- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ പ്രായം ഉയർത്തി യുവാക്കളുടെ പ്രതീക്ഷ കെടുത്തി; സാമ്പത്തിക പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടവേ അപ്രഖ്യാപിത നിയമന നിരോധനവും; എന്നിട്ടും പിണറായിയുടെ തള്ളിന് മാത്രം കുറവില്ല; നാല് വർഷത്തിനുള്ളിൽ കേരളത്തിൽ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ പ്രതീക്ഷിക്കുന്ന യുവാക്കളുടെ മോഹങ്ങളെ കെടുത്തുന്ന വിധത്തിലുള്ള തീരമാനമാണ് ഇന്നലെ പുറത്തുവന്നത്. സർക്കാറിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷപ്രായം 60 ആക്കി ഉയർത്തുകയാണ് സർക്കാർ ചെയ്തത്. ഇതിനെതിരെ ഡിവൈഎഫ്‌ഐ പോലും പ്രതികരിക്കുന്നില്ലെന്നതാണ് പ്രത്യേകത. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ നിയമനങ്ങൾക്കും അപ്രഖ്യാപിത നിരോധനം നിലനിൽക്കുന്നുണ്ട്. എങ്കിലു മുഖ്യമന്ത്രി പിണറായി വിജയന്റെ തള്ളിന് മാത്രം ഒരു കുറവും ഇല്ലാത്ത അവസ്ഥയിലാണ്.
കേരളത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന പല പദ്ധതികളും പൂർത്തീകരണത്തോട് അടുക്കുകയാണെന്നും 2026 ആകുമ്പോൾ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുന്നത്. ബൈജൂസ് അടക്കം നാടുവിടുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ശാക്തീകരണത്തിനു നടത്തിയ ഇടപെടൽ ഫലം കാണുന്നുണ്ടെന്നും കേരളപ്പിറവിയോടനുബന്ധിച്ചുള്ള ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
നാക് പരിശോധനയിൽ കേരള സർവകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, ശങ്കരാചാര്യ, കുസാറ്റ് സർവകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. എൻഐആർഎഫ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ നൂറിൽ ഉണ്ട്. വർഗീയ സംഘർഷങ്ങളില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമെന്ന പദവി ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണം. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. ഈ സർക്കാരിന്റെ കാലത്തു 4,814 കോടി രൂപയാണ് പൊതുവിതരണം ശക്തമാക്കാൻ ചെലവഴിച്ചത്.
ദേശീയപാത 66ന് സമാന്തരമായി 4 ഐടി ഇടനാഴികൾ സ്ഥാപിക്കുകയാണ്. തിരുവനന്തപുരം ടെക്‌നോപാർക്ക് ഫെയ്‌സ് ത്രീ മുതൽ കൊല്ലം വരെയും ചേർത്തല മുതൽ എറണാകുളം വരെയും എറണാകുളത്തു നിന്നു കൊരട്ടി വരെയും കോഴിക്കോട് മുതൽ കണ്ണൂർ വരെയുമാണ് ഇടനാഴികൾ. ദേശീയ പാതയ്ക്കു സമാന്തരമായി ഐടി പാർക്കിന് 15 മുതൽ 25 ഏക്കർ വരെ ഏറ്റെടുക്കും. ഈ ഭൂമിയിൽ 50,000 മുതൽ 2 ലക്ഷം ചതുരശ്രയടി വരെ വിസ്തീർണമുള്ള 20 ചെറിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും.
2016ൽ എൽഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ 3 ഐടി പാർക്കുകളിലായി 640 കമ്പനികളും 78,068 ജീവനക്കാരും 9,753 കോടിയുടെ ഐടി കയറ്റുമതിയുമാണ് ഉണ്ടായിരുന്നത്. ഇന്ന് 1,106 കമ്പനികളും 1,35,288 ജീവനക്കാരും 17,356 കോടിയുടെ ഐടി കയറ്റുമതിയും ആയി. ഈ സർക്കാരിന്റെ ആദ്യ 200 ദിനം കൊണ്ട് 75,000 സംരംഭങ്ങൾ തുടങ്ങി. 4,694 കോടിയുടെ നിക്ഷേപങ്ങളും സംഭരിച്ചു. 1,65,301 തൊഴിലവസരം സൃഷ്ടിച്ചു.
മാനവവികസന സൂചികയിൽ ഒന്നാം സ്ഥാനത്താണു കേരളം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും പാർപ്പിട രംഗത്ത് ഇടപെടലുകൾ കാര്യക്ഷമമാക്കിയും നവകേരള സൃഷ്ടിക്കുള്ള അടിത്തറ പാകാൻ കഴിഞ്ഞ ഇടതു സർക്കാരിനായി. അതിന്റെ ഫലമായി ആണ് തുടർഭരണത്തിൽ എത്തിയത്. ഇത്തവണത്തെ 900 വാഗ്ദാനങ്ങളിൽ 85% കാര്യങ്ങളിലും പ്രാഥമിക നടപടികളിലേക്കു കടന്നു.
ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അത് എല്ലാവർക്കും പ്രാപ്യമാക്കാനാണ് കെ ഫോൺ . ഇതിന്റെ 85% പൂർത്തീകരിച്ചു. ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ 1,406 കോടിയാണ് വിതരണം ചെയ്തത്. ലൈഫ് മിഷൻ മുഖേന 50,650 വീടുകൾ നിർമ്മിച്ചു നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ