കോഴിക്കോട്: എക്സൈസ് മന്ത്രിയായിട്ടും യാതൊരു അഴിമതി ആരോപണങ്ങൾ പോലുമില്ലാതെ ജീവിതം നയിച്ച ആളാണ് സിപിഎം നേതാവ് പി കെ ഗുരുദാസൻ. കേരളത്തിൽ അന്യം നിന്നുപോകുന്ന അഴിമതിരഹിതരായ നിസ്വാർഥരായ നേതാക്കളുടെ അവസാന കണ്ണി. 10 വർഷം എംഎൽഎയായും, 5വർഷം മന്ത്രിയായും, കാൽനൂറ്റാണ്ടോളം സിപിഎം ജില്ലാ സെക്രട്ടറിയായും, സിഐടിയു സംസ്ഥാന സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ച് വിശ്രമ ജീവിതം നയിക്കയാണ്, കൊല്ലത്തുകാരനായ ഈ നേതാവ്. ഗുരുദാസൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത് വീടില്ലാത്ത അദ്ദേഹത്തിന് സിപിഎം മുൻകൈയെടുത്ത് വീട് ഉണ്ടാക്കിയതിന്റെ പേരിലാണ്.

കഴിഞ്ഞ ദിവസമാണ്, കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് പേടികുളത്ത് പാർട്ടി കൊല്ലം ജില്ലാക്കമ്മിറ്റി ഗുരുദാസനായി നിർമ്മിച്ചു നൽകിയ 'പൗർണമി' വീടിന്റെ ഗൃഹപ്രവേശം നടന്നത്. ഇതുസംബന്ധിച്ച് മനോരമ വാർത്ത ഇങ്ങനൊയണ്. '' പാലുകാച്ചൽ അടക്കമുള്ള ആചാരങ്ങളൊന്നുമില്ലാതെ ഭാര്യ ലില്ലിക്കൊപ്പം ഗുരുദാസൻ പുതിയ വീട്ടിലേക്ക് പ്രവേശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, സി.എസ്.സുജാത, പി.കെ.ശ്രീമതി, ആനത്തലവട്ടം ആനന്ദൻ, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എംഎൽഎമാരായ എം.മുകേഷ്, ഒ.എസ്.അംബിക, മുൻ മേയർ സി.ജയൻബാബു തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.

കാൽ നൂറ്റാണ്ട് പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന വേളയിൽ കൊല്ലത്ത് വാടക വീട്ടിലായിരുന്നു ഗുരുദാസന്റെ താമസം. പിന്നീട് തിരുവനന്തപുരത്ത് പാർട്ടിയുടെ ഫ്ലാറ്റിലേക്കു മാറി. 10 വർഷം എംഎൽഎ, വി എസ് മന്ത്രിസഭയിൽ തൊഴിൽ- എക്സൈസ് മന്ത്രി , പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 33 ലക്ഷം രൂപ ചെലവിൽ ഓഫിസ് ഉൾപ്പെടെ 3 മുറികൾ, അടുക്കള, ഹാൾ എന്നിവ അടക്കം 1700 ചതുരശ്രയടിയിൽ ഒറ്റ നില വീടാണ് നിർമ്മിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാൽ, കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നിർമ്മാണം . സീമ (താലൂക്ക് ഓഫിസ് കൊല്ലം), ഡിവ (അർബൻ ബാങ്ക് ചാത്തന്നൂർ), രൂപ (ധനലക്ഷ്മി ബാങ്ക് ആറ്റുകാൽ), ഗിരി (ന്യൂയോർക്ക്) എന്നിവരാണ് ഗുരുദാസന്റെ മക്കൾ.''- ഇങ്ങനെ അവസാനിക്കുന്ന വാർത്തയുടെ അവസാനഭാഗമാണ് സോഷ്യൽ മീഡിയ വിവാദമാക്കുന്നത്.

ഇത് പ്രകാരം ഗുരുദാസന്റെ നാലുമക്കളും നല്ല നിലയിലാണ്. മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് അദ്ദേഹത്തിനുള്ളത്. പെൺകുട്ടികൾ മൂന്ന് പേരും വിവാഹിതരുമാണ്. ഒരു മകൻ ന്യൂയോർക്കിലാണ്, ഒരു മകൾ സർക്കാർ ജീവനക്കാരിയാണ്, രണ്ട് പെൺമക്കൾ ബാങ്ക് ഉദ്യോഗസ്ഥരുമാണ്. ഇനി മക്കളുടെ ശമ്പളവും ആസ്തികളും പിതാവിന്റെതിൽ കൂട്ടാൻ കഴിയില്ല എന്ന് വെക്കുക. എന്നാൽ ഗുരുദാസന് മാന്യമായി ജീവിക്കാനും ലോണെടുത്ത് ഒരു ചെറിയ വീടുണ്ടാക്കാനും കഴിയുന്ന തുക അദ്ദേഹത്തിന് എംഎൽഎ പെൻഷനായി ലഭിക്കുന്നുണ്ട്. 2018 മാർച്ചിൽ നിയമസഭ പാസാക്കിയപൻഷൻ ഭേദഗതി ബിൽ പ്രകാരം അഞ്ചു വർഷം പൂർത്തിയാക്കിയ എംഎൽഎയ്ക്ക് 20,000 രൂപയാണ് പെൻഷൻ ലഭിക്കുക. എംഎൽഎ സ്ഥാനത്ത് നാലു വർഷം മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളതെങ്കിൽ 16,000 രൂപയും മൂന്നു വർഷമാണെങ്കിൽ 12,000 രൂപയും രണ്ടോ അതിൽ കുറവോ വർഷം മാത്രമാണ് എംഎൽഎ സ്ഥാനത്തുണ്ടായിരുന്നതെങ്കിൽ 8,000 രൂപയുമാണ് പെൻഷൻ ലഭിക്കുക.

ഇനി അഞ്ചു വർഷത്തിൽ കൂടുതൽ കാലയളവിൽ എംഎൽഎ ആയിട്ടുണ്ടെങ്കിൽ നിശ്ചിത തുകയായ 20,000 രൂപയോടൊപ്പം അധികമാകുന്ന ഓരോവർഷത്തിനും 1000 രൂപ വർധിക്കും. ഇത്തരത്തിൽ വർധിക്കുന്ന തുക 50,000 എന്നും നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം 10 വർഷം എംഎൽഎ ആയ ഗുരുദാസന് 25000 രൂപയാണ് ലഭിക്കുക. ഇതിന് പുറമെ യാത്രാബത്തയും ചികിത്സാ ചെലവും മുൻ എംഎൽഎമാർക്ക് ലഭ്യമാക്കുന്നുണ്ട്. പെൻഷൻ വാങ്ങുന്നവർ മരിച്ചുപോയാൽ അവരുടെ നിയമപ്രകാരമുള്ള ആശ്രിതർക്കും പെൻഷൻ ലഭിക്കും.

അതായത് ഗുരുദാസന് യാത്രാചെലവും ചികിത്സാചെലവും വരെ സൗജന്യമാണ്. സാധാരണ കേരളത്തിലെ ഒരു വയോധികർ അനുഭവിക്കുന്ന യാതൊരു ആകുലതയും അദ്ദേഹത്തിന് ആവശ്യമില്ല. എന്നിട്ടും കൃത്രിമമായി ഒരു ദാരിദ്ര്യം ഉണ്ടാക്കി, സഖാക്കളുടെ സഹായത്തണലിലാണ് ഗുരുദാസൻ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത് എന്ന പ്രതീതി ഉണ്ടാക്കുന്നത് എന്തിനാണ് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. ഗുരുദാസനെ മുൻനിർത്തി ഇതുപോലെ നിസ്വനായ ഒരു നേതാവിനെ മറ്റ് പാർട്ടികളിൽ നിങ്ങൾക്ക് കാണിച്ചുതരാൻ കഴിയുമോ എന്നൊക്കെയാണ് സൈബർ സഖാക്കൾ ചോദിക്കുന്നത്.

നേരത്തെ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വീട് വിറ്റുപോയപ്പോഴും സമാനമായ പ്രചാരണം ഉണ്ടായിരുന്നു. മൂന്നുതവണ എംഎൽഎയും രണ്ടുതവണ മന്ത്രിയും ആയ നേതാവ് തീർത്തും അഴിമതി രഹിതനായ പാലോളി. പക്ഷേ ഗുരുദാസന്റെ മക്കളെപ്പോലെയായിരുന്നില്ല, വെറും സാധാരണക്കാർ ആയിരുന്നു പാലോളിയുടെ മക്കൾ. ഹൈദരലി, നബീസ, ജമീല, അഷറഫ് എന്ന നാലുമക്കളാണ് പാലോളിക്ക്. പെൺമക്കളുടെ വിവാഹവും മറ്റുമായി ബന്ധപ്പെട്ട കുറച്ച് ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും അത് പരിഹരിക്കാനാണ് മലപ്പുറം കോഡൂരിലെ വീട് വിൽക്കുന്നതെന്നും പാലോളി നേരത്തെ പറഞ്ഞിരുന്നു. 71കാരനായ പാലോളി മക്കൾക്കൊപ്പം വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോൾ.

എന്നാൽ പി കെ ഗുരുദാസന്റെ ഒപ്പം ഭാര്യ ലില്ലി മാത്രമാണ് ഇപ്പോഴുള്ളത്. പുതിയ വീടിന്റെ ആദ്യ ദിനത്തിൽപോലും മക്കൾ എത്തിയോ എന്നത് വ്യക്തമല്ല. ഇനി മക്കളുമായി കുടുംബപ്രശ്നങ്ങൾ വല്ലതും ഉള്ളതുകൊണ്ടാണോ ഗുരുദാസൻ പാർട്ടിയുടെ തണലിലേക്ക് വന്നത് എന്ന സംശയവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.