- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയ രണ്ടാം കർമ്മ പദ്ധതി എങ്ങുമെത്തിയില്ല; 30,000 സർക്കാർ ഓഫിസുകൾക്കും കെ ഫോൺ കണക്ഷൻ നൽകുമെന്ന് പറഞ്ഞിട്ടും ഒന്നുമായില്ല; എത്ര തൊഴിൽ അവസരം സൃഷ്ടിച്ചതെന്നതിനും ഉത്തരമില്ല; കണ്ണിൽ പൊടിയിടൽ തന്ത്രങ്ങൾക്കിടെ മൂന്നാം നൂറുദിന പരിപാടിയിലേക്ക് പിണറായി സർക്കാർ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ കർമ്മപദ്ധതികൾ എന്ന പേരിൽ വിശദമായ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ അദ്ദേഹം തന്നെ മറന്നു പോയ മട്ടാണ്. ഈ പ്രഖ്യാപനങ്ങളെ കുറിച്ച് ജനങ്ങൾ ഓർത്തിരിക്കില്ലെന്നതാണ് ഭരണക്കാർക്ക് ആശ്വാസം നൽകുന്ന കാര്യം. അതിനിടെയാണ് പിണറായി സർക്കാർ മൂന്നാം നൂറുദിന് പരിപാടിയുമായി രംഗത്തുവന്നത്. രണ്ടാം നൂറ് ദിന പരിപാടി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇപ്പോൾ പ്രഹസനം പോലെ മൂന്നാം നൂറ് ദിന പരിപാടിയും തുടങ്ങിയിരിക്കുന്നത്.
ഒന്നാം കർമ്മ പദ്ധതിയിലും രണ്ടാം കർമ പദ്ധതിയിൽ ഇനിയും നടപ്പാകാതെ പ്രഖ്യാപനങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം കെ ഫോണിന്റെ പൂർത്തീകരണമാണ്. 140 മണ്ഡലങ്ങളിൽ 100 കുടുംബങ്ങൾക്കു വീതവും 30,000 സർക്കാർ ഓഫിസുകൾക്കും കെ ഫോൺ കണക്ഷൻ നൽകുമെന്നത് കഴിഞ്ഞ 100 ദിന കർമപരിപാടിയിൽ മുഖ്യമന്ത്രി എടുത്തുപറഞ്ഞ പ്രഖ്യാപനമായിരുന്നു. ഇത് എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്. അതേസമയം എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും, കെ ഫോൺ കണക്ഷൻ നൽകേണ്ട വീടുകളുടെ പട്ടിക പോലും അന്തിമമായിട്ടില്ല.
30,000 സർക്കാർ ഓഫിസുകളിൽ കണക്ഷൻ നൽകുമെന്നു പറഞ്ഞെങ്കിലും ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 26,500 ഓഫിസുകളിലാണു കണക്ഷനു വേണ്ട ഉപകരണങ്ങൾ സ്ഥാപിക്കാനായത്. ഇത് കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണു കഴിഞ്ഞ കർമപരിപാടിയിൽ നടപ്പാകാതെ പോയ മറ്റൊന്ന്. എത്ര തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു എന്ന കാര്യത്തിൽ സർക്കാറിന് തന്നെ വ്യക്തത ഇല്ലാത്ത അവസ്ഥയാണുള്ളത്.
വൈദ്യുതി വകുപ്പ് 5,87,000 തൊഴിൽദിനങ്ങളും ജലവിഭവ വകുപ്പ് 3,91,282 തൊഴിൽദിനങ്ങളും തദ്ദേശവകുപ്പ് 7,73,669 തൊഴിൽദിനങ്ങളും നിർമ്മാണ പ്രവൃത്തിയിലൂടെ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ, പ്രത്യക്ഷവും പരോക്ഷവുമായി 4,64,714 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിൽ കൃഷിവകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരവും 56,500 പരോക്ഷ തൊഴിലവസരവും വനംവകുപ്പ് സാമൂഹിക വനവൽക്കരണ പദ്ധതിയിലൂടെ 93750 തൊഴിലവസരവും സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൃത്യമായി ഇത്രയും തൊഴിലവസരം സൃഷ്ടിക്കപ്പെട്ടോ എന്നു പിന്നീട് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
2022 ലെ സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിച്ച് കഴിഞ്ഞമാസം ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സംരംഭക വർഷം പദ്ധതി വഴി 267196 തൊഴിലവസരങ്ങളുണ്ടായതിനെക്കുറിച്ചു മാത്രമാണു പരാമർശിച്ചത്. ദേശീയപാതയിലും സംസ്ഥാന പാതയിലും സ്ഥാപിച്ച 700 എഐ ക്യാമറകൾ പൂർണമായും പ്രവർത്തന സജ്ജമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ക്യാമറകൾ സ്ഥാപിച്ചതല്ലാതെ ഇതുവരെയും പ്രവർത്തിപ്പിച്ചിട്ടില്ല. കൃഷി വ്യാപിപ്പിക്കാനായി പ്രഖ്യാപിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി തുടങ്ങിവച്ചെങ്കിലും മുന്നോട്ടുപോകാത്ത സ്ഥിതിയാണ്.
അതേസമയം ലൈഫ് പദ്ധതി, പുനർഗേഹം പദ്ധതി, പട്ടയവിതരണം, നവകേരളം ഫെലോഷിപ്, ഗ്രാമീണ റോഡുകൾ തുടങ്ങിയവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടപ്പിൽ വരുത്താനായി. 100 ദിനത്തിനുള്ളിൽ എന്ന ലക്ഷ്യം വച്ചെങ്കിലും ചില പദ്ധതികൾ പിന്നെയും സമയമെടുത്താണു നടപ്പാക്കിയത്.
100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി മൂന്നാം കർമ്മ പദ്ദതി വിശദീകരിച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളിൽ പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തുടർവിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരമേറ്റ് മെയ് ഇരുപതിന് രണ്ട് വർഷം പൂർത്തിയാവുകയാണ്. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്‌കരിക്കാനും കഴിഞ്ഞു.രണ്ട് നൂറുദിന കർമ്മപരിപാടികളാണ് ഒന്നേ മുക്കാൽ വർഷത്തിനിടയിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയത്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറ് ദിന കർമ്മപരിപാടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്നും നാളെ മുതൽ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ആകെ 1284 പ്രോജക്ടുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നുവെന്നും പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു.
മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉൽപ്പാദനവും വിതരണവും ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റർ ഓഫ് എക്‌സലൻസ് കാർഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കും.
ഫ്ളോട്ടിങ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏർപ്പെടുത്തും. ബ്രഹ്മപുരം സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തും. 2.75 മെഗാവട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസിആവാസ മേഖലകളിൽ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യുംയ വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ