തിരുവനന്തപുരം: എല്ലാം ശരിയാക്കാൻ വേണ്ടി പിണറായി സർക്കാർ കേരള ഭരണം കൈയാളിയിട്ട് ഏഴ് വർഷത്തോളം ആകാൻ പോകുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രിക്ക് പേേക്ഷ പിന്നീട് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. സെക്രട്ടറിയേറ്റിൽ അടക്കം കാര്യങ്ങളെല്ലാം പഴയ പടിയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ അടക്കം വീഴ്‌ച്ചകൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രവിഹിതമായി ലഭിക്കേണ്ട പണം പോലും സംസ്ഥാനത്തിന് ലഭിക്കാത്ത അവസ്ഥയുമാണുള്ളത്.

ഈ സാഹചര്യത്തിലാണ് ഭരണം എങ്ങനെ മെച്ചപ്പെടുത്താം എന്നതും സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാരുടെ അഭിപ്രായം കേൾക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനത്തിന് ശേഷവും കാര്യമായൊന്നും സംഭവിച്ചില്ല. സെക്രട്ടറിമാർ പരാതികളുടെ കെട്ടുപൊട്ടിച്ചപ്പോൾ അതേക്കുറിച്ച് കേട്ടിരിക്കാൻ മാത്രമേ മുഖ്യമന്ത്രിക്കും സാധിച്ചുള്ളൂ. ധന, തദ്ദേശ വകുപ്പുകൾക്ക് എതിരെയാണ് സെക്രട്ടറിമാർ ഏറ്റവുമധികം പരാതി ബോധിപ്പിച്ചത്. പണം തന്നെയായിരുന്നു എല്ലായിടത്തും പ്രധാന പ്രശ്‌നമായി നിന്നതും.

ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം ഏതാണ്ട് നിർജീവ അവസ്ഥയിൽ ആകുമെന്ന് വരെ സെക്രട്ടറിമാരിൽ ചിലർ ചൂണ്ടിക്കാട്ടി. തങ്ങളുടെ വകുപ്പിൽ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനോ പരിഷ്‌കാരങ്ങൾ നടപ്പാക്കാനോ സാധിക്കുന്നില്ല. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാൽ തടസ്സങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി. കുറ്റപ്പെടുത്തലുകൾ കൂടുതലും ഉയർന്നത് തദ്ദേശ ഭരണ വകുപ്പിനെതിരൊയിരുന്നു. കേന്ദ്ര പദ്ധതികൾക്ക് പ്രാധാന്യം നൽകാത്തതിനാൽ കേന്ദ്രത്തിൽ നിന്ന് അർഹമായ പണം വാങ്ങിയെടുക്കാൻ സാധിക്കുന്നില്ല.

കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന വിഹിതം അനുവദിക്കണം. അതിനുള്ള ഫയൽ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം ബന്ധപ്പെടുന്നില്ല. ഇത് കൂടാതെ പ്രതികാര നടപടിയെന്ന വിധത്തിലാണ് വകുപ്പുകളിൽ സ്ഥലം മാറ്റം നടക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. ജീവനക്കാരെ തുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു. ഏതെങ്കിലും ഒരു കസേരയിൽ ഇരിക്കുന്നയാൾ ആ ജോലിയിൽ മികവ് നേടുമ്പോഴേക്കും മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.

സെക്രട്ടറിമാർക്ക് എന്നും യോഗങ്ങളുടെ ബഹളമാണ്. ഇതിനിടെ താഴെയുള്ളവർ കൃത്യമായി ഫയലുകൾ കൈമാറുന്നില്ല. വകുപ്പിൽ എന്തു പ്രശ്‌നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം. മറ്റ് ഉദ്യോഗസ്ഥർ വൈകുന്നേരം 5 മണിക്കു സ്ഥലം വിടുമ്പോൾ സെക്രട്ടറിമാർ പണി തീർക്കാൻ ഓവർടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാൽ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.

പരാതികൾ മുഴുവൻ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയൽ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകൾക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതൽ രണ്ടു മാസം ചേരുമ്പോൾ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരും പങ്കെടുത്തു.

അതേസമയം സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും തടസമാകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രം കടമെടുപ്പ് കുറച്ചതും ജി എസ് ടി നഷ്ടപരിഹാരം നിലച്ചതുമെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയായി എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തോത് നിലവിൽ രൂക്ഷമായതിന്റെ മുഖ്യ കാരണം പ്രതിസന്ധി കാലഘട്ടത്തിലെ ശമ്പള പരിഷ്‌കരണമാണ്.

അതു കൊണ്ട് തന്നെ ബജറ്റിൽ വിവിധ തരം നികുതി നിർദ്ദേശങ്ങൾ ഉണ്ടാകും എന്നതും തീർച്ചയായിരുന്നു. ഇതിനിടയിൽ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടാണ് ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചത്. പ്രസ്തുത റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരു ദശകത്തെ മികച്ച വളർച്ചാ നിരക്കാണ് (12%) കേരളം 2021 - 22 വർഷത്തിൽ കൈവരിച്ചിരിക്കുന്നത്. എന്നാൽ ഈ അവകാശ വാദം കണക്കിലെ കളി മാത്രമാകുന്നു. തൊട്ടു മുൻ വർഷം 8.4% ആയതിനാലാണ് ഈ വർഷത്തെ വളർച്ച മികച്ചതായി നമുക്ക് തോന്നുന്നത്. പണപ്പെരുപ്പം ഉൾപ്പെടെ കണക്കിലെടുത്താൽ കഷ്ടിച്ച് 2-3 % വരെ വളർച്ച മാത്രമേ സംസ്ഥാനം കൈവരിച്ചിട്ടുള്ളൂ.