ന്യൂഡൽഹി: സോളാർ പീഡനകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഡൽഹിയിൽ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. ഈ വേളയിൽ അതേക്കുറിച്ച് പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു മുഖ്യമന്ത്രി.

തണുപ്പായതു കൊണ്ടാണോ വെയിലത്ത് നിൽക്കുന്നതെന്ന് അദ്ദേഹം ഇന്നും മാധ്യമപ്രവർത്തകരോട് ചോദിച്ചു. പറയാനുള്ളപ്പോൾ വന്ന് പറയും, നിങ്ങൾക്കാവശ്യമുള്ളത് പറയിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് ഇ പി ജയരാജനെതിരായ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും അവഗണിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

നേരത്തെ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളുകയുണ്ടായി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

വർഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടുച്ചുകുലുക്കിയ സോളാർ പീഡന ബോംബ് ഒടുവിൽ ആവിയായി. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച പീഡന പരാതിയിൽ ഏറ്റവും അധികം കല്ലേറ് കൊണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ പരാതികൾ പൂർണ്ണമായും തള്ളുകയാണ് സിബിഐ. ചികിത്സയിലായിരിക്കെ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടിക്ക് മേൽ വർഷങ്ങളായി കരിനിഴൽ വീഴ്‌ത്തിയിരുന്നത്. എന്നാൽ മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിരുന്നില്ലെന്നാണ് സിബിഐ കണ്ടെത്തൽ.

പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടെന്ന മൊഴിയും കേന്ദ്ര ഏജൻസി തള്ളി. താൻ ദൃക്‌സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോർജിന്റെ മൊഴി. പീഡന പരാതിയിൽ ആദ്യമെടുത്തത് ബിജെപി ദേശീയ നേതാവായ എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസ്. അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം വിശ്വസനീയമല്ലെന്നാണ് കണ്ടെത്തൽ.

അതേസമയം ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടതെന്നും, തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

ഒരു തെളിവും ഇല്ലെന്ന് പൊലീസ് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന അഞ്ച് കോൺഗ്രസ് നേതാക്കളെ മനഃപൂർവം അപമാനിക്കുന്നതിന് വേണ്ടിയാണ് സോളാർ കേസ് പിണറായി വിജയൻ സിബിഐക്ക് വിട്ടത്. ഒരു തെളിവും ഇല്ലാത്ത കേസാണെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളോടും അവരുടെ കുടുംബത്തോടും പിണറായി വിജയൻ മാപ്പ് പറയണം. നേതാക്കളും അവരുടെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയും? - സതീശൻ ചോദിച്ചു.

രാഷ്ട്രീയ നേതാക്കളെ മനഃപൂർവം അപമാനിക്കാനുള്ള ശ്രമം ഇനിയും ആവർത്തിക്കപ്പെടരുത്. പരാതിക്കാരി ആവശ്യപ്പെട്ടതു കൊണ്ടാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു പരാതിക്കാരിയുണ്ടല്ലോ. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ പരാതി മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് വിടാത്തത്? ഇപ്പോൾ പിണറായി വിജയനോടും സിപിഎമ്മിനോടും കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.