കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ച ആദ്യ വിമാനവാഹിനിയായ ഐഎൻസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കാൻ വേണ്ടിയാണ് മോദി കേരളത്തിൽ എത്തിയത്. ഇതിനൊപ്പം കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിന്റെ ഉദ്ഘാനവും ദ്ദേഹം നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള പരിപാടികളില്ലെല്ലാം പങ്കെടുത്തിരുന്നു.

കൊച്ചി വിമാനത്താവളത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി അനിൽ കാന്ത് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ യാത്രയാക്കി. കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂപ്പുകൈകളിൽ കൈചേർത്തുപിടിച്ചാണ് മോദി യാത്രപറഞ്ഞത്. ഇതിന്റെ ചിത്രങ്ങൾ ശ്രദ്ധേയമായി. സൈബറിടത്തിൽ ഈ ചിത്രങ്ങൾ വൈറലാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. കേരള മുഖ്യമന്ത്രി ഒരുക്കിയ ആഥിത്യത്തിൽ മോദിയും ഹാപ്പിയായോ എന്നാണ് സൈബറിടത്തിൽ പലരും ഉന്നയിച്ച ചോദ്യം.

ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ ഊന്നലിന്റെ ഉദാഹരണമാണ് ഐഎൻഎസ് വിക്രാന്തെന്ന് കപ്പൽ രജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വിക്രാന്ത് വെറുമൊരു യുദ്ധകപ്പലല്ല. വിശാലമാണ്, വിരാടാണ്, വിശിഷ്ടമാണ്. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിത്. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും നിർവഹിച്ചിരുന്നു. വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നടന്ന ബിജെപി. പൊതുസമ്മേളനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിച്ചിരുന്നു.

റെയിൽവേ പദ്ധതികൾ കേരളത്തിന്റെ ടൂറിസത്തേയും വ്യാപാരത്തേയും ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖം മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് ഓണസമ്മാനമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എട്ട് വർഷമായി നഗര ഗതാഗതത്തിന്റെ ഏറ്റവും പ്രധാന മാർഗമായി മെട്രോ റെയിലിനെ മാറ്റിത്തീർക്കാൻ കേന്ദ്രസർക്കാർ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ പിണറായി വിജയൻ കേരളത്തിന്റെ വികസന ആവശ്യങ്ങളെ കുറിച്ചും ആവശ്യങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്.