- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തരം ഭരിക്കുന്ന വ്യക്തിയെങ്കിലും പൊലീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ല! തന്റെ സുരക്ഷയുടെ പേരിൽ ആരെയും കരുതൽ തടങ്കലിൽ ആക്കിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; സ്വർണ്ണക്കടത്തു പ്രതിഷേധത്തിൽ 25 പേരെ കസ്റ്റഡിയിലെടുത്തതു കേരളം മുഴുവൻ അറിഞ്ഞിട്ടും മുഖ്യൻ അറിയാതിരിക്കുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരം ഭരിക്കുന്ന പൊലീസ് മന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ, അദ്ദേഹം തന്നെ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ എത്രകണ്ട് അറിയുന്നുണ്ട് എന്ന കാര്യങ്ങൾ സംശയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് പൊലീസിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്്. മുഖ്യമന്ത്രി ആകട്ടെ ഇവർ നൽകുന്ന വിവരങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നും അറിയാത്ത അവസ്ഥയിലും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. കേരളം മുഴുവൻ ശ്രദ്ധിച്ച കരുതൽ തടങ്കൽ കേസുകളിൽ പോലും തനിക്കൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
തന്റെ സുരക്ഷയുടെ പേരിൽ ആരെയും കരുതൽ തടങ്കലിൽ വച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുന്നു എന്ന ആരോപണം വാസ്തവമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിനു രേഖാമൂലം മറുപടി നൽകി. സെഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കുള്ളത്. പ്രാദേശിക സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് ഇത് ഏർപ്പെടുത്തുന്നതെന്നും മറുപടിയിൽ അറിയിച്ചു.
എന്നാൽ, ഈയിടെ സ്വർണക്കടത്തു കേസ് വെളിപ്പെടുത്തലിനെത്തുടർന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർന്നപ്പോൾ വിവിധ സംഭവങ്ങളിലായി 25 പേരെയാണു കസ്റ്റഡിയിലെടുത്തു കരുതൽ തടങ്കലിൽ വച്ചത്. കരിങ്കൊടി കാണിച്ചവരെ മാത്രമല്ല, വഴിയിൽ ചായ കുടിച്ചു നിന്നവരെയും ഖദർ വേഷധാരികളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതും കുമാരനാശാന്റെ 150ാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ടു തോന്നയ്ക്കലിൽ നടന്ന ചടങ്ങിൽ നിന്നു ഡിസിസി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കിയതും വിവാദമായിരുന്നു.
എറണാകുളത്ത് ഗവ.പ്രസിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കു മുന്നോടിയായി 7 പേരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പങ്കെടുത്ത വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിക്കു മുമ്പ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി എംആർ ബൈജു, പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. സമാനമായി എറണാകുളം സർക്കാർ പ്രസിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കു മുന്നോടിയായി ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ പരിപാടി നടക്കുന്നതിന് നാലു ദിവസം മുമ്പ് കുന്ദംകുളത്ത് നിന്ന് മൂന്നുപേരേയും കരുതൽ തടങ്കലിലെടുത്തിരുന്നു.
സാധാരണ ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ കരുതൽ തടങ്കൽ നിയമം സർക്കാരുകൾ പ്രയോഗിക്കരുത് എന്ന് സുപ്രീംകോടതി വിധിയുണ്ട്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന ഈ നിയമം വളരെ മിതമായി മാത്രമേ പ്രയോഗിക്കാവൂ എന്നും ജൂലൈ നാലിന് ജസ്റ്റിസ് സി ടി രവികുമാർ പുറപ്പെടുവിച്ച വിധിയിൽ പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ