- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ ചെല്ലുന്നിടത്തെല്ലാം മൈക്ക് പ്രശ്നമാണെന്ന് തോന്നുന്നു'; മുഖ്യമന്ത്രിയുടെ മൈക്ക് വീണ്ടും പിണങ്ങി; ഇത്തവണ മൈക്ക് പിണങ്ങിയത് എംപിമാരുടെ യോഗത്തില്‍; കലിപ്പില്ലാതെ സരസമായ മറുപടിയുമായി പിണറായി
'ഞാന്‍ ചെല്ലുന്നിടത്തെല്ലാം മൈക്ക് പ്രശ്നമാണെന്ന് തോന്നുന്നു'
തിരുവനന്തപുരം: കുറച്ചുകാലമായി മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും തമ്മില്‍ കീരിയും പാമ്പും പോലെയാണ്. ഒരിക്കലും സ്വരച്ചേര്‍ച്ചയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. മുഖ്യമന്ത്രി മൈക്കിന് മുന്നിലെത്തിയാല്‍ അപ്പോള്‍ മൈക്ക് പിണങ്ങുന്നത് പതിവാണ്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി എത്തുകയും ചെയ്തു. ഇടക്കിടെ ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴിതാ വീണ്ടും ആവര്‍ത്തിച്ചിരിക്കയാണ്.
വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു. ഇക്കുറി മാരുടെ യോഗത്തിലാണ് മൈക്ക് തകരാറിലായത്. താന്‍ ചെല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേ ഉള്ളൂവെന്ന് തമാശരൂപേണ മുഖ്യമന്ത്രി പറഞ്ഞു. വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിലായിരുന്നു സംഭവം. പക്ഷേ, ഇത്തവണ മുഖ്യമന്ത്രി കാര്യം സരസമായാണ് കൈകാര്യം ചെയ്തത്. ഞാന്‍ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്‌നമാണല്ലോ എന്ന മുഖ്യമന്ത്രിയുടെ കമന്റ് എംപിമാരില്‍ അടക്കം എല്ലാവരിലും ചിരിപടര്‍ത്തി.
വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യമന്ത്രിയുമായി പിണങ്ങിയിട്ടുണ്ട്. ഏപ്രിലില്‍ പത്തനംതിട്ടയില്‍ അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കണക്ഷനിലെ തകരാര്‍ മൂലം മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നിരുന്നു. സൗണ്ട് ബോക്സിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മൈക്ക് ഒടിഞ്ഞുവീണതും വലിയ ചര്‍ച്ചയായിരുന്നു.
ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മൈക്കുമായി മുഖ്യമന്ത്രിക്കുണ്ടായെങ്കിലും കേരള സമൂഹത്തില്‍ ഏറെ ചിരിപ്പിച്ച വിവാദ സംഭവമായിരുന്നു മൈക്ക് കേടായതിന് കേസെടുത്തത്. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമായിരുന്നു കേസ്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യുക എന്നതാണ് വകുപ്പ്.
എന്നാല്‍ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് പിടിച്ചെടുത്ത ആംപ്ലിഫയര്‍ ഉള്‍പ്പെടെയുള്ള മൈക്ക് സെറ്റ് ഉടമക്ക് തിരിച്ചു നല്‍കുകയും ചെയ്തു. എന്തായാലും ഇത്തവണ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ ചിരിച്ച് കൊണ്ട് നേരിടാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്.