പാലക്കാട്: പൊലീസിന്റെ കരുതലൊന്നും ഫലിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ജില്ലയിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയത്. മുൻകരുതൽ അറസ്റ്റുകളും നടന്നു. കരിങ്കൊടി കാട്ടാൻ ആരേയും അനുവദിക്കില്ലെന്നതായിരുന്നു പൊലീസ് നിലപാട്. എന്നാൽ അത് വെറുതയായി. മുഖ്യമന്ത്രിക്കെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധം കണ്ട് പൊലീസും ഞെട്ടി.

ചാലിശേരിയിലൂടെ കടന്നു പോകുമ്പോൾ രണ്ടിടത്തു വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തുനിന്നും പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷ ഒരുക്കാനും സംശയം തോന്നുന്നവരെ മുൻകൂട്ടി പിടിക്കാനും തീരുമാനിച്ചിരുന്നു. എന്നിട്ടും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം നടത്തി.

ഈ ദൂരപരിധിക്കുള്ളിൽ രണ്ടിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടി പ്രതിഷേധം നടത്തിയ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എങ്ങനെയാണ് ഇവർ കരിങ്കൊടിയുമായി എത്തിയതെന്നത് പൊലീസിനേയും അമ്പരപ്പിച്ചു. പൊലീസിന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബിനെ ചാലിശേരി പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. മറ്റു ചില നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നതായി വിവരമുണ്ട്്. ഇതിനിടെയാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

പരിപാടി ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി ഹെലികോപ്റ്ററിൽത്തന്നെ കണ്ണൂരിലേക്കു മടങ്ങും. റോഡിലെ കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാനാണ് ഇത്.