തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പോകുമ്പോൾ ഉയരുന്നത് വിവാദം. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ യൂറോപ്പിൽ പോയി പ്രളയാനന്തര സംവിധാനത്തെ കുറിച്ച് പഠിച്ചിരുന്നു. പക്ഷേ ഒന്നും കണ്ടില്ലെന്നതാണ് വസ്തുത. ഇതേ സമയം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും യൂറോപ്പിലേക്ക് പോകും. ഇതിന് പിന്നിൽ ചില സംശയങ്ങളും ഉയരുന്നുണ്ട്.

ലണ്ടനിലേക്കാണ് മുഖ്യമന്ത്രിയും മഹമ്മദ് റിയാസും പോകുന്നതെന്നാണ് വസ്തുത. മുഖ്യമന്ത്രി ലണ്ടനിൽ വരുന്നുണ്ടെന്ന് മാസങ്ങൾക്ക് മുമ്പേ അവിടെ പ്രചരണം ശക്തമായിരുന്നു. മസാലാ ബോണ്ടിൽ അടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുന്നുണ്ട്. ഇതിനിടെയാണ് ലണ്ടനിലേക്ക് ഈ സംഘം എത്തുന്നത്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ചില ചർച്ചകൾ ലണ്ടനിൽ നടക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പോകുന്നതിനു മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക് പോവുകയാണ്. യൂറോപ്പിലാണ് റിയാസിന്റേയും യാത്ര.

റിയാസും സംഘവും ടൂറിസം മേളയിൽ പങ്കെടുക്കാൻ പാരിസിലേക്കാണു പോകുന്നത്. സെപ്റ്റംബർ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ഖജനാവിൽ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഈ യാത്രകൾ. അതേസമയം, വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്.

നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശിച്ചിരുന്നു. അന്ന് വേണു രാജാമണിയാണ് പ്രളയാനന്തര കേരളത്തെ സജ്ജമാക്കുന്നതിന് ആ യാത്രയ്ക്ക് പിന്നിൽ നിന്നത്. ഇന്ന് വേണു രാജാമണി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയാണ്. യൂറോപ്പിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയെ വേണു രാജാമണിയും അനുഗമിക്കാൻ സാധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ യാത്രയോട് അനുബന്ധിച്ച് റിയാസും വിദേശത്തേക്ക് പോകുന്നതിലും ചർച്ചകൾ സജീവമാണ്. മുൻകൂട്ടിയുള്ള എന്തോ പദ്ധതി ഇതിന് പിന്നിലുണ്ടെന്നാണ് സൂചനയും വിവാദവും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലണ്ട്‌സ് യാത്ര എന്തിനായിരുന്നു? കേരളത്തിന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിച്ചു? പഠിച്ച വെള്ളപ്പൊക്ക സൂത്രവിദ്യകൾ കൊണ്ട് കൊച്ചു കേരളത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടായോ ? വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായില്ലെങ്കിൽ പിന്നെ നെതർലണ്ട്‌സ് യാത്ര കൊണ്ടെന്ത് നേട്ടം .സർക്കാർ ഖജനാവ് ധൂർത്തടിച്ച് മുഖ്യമന്ത്രി നടത്തിയത് വെറും ഉല്ലാസയാത്രയായിരുന്നുവെന്ന വസ്തുത കേരളത്തിന് മുന്നിലുണ്ട്. ഈ സാഹചര്യം മുന്നിലുള്ളതു കൊണ്ടാണ് ഇപ്പോഴത്തെ യാത്രകളും സംശയത്തിലാകുന്നത്.

പ്രളയങ്ങൾ ഏറെ അതിജീവിച്ച, വെള്ളത്തോടൊപ്പം ജീവിക്കാൻ പഠിച്ച ഒരു രാജ്യമാണ് നെതർലാൻഡ്സ്. വർഷം തോറും ഉണ്ടാവുന്ന വെള്ളപ്പൊക്കം അപാരമായ എഞ്ചിനീയറിങ് ബുദ്ധി കൊണ്ട് അതിജീവിച്ച ജനത കൂടിയാണ് ഡച്ച് സമൂഹം. അവർ പരീക്ഷിച്ച് വിജയിച്ച ഒരു കിടിലൻ മോഡലുണ്ട്. നദിക്ക് വെള്ളപ്പൊക്ക സമയത്ത് ഒഴുകാനായി പാർക്കുകളും ഒഴിഞ്ഞ സ്ഥലങ്ങളും ഒക്കെ ഉപയോഗിച്ച് വീതി കൂട്ടുന്ന ടെക്‌നിക്.അതിനായി അവർ വെള്ളപ്പൊക്ക സമയത്ത് നദിക്ക് ഒഴുകാനും അല്ലാത്ത സമയത്ത് പാർക്കിംഗിനും മറ്റുമായി ഉപയോഗിക്കുന്ന തരം ഏരിയകൾ ഓരോ നദിയുടെ സൈഡിലും നിർമ്മിച്ചിട്ടുണ്ട്. 2006 ൽ തുടങ്ങി 2015 ൽ ആണ് നെതർലണ്ട്‌സിൽ ഈ പദ്ധതി പൂർത്തിയായത്. ഇതെല്ലാം കണ്ട് മുഖ്യമന്ത്രി കേരളത്തിൽ എത്തി. എന്നാൽ ഒന്നും നടന്നില്ല. ഇപ്പോഴും പ്രളയം കേരളത്തെ ദുരിതത്തിലാക്കുന്നു.

കേരളത്തിലെ പ്രളയകാലത്ത് അവിടെ നിന്നും വിദഗ്ദ്ധർ കേരളത്തിലെത്തിയിരുന്നു. പുനർനിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിലെ നെതർലാൻസിലെ വിദഗ്ദ്ധർ കേരളവുമായി സഹകരിച്ചിരുന്നു. നെതർലാൻഡ്‌സിലെ അന്നത്തെ ഇന്ത്യൻ അംബാസഡറും എറണാകുളംകാരനായ ശ്രീ വേണു രാജാമണിയാണ് ഇതിന് മുൻകൈയെടുത്തത്. അന്ന് കുടുംബവും പരിവാരവും ഒക്കെയായാണ് മുഖ്യമന്ത്രി നെതർലണ്ട്‌സിൽ എത്തിയത്. ഇപ്പോഴത്തെ യാത്രയിൽ കുടുംബം ഉണ്ടോ എന്ന് വ്യക്തമല്ല.