- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും; അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതം; യാത്രാ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; യാത്രാ സുരക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടും: എലത്തൂർ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പൊലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കോഴിക്കോട് അക്രമി ട്രെയിനിൽ തീവെച്ച സംഭവത്തിൽ ദുരൂഹത വർധിക്കുകായാണ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചുവന്ന ഷർട്ട് ധരിച്ചയാൾ റോഡിൽ കാത്തുനിൽക്കുന്നതും കുറച്ചുസമയത്തിന് ശേഷം ഒരു ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃക്സാക്ഷികൾ നൽകിയ വിവരണവുമായി ഒത്തുപോകുന്നതാണ് സിസിടിവിയിൽ കണ്ട വ്യക്തിയും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൊബൈൽഫോണും ബാ?ഗും വസ്ത്രവും കണ്ണടയും പൊലീസിന് ലഭിച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ മുൻപെങ്ങും നടന്നിട്ടില്ലാത്ത വിധത്തിലുള്ള അക്രമത്തിൽ ശാസ്ത്രീയ അന്വേഷണം നടക്കുകയാണെന്നും പ്രതിയിലേക്ക് എത്തുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചു. ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന കുറിപ്പിൽ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലിഷിൽ 'എസ്' എന്ന രീതിയിൽ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്. പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നുണ്ട്. ഭീകരവാദ- മാവോയിസ്റ്റ് ആക്രമണ സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.