- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് മുതൽ നേർവെ വരെ; പിണറായി മുഖ്യമന്ത്രിയായ ശേഷം നടത്തിയത് 17 വിദേശയാത്രകൾ; കെ റെയിലിന് ജൈക്ക സഹായം ലക്ഷ്യം വെച്ച് ജപ്പാനിൽ പോയപ്പോൾ ചെലവായത് 35 ലക്ഷം; ഹിരോഷിമയിൽ റീത്ത് വെക്കാനായി മാത്രം പിണറായി ചെലവഴിച്ചത് 10,000 രൂപയും! കേരളത്തിലെത്തി പറഞ്ഞത് ജപ്പാൻ കമ്പനികൾ കൂട്ടത്തോടെ എത്തുമെന്നും; ഒടുവിൽ എല്ലാം പതിവു ബഡായിയായി
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ അടുത്തിടെ കാര്യമായി തന്നെ കേരളാ സമൂഹം ഓഡിറ്റ് ചെയ്യുന്നുണ്ട്. 45 ലക്ഷം രൂപ മൂടക്കി നോർവ്വെയിലും യുകെയിലും മുഖ്യമന്ത്രിയും സംഘവും പോയി മടങ്ങിവന്നത് അടുത്തിടെയാണ്. ഈ ചിലവുകളുടെ വിവരങ്ങൾ ധൻരാജ് സുഭാഷ് ചന്ദ്രൻ എന്ന വിവരാവകാശ പ്രവർത്തകൻ സംഘടിപ്പിച്ചു പുറത്തു വിടുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ എത്രകണ്ട് ഗുണകരമായി എന്ന വിധത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഓരോ വിദേശ യാത്രയുടെയും ചെറിയ കണക്കുകൾ അടക്കം ചർച്ചയാകുന്നുണ്ട്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിയ അധികാരമേറ്റതിന് ശേഷം 17 വിദേശ യാത്രകൾ അദ്ദേഹം ഇതിനോടകം നടത്തിയിട്ടുണ്ട്. വിദേശ യാത്രകളുടെ കാര്യത്തിൽ പിണറായി സർക്കാർ റെക്കോർഡിട്ടു എന്നു തന്നെ പറയാം. ഈ യാത്രകൾ കൊണ്ട് എത്രത്തോളം നേട്ടമുണ്ടയി എന്നതിൽ ഇപ്പോഴും കൃത്യമായി ഉത്തരമില്ല. ഒന്നാം പിണറായി സർക്കാറിന്റൈ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനും കൊറിയയും സന്ദർശിച്ചിരുന്നു. ഈ സന്ദർശത്തിന് ശേഷമാണ് കേരളത്തിൽ കെ റെയിൽ ചർച്ചകൾ സജീവമായത്.
അന്നത്തെ യാത്രയിൽ ജൈക്ക പണം അടക്കം മുഖ്യമന്ത്രി ലക്ഷ്യം വെച്ചിരുന്നു. കൂടാതെ ജപ്പാൻ കമ്പനികൾ കേരളത്തിൽ എത്തുമെന്നും പറയുകയുണ്ടായി. ഇതിൽ എന്തൊക്കെ സംഭവിച്ചു എന്നതിൽ വിവരമൊന്നും പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് അന്നത്തെ യാത്രയിൽ ഹിരോഷിമ സ്മാരകത്തിൽ റീത്ത് വെക്കാൻ മാത്രം മുഖ്യമന്ത്രി പതിനായിരം രൂപ ചെലവാക്കിയെന്ന് വ്യക്തമാകുന്നത്. ധനരാജ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതോടെ സൈബറിടങ്ങളിൽ അടക്കം മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ചുള്ള ഓഡിറ്റും നടക്കുന്നുണ്ട്.
വൈദ്യശാസ്ത്രരംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ലോകോത്തര ജപ്പാൻ കമ്പനിയായ ടെറുമോ കോർപറേഷനെ തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ നിക്ഷേപം നടത്താൻ മക്ഷണിച്ചവെന്നാണ് യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടിരുന്നത്. ആരോഗ്യപരിപാലനരംഗത്തെ പരിശീലനകേന്ദ്രമായ പ്രാനക്സ് സെന്റർ സന്ദർശിച്ചശേഷമാണ് ഇതിനു സമാനമായ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചാതായും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
കൂടാതെ ടെറുമോ കോർപറേഷന്റെ സഹസ്ഥാപനമായ ടെറുമോ പെൻപോളിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. ജപ്പാനു പുറത്ത് ഏഷ്യയിലെ ഏറ്റവും വലിയ രക്തബാഗ് നിർമ്മാണക്കമ്പനിയാണിത്. ഈ യൂണിറ്റ് വിപുലമാക്കാൻ 105 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ലോകത്തെ രക്തബാഗ് ഉൽപ്പാദനത്തിന്റെ 10 ശതമാനവും കേരളത്തിൽനിന്നാകും എന്നതടക്കം മുഖ്യമന്ത്രി അവകാശപ്പെടുകയുണ്ടായി. എന്നാൽ, ഈ പദ്ധതിയൊക്കെ എവിടം വരെയായി എന്നതിൽ ആർക്കും വ്യക്തതയും ഇല്ല താനും. കെ റെയിൽ പദ്ധതി മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിലായതോടെ ജൈക്ക വായ്‌പ്പാ സാധ്യതയും ഇരുളടഞ്ഞ വഴിയിലാണ്. പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ ജപ്പാൻ മാതൃക പഠിക്കാനും ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ആ അവകാശവാദവും പൊള്ളയായി മാറി.
യുഎഇ, നെതർലൻഡ്സ്, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. അമേരിക്കയിലേക്ക് പോയതും ചർച്ചകൾ നടത്തിയതും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയായിരുന്നു. യുഎഇയിലേക്ക് പൊലീസ് നവീകരണം പഠിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവർ സന്ദർശനം നടത്തിയത്. ഏറെ ചർച്ചയായ മറ്റൊരു സന്ദർശനമാണ് നെതർലൻഡ്സിലേക്ക് നടത്തിയത്. പ്രളയ പ്രതിരോധം പഠിക്കാനായിട്ടായിരുന്നു സന്ദർശനം. കേരളത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദർശനം. സ്വിറ്റ്സർലൻഡിലേക്ക് പോയത് ഖരമാലിന്യ സംസ്‌കരണത്തെ കുറിച്ചാണ് പഠിച്ചത്. കേരളം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു ഇത്. അതുകൊണ്ട് യാത്രയ്ക്ക് പ്രസക്തിയുമുണ്ടായിരുന്നു. ഫ്രാൻസിലേക്ക് പോയത് സാമ്പത്തിക ആസൂത്രണത്തിൽ ചർച്ചയ്ക്കായിട്ടാണ്.
വിദഗ്ധരുമായി അടക്കം ചർച്ചകൾക്കായിട്ടായിരുന്നു ഈ യാത്ര പ്ലാൻ ചെയ്തിരുന്നത്. ഇതിന് പുറമേ ലണ്ടനിലേക്കും യാത്ര നടത്തി. കിഫ്ബി മസാലബോണ്ടിന്റെ ലോഞ്ചിംഗിന് വേണ്ടിയിട്ടായിരുന്നു ഈ സന്ദർശനം. കേരളത്തിനോ ജനങ്ങൾക്കോ ഗുണം ചെയ്യുന്ന എന്തെങ്കിലും കാര്യം ഈ സന്ദർശനങ്ങളിൽ നിന്നുണ്ടായതായി സർക്കാർ വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ ബ്രിട്ടൻ, നോർവേ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രിയും സംഘവും പോയത്, വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായിട്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ