- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പ്രാർത്ഥനാ ഗാനം കേട്ടിട്ടും എഴുന്നേറ്റില്ല; കടന്നപ്പള്ളിയെ പിടിച്ചിരുത്തുകയും ചെയ്തു; ഗുരുവായൂരിൽ പോയി കൃഷ്ണൻ അവിടെയാണോ ഇരിക്കുന്നതെന്ന് ചോദിച്ചതും ചർച്ചകളിൽ; കേരളത്തിൽ ആചാരാനുഷ്ടാനങ്ങളോട് അകലം; തെലുങ്കാനയിൽ പൂജാരി നൽകിയ പുഷ്പങ്ങൾ വാങ്ങി തളികയിൽ അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും; വീഡിയോ വൈറലാകുമ്പോൾ
കൊച്ചി: ക്ഷേത്രത്തിൽ പൂജാരി നൽകിയ പുഷ്പങ്ങൾ വാങ്ങി തളികയിൽ അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ വൈറൽ. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനിടയിലെ ചടങ്ങിലായിരുന്നു സംഭവം. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം.
കേരളത്തിൽ ആചാരാനുഷ്ടാനങ്ങളോട് അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ അത് പ്രശ്‌നമാക്കുന്നില്ല എന്ന തരത്തിൽ ആക്ഷേപവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ ഒരു പരിപാടിയിൽ പ്രാർത്ഥനാ ഗാനം ആലപിക്കുമ്പോൾ പോലും പിണറായി എഴുന്നേറ്റിരുന്നില്ല. അന്ന് ഒപ്പമുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെ എഴുന്നേൽക്കാനും സമ്മതിച്ചില്ല. അത്തരൊരു നേതാവിന്റെ തെലുങ്കാനായിലെ പുഷ്പാർച്ചനയാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്.
എന്തൊരു നയനമനോഹരമായ കാഴ്‌ച്ച.. നമ്മുടെ മുഖ്യമന്ത്രി തെലുങ്കാനയിൽ പൂജ കഴിഞ്ഞ് പുഷ്പങ്ങൾ അർപ്പിക്കുന്നു. ഇവിടെയല്ലേ ഇതിനൊക്കെ ഭ്രഷ്ടുള്ളൂ.. അവിടെ പോയി ഇതൊന്നും എന്റെ പണിയല്ല എന്ന് പറഞ്ഞാൽ പണി കിട്ടും എന്നറിയാം....... അയാളുടെ കളിയെല്ലാം കേരളത്തിലേ ഹിന്ദുവിനോട് മാത്രം....-ബിജെപി നേതാവ് പ്രകാശ് ബാബു ഈ അടിക്കുറിപ്പോടെയാണ് പിണറായിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. മുമ്പ് ഗുരുവായൂരിൽ പോയി അവിടെയാണോ കൃഷ്ണൻ ഇരിക്കുന്നതെന്ന് ചോദിച്ചിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.
കേരള മുഖ്യമന്ത്രിയെ കൂടാതെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കൾ കൂടി പങ്കെടുത്ത പരിപാടി പ്രതിപക്ഷ ഐക്യത്തിന്റെയും ശക്തിപ്പെടലിന്റെയും സൂചന കൂടി നൽകുന്നതായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ സഖ്യത്തിന് കളമൊരുക്കുക, ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് മഹാറാലി സംഘടിപ്പിച്ചത്.
ഖമ്മത്ത് എത്തുന്നതിന് മുമ്പ് കെ.സി.ആറും അരവിന്ദ് കേജ്രിവാളും അഖിലേഷ് യാദവും യാദഗിരി ഗുട്ടയിലെത്തി ക്ഷേത്ര ദർശനം നടത്തി. തൊഴിലില്ലായ്മയോ അവശ്യ സാധന വില വർദ്ധനവോ പ്രധാനമന്ത്രിക്ക് വിഷയമല്ല. ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കുന്നതിലാണ് ശ്രദ്ധ. പഞ്ചാബ്,ഡൽഹി, തമിഴ്‌നാട്, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ഗവർണർമാരിലൂടെ തടസ്സം സൃഷ്ടിക്കുകയാണെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
രാജ്യത്തെ യുവാക്കൾക്ക് തൊഴിലാണ് വേണ്ടതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നമ്മൾ ഒരുമിച്ചു നിന്നാൽ പുരോഗമന അജൻഡയിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അഖിലേഷ് യാദവും പറഞ്ഞു. ചന്ദ്രശേഖർ റാവുവിന്റെ പ്രസംഗത്തോടെ മെഗാ റാലി സമാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ