കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസംകൊണ്ട് പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. പണം ആവശ്യപ്പെട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം നമ്മുടെ നാട്ടിലും ഉണ്ടായിരിക്കുന്നു.

ചില സാഹചര്യങ്ങളിൽ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചെന്ന് വരില്ല. അപ്പോൾ പൊലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ പ്രവണതയുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ നമുക്ക് പ്രതിഷേധം അറിയിക്കാൻ അവകാശമുണ്ട്. എന്നാൽ ഈ കേസിൽ അതിനുള്ള സമയം ആയിട്ടില്ല. അതിനു മുമ്പ് തന്നെ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനാണ് ചിലർ പുറപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് യുക്തിബോധത്തിന് ചേരാത്ത പ്രതികരണമാണ് നടത്തിയത്. അതൊക്കെ രാഷ്ട്രീയ മുതലെടുപ്പായിട്ടേ കാണാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന കാര്യത്തിൽ രാജ്യത്തു തന്നെ മുൻനിരയിലാണ് കേരള പൊലീസ്. ആലുവ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരള പൊലീസിന്റെ മികവാണ്. ചിലപ്പോൾ അന്വേഷണത്തിന് കുറച്ചധികം ദിവസങ്ങൾ എടുത്തു എന്നുവരാം. അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസിനു നേരെയുണ്ടാകുന്ന മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ശരിയായ കാര്യമല്ല. കൊല്ലത്തെ സംഭവത്തിൽ മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ സംയമനവും സൂക്ഷ്മതയും തുടരണം.

എ.കെ.ജി സെന്ററിനു നേരെ ആക്രമണമുണ്ടായപ്പോൾ പ്രതികളെ പിടികൂടാൻ താമസമുണ്ടായപ്പോൾ പൊലീസിനു നേരെ നിരവധി പ്രചാരണങ്ങളുണ്ടായി. ഇലന്തൂർ നരബലിക്കേസും മറ്റൊരുദാഹരണമാണ്. കൊല നടത്തി മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയതും കേരള പൊലീസിന്റെ മികവിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തട്ടിക്കൊണ്ടു പോകൽ കേസിൽ മുഖ്യപ്രതി പത്മകുമാർ(52), കൂട്ടുപ്രതികളായ ഭാര്യ എം.ആർ.അനിതകുമാരി(45), മകൾ പി. അനുപമ(20) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യക്കും മകൾക്കും കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായതോടെയാണ് ഇവരെയും അറസ്റ്റ് ചെയ്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യയാണെന്ന് സ്ഥിരീകരിച്ചു. ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നത്. പണമായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസിൽ കൂടുതൽ പ്രതികളില്ലെന്നും പൊലീസ് പറയുന്നു. പ്രതികളെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ആഡംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും വൻ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിവരെ പൊലീസ് പത്മകുമാറിനെ അടൂർ കെ.എ.പി ക്യാമ്പിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവർ അടൂർ എ.ആർ ക്യാമ്പിലുണ്ട്. രാവിലെ തിരിച്ചെത്താൻ റൂറൽ എസ്‌പി അടക്കമുള്ളവർക്ക് എ.ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. പത്മകുമാറിന് രണ്ടുകോടിയിലേറെ രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് കാറുകളും ഫാം ഹൗസുമൊക്കെ ഇയാൾക്ക് സ്വന്തമായുണ്ട്. വീട്ടിൽ ഒരുപാട് നായ്ക്കളെ വളർത്തിയിരുന്നു. പിടിയിലാകുമെന്ന് കണ്ടതോടെ നായ്ക്കളെ മുഴുവൻ ഫാം ഹൗസിലാക്കിയ ശേഷമായിരുന്നു കുടുംബ സമേതം തെങ്കാശിയിലേക്ക് പോയത്. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന പത്മകുമാർ പിന്നീട് സ്വന്തം ബിസിനസിലേക്ക് തിരിയുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടിയത്. പുളിയറയിലെ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.