വർക്കല: ശിവഗിരിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കാത്തതിൽ ഖേദവുമായി ശിവഗിരി മഠം. മുഖ്യാതിഥിയായാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്. മന്ത്രിയെത്താത്തതിൽ മഠത്തിന് ഖേദമുണ്ടെന്ന് ഉദ്ഘാടനസമ്മേളനത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിന് ഹാട്രിക് ടേം കിട്ടുമെന്ന് പറയുന്ന അതേ സ്വാമിയാണ് റിയാസിനേയും വിമർശിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരനായിരുന്നു ചടങ്ങിലെ ഉദ്ഘാടകൻ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. സംഭവത്തിൽ മഠം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരനോടുള്ള അതൃപ്തി കാരണമാണ് റിയാസ് വിട്ടു നിന്നതെന്നാണ് സൂചന. മന്ത്രി പരിപാടിയിൽ നിന്നും വിട്ടുനിന്നത് ഖേദകരമാണെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു. ചതയദിനത്തിന്റെ പ്രാധാന്യം മന്ത്രി മനസിലാക്കണമായിരുന്നുവെന്നും സച്ചിദാനന്ദ പറഞ്ഞു. പൊതുപരിപാടിയിൽ വച്ചായിരുന്നു മഠം പ്രസിഡന്റിന്റെ വിമർശനം.

റോഡുകളിലെ കുഴി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര മന്ത്രി മുരളീധരനും മന്ത്രി റിയാസും പരസ്പരം വാക്കുകളിലൂടെ ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രി ഉദ്ഘാടകനായതു കൊണ്ടാണ് റിയാസ് വരാത്തതെന്ന പൊതു ധാരണയാണുള്ളത്. എന്നാൽ മറ്റ് ഔദ്യോഗിക ആവശ്യങ്ങളുള്ളതു കൊണ്ടാണ് എത്താൻ പറ്റാത്തതെന്നാണ് മന്ത്രിയുടെ പക്ഷം. ഏതായാലും മഠത്തിന്റെ വിമർശനം മന്ത്രി ഉൾക്കൊള്ളുമെന്നും ഉടൻ തിരുത്തലുണ്ടാകുമെന്നുമാണ് സൂചന.

ശിവഗിരിയിലെ ചതയ ദിനാഘോഷ പരിപാടി കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങൾ കാലാതിവർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പകർന്നുതന്ന സനാതന മൂല്യങ്ങൾ ഭൗതിക കാലഘട്ടത്തിലും പ്രസക്തമാണെന്നും കേന്ദ്രമന്ത്രി ശിവഗിരിയിൽ പറഞ്ഞു. ശിവഗിരിയുടെ മഹത്ത്വം ഉൾക്കൊണ്ട് ഗുരുജയന്തിയുടെ പ്രാധാന്യം മനസ്സിലാക്കി കർത്തവ്യകർമമെന്നനിലയിൽ മന്ത്രി പങ്കെടുക്കണമായിരുന്നു. സ്വന്തം ജീവിതത്തിൽ പുണ്യം സ്വാംശീകരിക്കുന്നതിന്റെ ഭാഗമായി മന്ത്രി വന്നുചേരേണ്ടതായിരുന്നുവെന്നും പറഞ്ഞു.

ചതയദിനത്തിൽ സംസ്ഥാനത്തൊട്ടാകെ അതിവിപുലമായ രീതിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചിരുന്നു. ചെമ്പഴന്തി ഗുരുകുലത്തിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായി. വിദ്വേഷങ്ങൾക്കെതിരായ ഒറ്റമൂലി ഗുരുചിന്തയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നായിരുന്നു ശിവഗിരി ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം.

പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെയാണ ്168 മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷപരിപാടികൾക്ക് ശിവഗിരിയിൽ തുടക്കമായത്. അനശ്വരമായ ഗുരു ചിന്തകൾ മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് പഠിപ്പിച്ചെന്ന് ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശിവഗിരിയിൽ എത്താതിരുന്ന മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചെമ്പഴന്തിയിൽ പിണറായി സർക്കാരിനെ പ്രശംസകളാൽ മൂടി

സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ -

ഏതാണ്ട് ഇരുപത് കോടി രൂപ ശിവഗിരിക്ക് സർക്കാർ നൽകി. ഇവിടെ വേദിയിൽ രണ്ടാം പിണറായി സർക്കാർ എന്ന് പലരും ആവർത്തിച്ചു പറഞ്ഞു. ഇവിടെ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ മാറി മാറി ഭരിച്ചിരുന്നു. അതിൽ നിന്നും മാറി പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തി. അതെന്തുകൊണ്ട് സംഭവിച്ചു എന്ന് ചിന്തിക്കണം. എല്ലാ ജനവിഭാഗങ്ങൾക്കും ജാതിമത ഭേദമില്ലാത ആവശ്യം കണ്ടറിഞ്ഞ് നൽകാൻ പിണറായി സർക്കാരിന് സാധിച്ചു. നാരായണ ഗുരുവിന്റെ പേര് ഒരു സർവ്വകലാശാലയ്ക്ക് നൽകണമെന്ന് മാറി മാറി വന്ന സർക്കാരുകളോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പേര് മാറ്റുകയല്ല. നാരാണയ ഗുരുവിന്റെ പേരിൽ ഒരു പുതിയ സർവ്വകലാശാല തന്നെ തുടങ്ങുകയാണ് ഈ സർക്കാർ ചെയ്തത്. രാജകൊട്ടാരത്തിന്റെ വരെ സമ്മേളനങ്ങൾ നടന്നിരുന്ന വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകാൻ ധൈര്യം കാണിച്ച ഈ സർക്കാർ അഭിനന്ദനങ്ങൾക്ക് അർഹരാണ്. അങ്ങനെ മഹത്തായ കാര്യങ്ങൾ ചെയ്യാൻ മുന്നോട്ട് വന്നപ്പോൾ ആ നല്ല കാര്യങ്ങളെ ഉൾക്കൊണ്ട് ഇവിടുത്തെ ജനം സർക്കാരിനെ പിന്തുണയ്ക്കുകയും രണ്ടാം പിണറായി സർക്കാർ വരികയും ചെയ്തു. ഇപ്പോഴത്തെ നില നോക്കിയാൽ ഇവിടെ മൂന്നാം പിണറായി സർക്കാർ വരും എന്ന നിലയാണ്. ശിവഗിരിയുടെ കാര്യങ്ങൾ ഒരോന്നും ഉൾക്കൊള്ളാനും അതിനനുസരിച്ച് ശിവിഗിരിയെ സഹായിക്കാനും സർക്കാർ തയ്യാറായി-സ്വാമി പറഞ്ഞു.