിലോ? ആകെ വലഞ്ഞ് കേരളാ പൊലീസ്: പിണറായി എത്തുന്നത് കോഴഞ്ചേരി ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന്
പത്തനംതിട്ട: ശബരിമലയിലെ മകര വിളക്കിനോട് അനുബന്ധിച്ച് മൂന്നു ജില്ലകളിൽ സുരക്ഷ ഒരുക്കാൻ കേരളാ പൊലീസ് നെട്ടോട്ടം ഓടുകയാണ്. ഏറ്റവുമധികം സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പൊലീസ് പെടാപ്പാട് പെടുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലയിൽ എത്തും.
മുഖ്യമന്ത്രിയുടെ സന്ദർശനം പൊലീസിന് കീറാമുട്ടിയായിരിക്കുകയാണ്. ശബരിമലയിൽ കർശന സുരക്ഷയ്ക്ക് പൊലീസിനെ വേണം. അതിനൊപ്പം തന്നെ സുരക്ഷ മുഖ്യമന്ത്രിക്കും വേണം. രണ്ടിനും കൂടി ആളെ തികച്ച് ഏകോപിപ്പിക്കാൻ പൊലീസ് പെടുന്ന പാട് ചില്ലറയല്ല. സേനയിൽ ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പക്ഷേ, എന്തും പറഞ്ഞിട്ടും കാര്യമില്ല. വരുന്നത് പിണറായിയാണ്. അദ്ദേഹം പൊലീസ് മന്ത്രിയാണ്.
സിപിഎം കോഴഞ്ചേരി ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി വരുന്നത്. വൈകിട്ട് മൂന്നിന് ആറന്മുള എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് പരിപാടി. ഇതിനായി ഗതാഗത പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ വിവരം ദേശാഭിമാനി പത്രത്തിൽ അല്ലാതെ മറ്റൊരിടത്തും കണ്ടില്ല. തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കോഴഞ്ചേരിയിലുള്ള മറ്റ് പത്രങ്ങളുടെ ലേഖകർ പറയുന്നത്.
ആർഭാട രഹിതമായിട്ടാണ് ഉദ്ഘാടന ചടങ്ങ്. പത്രങ്ങൾക്ക് പോലും വാർത്ത കൊടുത്തിട്ടില്ല. മുഖ്യമന്ത്രി വരുന്ന പരിപാടിയായിട്ടു കൂടി കാടിളക്കിയുള്ള പ്രചാരണമില്ല. ആകെയുള്ളത് ദേശാഭിമാനി പത്രത്തിലെ ഒരു പേജ് സപ്ലിമെന്റാണ്. ഗതാഗത ക്രമീകരണം പാർട്ടിക്കാർ തന്നെ ഏറ്റെടുത്തിരിക്കുന്നുവെന്നാണ് അറിയുന്നത്. പൊലീസിന്റേതായി ഔദ്യോഗിക അറിയിപ്പൊന്നും ഇല്ല.
വയൽ നികത്തിയ സ്ഥലത്താണ് ഏരിയാ കമ്മറ്റി ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. സ്ഥലത്തെച്ചൊല്ലി തർക്കങ്ങളും വിവാദങ്ങളും ഏറെയുണ്ടായിരുന്നു. കേസും വഴക്കുമൊക്കെ കഴിഞ്ഞാണ് ഇവിടെ കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്താണ് കെട്ടിടം. നവംബർ മാസത്തിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് പിണറായിക്ക് സമയം കിട്ടാത്തത് കാരണം മാറ്റി. പിന്നെ കിട്ടിയ തീയതി ഇന്നാണ്.
അത് മകരവിളക്കിന്റെ പേരിൽ മാറ്റി വയ്ക്കാൻ സിപിഎമ്മോ മുഖ്യമന്ത്രിയോ തയാറല്ല. മറ്റെവിടെയോ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിക്ക് ഇവിടെ എത്തി ഉദ്ഘാടനം നിർവഹിച്ച് മടങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് കാരണം തങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നുണ്ടെങ്കിലും സേനയ്ക്കുള്ളിലെ പൊലീസുകാർക്ക് അതൃപ്തിയുണ്ടെന്നാണ് വെളിയിൽ വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ