- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും 18 മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള ലോകായുക്ത കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം; വാദം പൂർത്തിയായ കേസിൽ ആറ് മാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണവും കാറ്റിൽപ്പറത്തി; പിണറായി ലോകായുക്തയുടെ പല്ലുപറിച്ച ബിൽ പാസാക്കിയതും ഈ കേസിനെ തുടർന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയിലെ കേസിൽ വിചാരണ പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി വന്നില്ല. ഈ കേസിനെ തുർന്നാണ് ലോകായുക്തയുടെ പല്ലുപറിക്കുന്ന വിധത്തിലുള്ള ബിൽ നിയമസഭയിൽ പാസാക്കിയത്. എന്നാൽ, ഈ ബില്ലിൽ ഇനിയും ഗവർണർ ഒപ്പുവെച്ചിട്ടില്ല. ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്തത്.
കേസിൽ വാദം പൂർത്തിയായിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. 2022 ഫെബ്രുവരി അഞ്ചിന് ആരംഭിച്ച് മാർച്ച് 18നാണ് വാദം പൂർത്തിയായത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഉൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. ഇതിനിടെ ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സർക്കാർ ഓർഡിനൻസ് ഇറക്കി. ഈ വകുപ്പു പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.
ഓർഡിനൻസിനു പകരമുള്ള ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പു വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും വിധി പറയാതെ മാറ്റിവച്ചിരിക്കുകയാണ്. 6 മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ട്. കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹർജിക്കാരൻ.
എൻസിപി നേതാവ് പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി. എൻജിനീയർ ആയി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽനിന്നു നൽകിയത് ദുർവിനിയോഗം ആണെന്നും ഈ തുക മന്ത്രിമാരിൽനിന്ന് ഈടാക്കണമെന്നും അവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അടുത്തിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകായുക്തക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കർണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎൽഎയുടെ വീട്ടിൽ കയറി വരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുമ്പോൾ, പിണറായി സർക്കാർ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് സുധാകരൻ കുറ്റപ്പെടുത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് സർക്കാർ ആനുകൂല്യങ്ങൾക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രൻനായരുടെ മകന് എൻജിനീയറായി ജോലിക്കു പുറമെ സ്വർണ, വാഹനവായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒമ്പത് ലക്ഷം രൂപയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയത്.
രോഗം, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം. മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിന്റെ ഇതു സംബന്ധിച്ച ഹരജി പ്രസക്തമാണെന്ന് ലോകായുക്ത തുറന്നു സമ്മതിച്ചെങ്കിലും ഒരു വർഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമർശനമുണ്ട്. ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താൽ അത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത് അതിവേഗം ഓർഡിനൻസും പിന്നീട് ബില്ലും കൊണ്ടുവന്നത്. തുക അനുവദിച്ചത് ഒന്നാം പിണറായി സർക്കാരാണെങ്കിലും ഇപ്പോൾ പിണറായി വിജയൻ മാത്രമാണ് അധികാരത്തിലുള്ളത്.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാൽ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്ലേറ്റ് അഥോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപ്ലേറ്റ് അഥോറിറ്റി നിയമസഭ ആയതിനാൽ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം. മന്ത്രി കെ.ടി. ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, പുതിയ ബിൽ പ്രകാരം മന്ത്രിമാരുടെ കേസുകളിൽ മുഖ്യമന്ത്രിയാണ് അപ്ലേറ്റ് അധികാരി. രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾക്കെതിരേ ലോകായുക്തയിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ