- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്; ഇത്തരം കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ അനുമതി വേണ്ട; യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നിയമസഭയിലെ പിണറായിയുടെ മറുപടി വിനയാകും; അനുമതി വേണമെന്നത് കേന്ദ്ര ചട്ടം; 'മിസ്തുബിഷി കാറിലെ ബിരീയാണി ചെമ്പിന്റെ' യാത്രയിൽ കുരുക്ക് മുറുകും
തിരുവനന്തപുരം:2016 മുതൽ 2020 കാലയളവിൽ യു.എ.ഇ കോൺസുലർ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്നും ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ മറുപടി വിവാദത്തിൽ. കേരള മുഖ്യമന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ലംഘനം ആണെന്നും വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നും കേന്ദ്രമന്ത്രി ഡോ. രാജ്കുമാർ രജ്ഞൻ സിൻഹ് ലോകസഭയിൽ 29.7-22 നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപെട്ട് കേരള സർക്കാർ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എംപി യാണ് ലോക സഭയിൽ ഈ വിഷയം കേന്ദ്രമന്ത്രിയോട് ഉന്നയിച്ചത്.യു.എ.ഇ കോൺസുലേറ്റ് ജനറലുമായി 2016-20 കാലയളവിൽ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഔദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകൾ ആണ് നടത്തിയതെന്നും ക്ലിഫ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചകൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും ആണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്.
യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഉത്തരം പറയാത്തത്. 2016-2020 കാലയളവിൽ യുഎഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്? ഏതൊക്കെ ദിവസങ്ങളിൽ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത് എന്ന് വ്യക്തമാക്കാമോ? കൃത്യമായ ഉത്തരം പറയാവുന്ന മൂന്ന് ചോദ്യം. ചോദിക്കുന്നവരും അത് പ്രതീക്ഷിക്കുക സ്വാഭാവികം. എന്നാൽ ഔദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ അനുമതി വേണ്ട എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. ഇതിനൊപ്പം ഇത്തരം കൂടിക്കാഴ്ചയ്ക്കുള്ള അനുമതിയൊന്നും കേന്ദ്ര സർക്കാരിൽ നിന്ന് കേരളം തേടിയിട്ടില്ല. വിദേശത്തേക്ക് പാഴ്‌സൽ നൽകിവിട്ടതും കേന്ദ്രാനുമതിയോടെയല്ലെന്നതാണ് വസ്തുത.
ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി എത്ര തവണ കണ്ടു എന്നതിലും ഏതൊക്കെ സമയത്തു കണ്ടു എന്നതിലും മറുപടി നൽകുന്നില്ല. ഇതിനൊപ്പം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഇല്ലാത്ത ചോദ്യത്തിന് ഉത്തരവും നൽകുന്നു. രണ്ടാമത്തെ ചോദ്യത്തിനാണ് ഈ മറുപടിയെന്നതാണ് വസ്തുത. അതായത് ആദ്യ ചോദ്യത്തിനൊപ്പം രണ്ടാമത്തേതിനും മറുപടി. പ്രസ്തുത കൂടിക്കാഴ്ചകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിണ്ടായിരുന്നോ? ഉണ്ടെങ്കിൽ അതു സംബന്ധിച്ച വിശദാംശം നൽകാമോ? എന്നതാണ് രണ്ടാമത്തെ ചോദ്യം. ഇതിനും ഉത്തരം ആദ്യത്തേത് തന്നെ. മേൽപ്പറഞ്ഞ കൂടിക്കാഴ്ച ഔദ്യോഗിക കൂടിക്കാഴ്ച ആയിരുന്നോ? ആണെങ്കിൽ എന്തൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും എന്തൊക്കെ തീരുമാനങ്ങളാണ് കൊക്കൊണ്ടതെന്നും വ്യക്തമാക്കുമോ? ഇതിനും മറുപടി പഴയതു തന്നെ.
2016-2020 കാലയളവിൽ യുഎഇ കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്ര തവണ എത്തിയെന്നും എന്തെല്ലാം ചർച്ച ചെയ്തെന്നും അതിലുണ്ടായ തീരുമാനങ്ങൾ എന്തെല്ലാമായിരുന്നുവെന്നും മുഖ്യമന്ത്രി പറയുന്നില്ല. ലൈഫ് മിഷൻ കേസും സ്വർണ്ണ കടത്തും കേന്ദ്ര ഏജൻസികളുടെ പരിശോധനയിലാണ്. കോൺസുലേറ്റുമായുള്ള ചർച്ചയിലാണ് ലൈഫ് മിഷനിൽ തീരുമാനം ഉണ്ടായത്. വടക്കാഞ്ചേരിയിലെ അഴിമതി സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇതൊന്നും പരാമർശ വിധേയമാക്കത്തത്. ഇതിനൊപ്പം സ്വർണ്ണ കടത്തിലും ആശങ്കകൾ ഉണ്ടെന്ന് വ്യക്തം. എന്നാൽ ഔദ്യോഗിക സ്വഭാവമുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ അനുമതി വേണ്ട എന്നുമുള്ള മറുപടി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ചട്ടത്തിന് വിരുദ്ധമാണ്. ഫലത്തിൽ ചട്ടവിരുദ്ധമായി കണ്ടു എന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. ഇതാണ് വിവാദമാകുന്നത്.
കോൺസുലേറ്ററുമായി എത്ര തവണ കൂടി കാഴ്ച നടത്തിയിട്ടുണ്ടെന്നും ഏതൊക്കെ വിഷയങ്ങൾ ആണ് ചർച്ച ചെയ്‌തെന്നും എന്തൊക്കെ തീരുമാനങ്ങൾ ആണ് കൈ കൊണ്ടതെന്നും ഉള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. കോൺസുൽ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നതെന്നും നിരവധി തവണ ക്ലിഫ് ഹൗസിൽ ഇരുവരും തമ്മിൽ കൂടി കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇത് പരോക്ഷമായി ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകൾ പോയിരുന്നതെന്നായിരുന്നു ആരോപണം. കോൺസുൽ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകൾ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറിച്ചിട്ടുണ്ട്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
സാധാരണത്തേതിലും വലുപ്പമുള്ള ഈ ചെമ്പ് ഫോയിൽഡ് പേപ്പറിൽ അടച്ചുകെട്ടിയതിനാൽ കൊണ്ടുപോകുന്നവർക്കും ഇതിൽ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേർ ചേർന്നാണ് ചെമ്പ് പിടിച്ചത്. ക്ലിയറൻസുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കർ നേതൃത്വം കൊടുത്തുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. അത് എത്തുന്നത് വരെ കോൺസുലർ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ ചോദ്യമെത്തിയത്. എന്നാൽ കൃത്യമായ മറുപടികൾ പല ചോദ്യത്തിനും മുഖ്യമന്ത്രി നൽകിയില്ല.