തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിര്‍ണ്ണായകമായ നിലപാട് മാറ്റം സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പണ്ഡിതരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെടെയുള്ളവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ അന്തിമ നിലപാടിലേക്ക് എത്താന്‍ സാധിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീം കോടതിയായാലും ഇത്തരത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് വേണം തീരുമാനമെടുക്കാന്‍ എന്നാണ് സര്‍ക്കാരിന് കോടതിയോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ വിഷയത്തില്‍ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തണം. അതിന് ശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താന്‍ സാധിക്കൂ,' മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ക്കൊപ്പം തന്നെ വിശ്വാസങ്ങളെയും പണ്ഡിതരെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ഒരു മധ്യവര്‍ത്തി നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. മുന്‍പ് വിധി നടപ്പാക്കാന്‍ കാണിച്ച ആവേശം ഇപ്പോള്‍ ഇല്ലേ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോള്‍ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും കോടതി ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കുക എന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങള്‍ നോക്കിയല്ല സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 'നാല് വോട്ടിന് വേണ്ടിയല്ല, നിലപാടുകള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നത് എന്ന് മുന്‍പ് പറഞ്ഞ വാക്കുകളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. രാഷ്ട്രീയ ലാഭത്തേക്കാള്‍ തത്വദീക്ഷയുള്ള നിലപാടുകള്‍ക്കാണ് സിപിഎം മുന്‍ഗണന നല്‍കുന്നത്,' അദ്ദേഹം പറഞ്ഞു. വിശ്വാസികളെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ഇതിലൂടെ വ്യക്തമാണ്.

2016-ല്‍ തന്നെ സിപിഎം ഈ വിഷയത്തില്‍ നയം വ്യക്തമാക്കിയതാണ്. എന്നാല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, കോടതി തന്നെ മുന്‍പത്തെ വിധികള്‍ പരിശോധിക്കുകയും മയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിധി എന്താണോ അതനുസരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ താല്പര്യപ്പെടുന്നത്. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ വേണമെന്ന മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

വിശ്വാസികളെ പിണക്കാതെയും എന്നാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോകാതെയുമുള്ള ഒരു 'സേഫ് ഗെയിം' ആണ് മുഖ്യമന്ത്രി ഈ വാക്കുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.