തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദർശനം റദ്ദാക്കുമ്പോൾ ചർച്ചയാകുന്നത് അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ ആരും ഔദ്യോഗികമായി മുഖ്യമന്ത്രിയെ ക്ഷണിച്ചില്ലെന്ന വാദം. നിക്ഷേപക സംഗമത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിനെ കുറിച്ച് എംബസിക്ക് അറിവില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. ഇതോടെ കേന്ദ്രവും കേരളവും വീണ്ടും ഇടയുന്നതിന്റെ സൂചന കൂടിയാണ് പുറത്തു വരുന്നത്.

വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത് എന്നായിരുന്നു കേരളത്തിന്റെ അവകാശവവാദം. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘം ഏഴിനു പോകാൻ ആയിരുന്നു ആലോചന. എന്നാൽ ഔദ്യോഗിക ക്ഷണമെന്നത് തെളിയിക്കാനായില്ല. ഈ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. നയതന്ത്ര തലത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചത് യുഎഇയും കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല. അനുമതി നൽകില്ലെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാൽ മതി എന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എട്ട് മുതൽ 10 വരെ അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യവും അനുമതി നിഷേധിക്കാൻ കാരണമായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സംഗമത്തിൽ പങ്കെടുക്കും. സംഘത്തിൽ ആരൊക്കെ ഉണ്ടാകണം എന്നു തീരുമാനം ആയിട്ടില്ല. അനുമതിക്കുള്ള അപേക്ഷ ഒരു മാസത്തോളം പരിഗണനയിൽ വച്ച ശേഷമാണ് കേന്ദ്ര സർക്കാർ നിഷേധിച്ചത്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ ക്ഷണം ലഭിച്ചതിനാലാണ് നാലുദിവസത്തെ യാത്രയ്ക്കായി പോകുന്നു എന്നായിരുന്നു ഔദ്യോഗികമായി അറിയിച്ചിരുന്നത്. മെയ് ഏഴിന് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും പി രാജീവും പോകുമെന്നും പറഞ്ഞിരുന്നു. രണ്ടാം എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി, സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി സംവദിക്കുമെന്നും പറഞ്ഞു

വിവിധ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത് എന്നായിരുന്നു അവകാശവാദം. മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണമൊന്നും യു എ ഇ നൽകിയിട്ടില്ല. ഇന്ത്യൻ എംബസിയോ യുഎഇ കോൺസിലേറ്റോ അറിഞ്ഞുമാത്രമേ ഔദ്യോഗിക ക്ഷണം ഉണ്ടാകൂ. കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ കേന്ദ്ര സർക്കാറിന്റെ അനുമതിയും ആവശ്യമാണ്. മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതിയും പതിവില്ല.

ഇൻവെസ്റ്റിമെന്റ് മീറ്റിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണമൊന്നും ആവശ്യമില്ല. കഴിഞ്ഞ ഒക്ടോബറിൽ പിണറായി വിജയൻ അബുദാബിയിൽ സ്വകാര്യസന്ദർശനം നടത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്ന മകൻ വിവേക് കിരണിനെ സന്ദർശിക്കുക മാത്രമായിരുന്നു പരിപാടി. യൂറോപ്യൻ സന്ദർശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയത്. യുഎഇയിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. സ്വീകരിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു പ്രതിനിധി എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെ ഹോട്ടലിൽ എത്തിക്കാൻ മലയാളി സ്ഥാപനത്തിന്റെ വാഹനമാണ് എത്തിയത്.

നേരത്തെ തിരുവനന്തപുരത്ത് എത്തിയപ്പോൾ മന്ത്രി ഡോ. താനി അഹമ്മദ്, ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും 2022 ഫെബ്രുവരിയിൽ എക്സ്പോയിൽ പങ്കെുക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ പേരിലുള്ള ക്ഷണം എന്നല്ലാതെ ഔദ്യോഗിക പരിവേഷമൊന്നും അന്നു പറഞ്ഞിരുന്നില്ല. അവിടെ കേരള പവലിയൻ ഉദ്ഘാടനവും ചെയ്തു. ലൈഫ് പദ്ധതിയിൽ ദുബായ് റെഡ് ക്രസന്റുമായി ചേർന്നുള്ള ഭവന സമുച്ചയ നിർമ്മാണത്തിന്റെ കാര്യവും ചർച്ച ചെയ്തുവെന്നും പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കിയതായും അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

കേരളത്തിൽ ബൃഹത്തായ ഫുഡ് പാർക്ക് തുടങ്ങാമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി അറിയിച്ചതും വലിയ വാർത്തയായി. റെഡ് ക്രസന്റ് ഇടപാട് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഫുഡ് പാർക്കിനെക്കുറിച്ച് പിന്നീട് കേട്ടില്ല.