- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുപ്പിനോട് ഇത്രയ്ക്ക് വിരോധമോ? മുഖ്യമന്ത്രി എത്തുംമുൻപ് മരണവീടിനടുത്ത് കറുത്ത കൊടി അഴിച്ചുമാറ്റി പൊലീസ്; കറുത്ത ഷർട്ടു ധരിച്ചെത്തി മരുമകൻ മുഹമ്മദ് റിയാസ്; കല്യാണ വീട്ടിൽ മുഖ്യമന്ത്രിക്ക് മുന്നിൽ കറുത്ത ജുബ്ബയിട്ട മോഹൻലാലും ട്രോളുകളിൽ; പിണറായിയുടെ കറുപ്പ് അലർജി ചർച്ചകളിൽ
കോഴിക്കോട്: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പിനോട് ഇത്രയ്ക്ക് അലർജിയാണോ? കുറത്ത കാറിൽ കറുത്ത കോട്ടിട്ട സുരക്ഷാ ഭടന്മാർക്കൊപ്പം സഞ്ചരിക്കുന്ന മുഖ്യമന്ത്രിയുടെ കറുപ്പ് അലർജിയാണ് ഏതാനും ദിവസങ്ങളായി വീണ്ടും ചർച്ചകളിൽ നിറയുന്നത്. യൂത്ത് കോൺഗ്രസുകാർ കാട്ടുന്ന കരിങ്കൊടിയെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. അതേസമയം രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പൊലീസാണ് രംഗം വഷളാക്കുന്നതെന്ന അഭിപ്രായവും ഒരു വശത്തുണ്ട്. സംഗതി എന്തായാലും മുഖ്യമന്ത്രിയുടെ കറുപ്പ് അലർജി സൈബറിടത്തിൽ അടക്കം സജീവമായി ട്രോളായി മാറിയിട്ടുണ്ട്.
ഇന്നലെ കോഴിക്കോട്ട് മുഖ്യമന്ത്രി സഞ്ചരിച്ച വഴികളിൽ കറുപ്പിനു വീണ്ടും വിലക്ക് ഏർപ്പെടുത്തിയതും വിവാദമായി. സിപിഎം മുൻ എംഎൽഎയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിപ്പിച്ചു. ഇന്നലെ രാവിലെ മീഞ്ചന്ത ഗവ. ആർട്‌സ് കോളജിലെ ജൈവവൈവിധ്യ കോൺഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർത്ഥികൾക്കു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോളജ് അധികൃതരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ചടങ്ങിനെത്തിയവരുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ചു. കോളജ് ഐഡന്റിറ്റി കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമിച്ചു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് എംപി.രാഗിൻ എന്നിവരെ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽനിന്നു കസ്റ്റഡിയിലെടുത്തു കരുതൽതടങ്കലിലാക്കിയിരുന്നു.
കഴിഞ്ഞദിവസം അന്തരിച്ച സിപിഎം മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ ഫ്രാൻസിസ് റോഡിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചയ്‌ക്കെത്തി. ഇതിനു തൊട്ടുമുൻപാണ് ജംക്ഷനിൽ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് പോസ്റ്റിൽ കെട്ടിയിരുന്ന കറുത്ത കൊടി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. മരണവിവരം അറിയിക്കുന്ന ബോർഡിനു മുകളിലുള്ള കൊടി പൊലീസ് ഉടൻ അഴിച്ചുമാറ്റി. കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ പിതാവാണ് കുഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷാസന്നാഹങ്ങളെക്കുറിച്ച് ഉയരുന്ന വിമർശനങ്ങളോട് സന്നാഹം കൂട്ടിയാണ് പൊലീസ് പ്രതികരിക്കുന്നത്. സുരക്ഷയ്ക്കായി കോഴിക്കോട്ട് ഇന്നലെ 212 പൊലീസുകാരെയാണു നിയോഗിച്ചത്. മറ്റു ജില്ലകളിൽ 200 പേരായിരുന്നു. എന്നാൽ കർശന സുരക്ഷയ്ക്കിടയിലും രാത്രി ഏഴോടെ കോഴിക്കോട് മിനി ബൈപ്പാസിൽ കാരപ്പറമ്പിനും എരഞ്ഞിപ്പാലത്തിനുമിടയ്ക്കുവച്ച് കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. വാഹന വ്യൂഹത്തിനുനേരെ പാഞ്ഞടുത്ത സനോജ് കുരുവട്ടൂർ, റഹീസ് മുണ്ടിയത്ത്, എൻ.പി.റാഫി എന്നീ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ഇതിനു തൊട്ടുമുൻപ് ഈസ്റ്റ്ഹിൽ ഗെസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷേധവുമായെത്തിയ ഫായിസ് നടുവണ്ണൂർ, അർജുൻ പൂരത്തിൽ എന്നീ കെഎസ്‌യു പ്രവർത്തകരെയും യുവമോർച്ച ജില്ലാകമ്മിറ്റി അംഗം കെ. വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് പി.സബിൻ എന്നിവരെയും കരുതൽ തടങ്കലിലാക്കിയിരുന്നു.
അതിനിടെ കറുപ്പിന് വിലക്കുണ്ടായിരുന്ന മീഞ്ചന്ത ആർട്‌സ് കോളജിലെ ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഷർട്ട് ആശയക്കുഴപ്പമുണ്ടാക്കി. കറുപ്പാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഇരുണ്ട നിറത്തിലുള്ള ഷർട്ടാണ് റിയാസ് ധരിച്ചിരുന്നത്. ഇത് ട്രോളുകളിൽ നിറയുകയും ചെയ്തു. എന്തിനേറെ മുഖ്യമന്ത്രി പങ്കെടുക്ക വിവാഹത്തിൽ കറുത്ത ജുബ്ബയിട്ട മോഹൻലാൽ പോലും ട്രോളുകളിൽ നിറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസിന്റെ കാസർകോട്ടെ സമര പരിപാടിയായിരുന്നു ഏറെ രസകരമായിരുന്നത്. മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കുന്ന അമിത സുരക്ഷ ജനങ്ങളെ വലയ്ക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ 'വിളംബര' പ്രതിഷേധമാണ് സംഘടപ്പിച്ചത്. നാടു വാഴുന്ന പിണറായിത്തമ്പുരാൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നുവെന്നും ആരും പുറത്തിറങ്ങരുതെന്നുമുള്ള ശാസനസന്ദേശം രാജഭടനായി വേഷമിട്ട യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉച്ചത്തിൽ വായിച്ചു.
മരുന്നും ആവശ്യസാധനങ്ങളും വേണ്ടവർ ഇന്നുതന്നെ വാങ്ങണം, ആശുപത്രിയിൽ പോകേണ്ടവർ ഇന്നുതന്നെ അഡ്‌മിറ്റ് ആകണം, വിദേശത്തു പോകേണ്ടവർ ഇന്നുതന്നെ പോകണം പെരുമ്പറ മുഴക്കിയുള്ള വിളംബരത്തിൽ പരിഹസിച്ചു. ഇന്നലെ കണ്ണൂർ പിണറായിയിലെ വീട്ടിൽ തങ്ങിയ മുഖ്യമന്ത്രി ഇന്നു റോഡ് മാർഗം കാസർകോട്ടെത്തും. രാവിലെ പത്തിനു ചീമേനിയിലും 11നു പിലിക്കോട്ടും 11.30നു നീലേശ്വരം കോട്ടപ്പുറത്തും വിവിധ ഉദ്ഘാടനച്ചടങ്ങുകളുണ്ട്. 3.30നു കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ കെഎസ്ടിഎ സമാപനസമ്മേളനം, 4.30നു കുമ്പളയിൽ സിപിഎം ജനകീയ പ്രതിരോധ യാത്ര എന്നിവയും ഉദ്ഘാടനം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ