തിരുവനന്തപുരം: യൂറോപ്യൻ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് പോകുന്നത് മകനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ. 15നു പുലർച്ചെ മുഖ്യമന്ത്രി മടങ്ങിയെത്തും. യൂറോപ്യൻ സന്ദർശനം പൂർത്തിയാക്കിയ അദ്ദേഹം ഇന്നു ദുബായിൽ എത്തും. അവിടെ 2 ദിവസം ചെലവഴിക്കും. ഗൾഫിലാണ് മകനും കുടുംബവുമുള്ളത്. ഇവരെ കാണാനാണ് മുഖ്യമന്ത്രി ഭാര്യയ്ക്കൊപ്പം ദുബായിൽ എത്തുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങൾക്ക് ഒപ്പം നടത്തുന്ന വിദേശ പര്യടനം വിവാദങ്ങൾക്കും വഴിയൊരുക്കി. വൻതുക ചെലവഴിച്ചുള്ള വിദേശ സന്ദർശനം സുതാര്യമല്ലെന്നും സംസ്ഥാനത്തിനു പ്രയോജനം ഇല്ലെന്നുമാണു പ്രതിപക്ഷ ആരോപണം. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും കൊച്ചുമകനെയും കൊണ്ടു പോയതും വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനൊപ്പമാണ് ദുബായ് യാത്ര. മുഖ്യമന്ത്രിയുടെ മിക്ക വിദേശയാത്രയിലും ദുബായി വഴിയുള്ള വരവ് സ്ഥിരമാണ്. മകനും കുടുംബവും ഏറെ നാളായി ഗൾഫിലാണ് താമസം.

ലണ്ടനിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലെത്തുന്ന മുഖ്യമന്ത്രി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് താമസിക്കുന്നത്. ദുബായിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളുള്ളതായി അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടു കേരളത്തിലേക്ക് എത്തും. കുടുംബാംഗങ്ങളുമായുള്ള സമയം ചെലവഴിക്കലായതു കൊണ്ടാണ് മറ്റ് മന്ത്രിമാർ മടങ്ങിയത്. താമസിയാതെ വീണ്ടും മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിൽസയ്ക്ക് പോകുമെന്നും സൂചനയുണ്ട്.

വിദേശ പര്യടനത്തിനു ശേഷം 12നു മടങ്ങി എത്തുമെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും പിന്നീടു ദുബായ് സന്ദർശനം കൂടി ഉൾപ്പെടുത്തുകയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള ഓൺലൈൻ മന്ത്രിസഭാ യോഗം നാളെ വൈകിട്ടു നടക്കും. ദുബായിൽനിന്ന് ഓൺലൈനായി മുഖ്യമന്ത്രി ആധ്യക്ഷ്യം വഹിക്കും. മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ ഒന്നുമുതൽ ഫിൻലൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നു ഫിൻലൻഡ് ഒഴിവാക്കി മറ്റു രാജ്യങ്ങളാണു സന്ദർശിച്ചത്.

മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ, വീണാ ജോർജ്, വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദർശനത്തിൽ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചു.