തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി ഉത്തരവിട്ട അന്വേഷണം പോലീസിന് തലവേദനയാകും. ക്രമസമാധാന ചുമതലയില്‍ എത്തിയ എഡിജിപി മനോജ് എബ്രഹാമിന് മുന്നിലെത്തുന്ന ആദ്യ പരീക്ഷണമാണ് ഇത്. സര്‍ക്കാരിനെ പിണക്കാതെയും കോടതിയില്‍ നിന്നും വിമര്‍ശന ഏറ്റുവാങ്ങാതേയും കേസ് അവസാനിപ്പക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കേസ് പോകും. മുഖ്യമന്ത്രിക്കോ പോലീസിനോ എതിരെ കോടതിയില്‍ നിന്നും ഭാവിയില്‍ വിമര്‍ശനം ഉയര്‍ന്നാല്‍ അത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ പോലും ബാധിക്കും. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തില്‍ കരുതലോടെ നീങ്ങാന്‍ കൊച്ചി പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഈ അന്വേഷണത്തില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. കോടതിയില്‍ നിന്ന് ഇതുവരെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കുന്ന സാഹചര്യമുണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ ചര്‍ച്ചയാകും. കേസില്‍ ഇടുന്ന വകുപ്പുകളും നിര്‍ണ്ണായകമാണ്. എല്ലാം പ്രതിപക്ഷം നിരീക്ഷിക്കുന്നുമുണ്ട്. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ കോടതി നിര്‍ദേശം ആശ്വാസകരമാണെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് പ്രതികരിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക. പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് കോടതി തള്ളിയാല്‍ അത് വലിയ തിരിച്ചടിയുമായി മാറും.

സമരം ചെയ്യുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി ക്വട്ടേഷന്‍ ഗുണ്ടയെ പോലെ അക്രമത്തിന് ആഹ്വാനം നല്‍കിയെന്ന് ഷിയാസ് പറയുന്നു. നിയമപരമായും രാഷ്ട്രീയപരമായും ശിക്ഷ വാങ്ങിച്ച് കൊടുക്കാന്‍ മുന്നോട്ട് പോകും. കണക്ക് ചോദിക്കുന്ന ദിവസം വരും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നും ജനാധിപത്യ മര്യാദ കാണിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. അതിനിടെ നവ കേരള സദസ്സിനെതിരായ പ്രതിഷേധത്തെ നേരിട്ടത് രക്ഷാപ്രവര്‍ത്തനം എന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് എതിരെ തെളിവ് ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ആയുധമാക്കും. രണ്ടു ദിവസത്തെ ശബ്ദ വിശ്രമ ശേഷം മുഖ്യമന്ത്രി സഭയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉള്‍പ്പെടെ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ 'രക്ഷാപ്രവര്‍ത്തന'മെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

പ്രതിഷേധക്കാര്‍ വാഹനത്തിനടിയില്‍ വീഴാതിരിക്കാനുള്ള അത്തരം പ്രവര്‍ത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്. 'പരസ്യമായ കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. ആക്രമത്തെ ന്യായീകരിക്കുക മാത്രമല്ല അത് തുടരണമെന്ന് കൂടിയാണ് പറഞ്ഞത്. അതിനെതിരേ ജനങ്ങള്‍ ആഗ്രഹിച്ച നടപടിയാണ് ഇപ്പോള്‍ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഈ സംഭവത്തില്‍ നിയമനടപടിയുമായി ഏതറ്റംവരെയും പോകും' -ഷിയാസ് പറഞ്ഞു.