കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെയും പാർട്ടിയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയ റിസോർട്ട് വിവാദത്തിൽ നിർണായക രേഖകൾ പുറത്ത്. വൈദീകം റിസോർട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. പി.കെ.ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികൾ ഉണ്ടെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർപഴ്‌സനും ഇന്ദിര തന്നെയാണ്.

2021 ഡിസംബർ 17ന് ഇന്ദിര ചെയർപഴ്‌സനായി. ഇതിനു മുൻപ് മകൻ ജെയ്‌സനായിരുന്നു ചെയർമാൻ. ജെയ്‌സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകളാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നിൽ മുൻ എംഡി കെ പി രമേഷ് കുമാറാണെന്ന സംശയം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ സിഇഒ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എംഡി സ്ഥാനത്തുനിന്ന് കെ.പി.രമേഷ്‌കുമാറിനെ 2022 ജൂലൈയിലാണ് മാറ്റിയത്.

ഇ.പി. ജയരാജന് അനധികൃത സമ്പാദ്യമുണ്ടെന്ന പി. ജയരാജന്റെ ആരോപണമാണ് സിപിഎമ്മിൽ പുകയുന്നത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിപിഎം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിൽ ഇ.പി.ക്കെതിരേ പി. ജയരാജൻ തുറന്നടിക്കുകയായിരുന്നു.

ആദ്യം ഇ.പി.യായിരുന്നു ആയുർവേദ റിസോർട്ടിന്റെ ഡയറക്ടർ, പിന്നീട് ഭാര്യയും മകനും ഡയറക്ടർമാരായി. റിസോർട്ടിന്റെപേരിൽ ഇ.പി. അനധികൃതമായി സ്വത്തുണ്ടാക്കി. ഉത്തമബോധ്യത്തിലും ആധികാരികതയുടെ അടിസ്ഥാനത്തിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയവേ, ആരോപണം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിയില്ല. പകരം, രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു മറുപടി. നൽകാമെന്ന് പി. ജയരാജൻ അറിയിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്തിട്ടുള്ള ഇ.പി. പങ്കെടുത്തിരുന്നില്ല.

2014 ഡിസംബർ ഒൻപതിനാണ് കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിൽവന്നത്. മൂന്നുകോടിയായിരുന്നു മൂലധനം. നിലവിൽ 10 കോടിയാണ് ഷെയർ കാപ്പിറ്റൽ. പെയ്ഡ് അപ്പ് കാപ്പിറ്റൽ 6.65 കോടി. 13 ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്. ഡയറക്ടർബോർഡിൽ ഇ.പി. ജയരാജെന്റ മകൻ പി.കെ. ജയ്സൺ, സി.കെ. ഷാജി, ഫിഡ രമേഷ്, കെ.പി. രമേഷ്‌കുമാർ, നജീബ് കാദിരി, പി. മുഹമ്മദ് അഷ്‌റഫ്, പട്ടത്ത് രാജേഷ്, സുഭാഷിണി, സുധാകരൻ മാവേലി, സുജാതൻ സരസ്വതി, ചൈതന്യാ ഗണേശ് കുമാർ എന്നിവരാണ്.

പി.കെ. ജയ്‌സണും കെ.പി. രമേഷ് കുമാറും എട്ടുവർഷമായി ഡയറക്ടർമാരായിരുന്നു. ജയരാജെന്റെ ഭാര്യ പി.കെ. ഇന്ദിര, ഗണേശ് കുമാർ എന്നിവർ 2021 ഒക്ടോബർ 30 നാണ് ഡയറക്ടർബോർഡിലെത്തിയത്. വിവാദമായ സാഹചര്യത്തിൽ ആന്തൂർ നഗരസഭയുടെ ഇടപെടൽ, കുന്ന് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് നൽകിയ പരാതിയുൾപ്പെടെ സിപിഎമ്മിന് പരിശോധിക്കേണ്ടിവരും.

ഐതിഹാസിക കർഷക പോരാട്ടമായ മുനയൻ കുന്നു സമരമടക്കം നടന്ന പ്രദേശത്ത് സി.പി. എം നേതാവിന്റെ മകൻ കുന്നിടിച്ചു ആയുർവേദ റിസോർട്ട് വില്ലേജ് പദ്ധതി തുടങ്ങിയപ്പോൾ തന്നെ ഇ.പി ജയരാജനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പടർന്നിരുന്നു.

തെറ്റുതിരുത്തൽ രേഖ പാർട്ടി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാൻ പോകുന്ന സാഹചര്യത്തിൽ ഇ.പി ജയരാജനെതിരെ പി ജയരാജൻ ആധികാരികമായി ആരോപണമുന്നയിച്ചത് കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇ.പിയെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളാണ് സി.പി. എമ്മിൽ നടക്കുന്നതെന്ന സൂചനയും പുറത്തുവരുന്നു. ഈ വിഷയത്തിൽ പിണറായിയുടെ മൗനവും ശ്രദ്ധേയമാണ്.

ആയുർവേദ റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജൻ മൗനം തുടരുന്നതിനിടെയാണ് രേഖകൾ പുറത്തുവരുന്നത്. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഇ.പി ഒഴിഞ്ഞുമാറിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല. കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ട് നിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടശേഷം ഇതാദ്യമായാണ് ഇ.പി.ജയരാജൻ പൊതുവേദിയിൽ എത്തുന്നത്.

പഴയങ്ങാടി വെങ്ങരയിൽ അദ്ധ്യാപക സംഘടനയുടെ പരിപാടിക്കെത്തിയ ഇ.പിക്കു മുന്നിൽ മാധ്യമപ്രവർത്തകർ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർത്തിയത്. പി.ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമെന്ത്? വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുമോ? തുടങ്ങി മുഴുവൻ ചോദ്യങ്ങൾക്കു മുന്നിലും ഇ.പി.ജയരാജൻ മൗനം തുടർന്നു. കെഎസ്ടിഎയുടെ ചടങ്ങിൽ ഒരു മണിക്കൂറോളം നടത്തിയ ഉദ്ഘാടന പ്രസംഗത്തിലും ജയരാജൻ രാഷ്ട്രീയം ഒഴിവാക്കി.

അതേ സമയം ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്നായിരുന്നു സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചത്. പി.ബി ഇക്കാര്യങ്ങൾ ചർച്ചചെയ്യില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിലെ വിഷയമടക്കം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി വിഷയത്തിൽ ആദ്യമായി പ്രതികരണം നടത്തിയിട്ടുള്ളത്. പി. ജയരാജന്റെ ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ സിപിഎമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് നടക്കുന്ന പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകുമെന്നാണ് യെച്ചൂരി നേരത്തെ പ്രതികരിച്ചത്. ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചർച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ നിലവിലുള്ള വിഷയങ്ങളും ചർച്ചയാകും എന്നായിരുന്നു മറുപടി.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജയരാജൻ വിഷയമാണ്. എന്നാൽ, ഇതേക്കുറിച്ച് നേരിട്ട് പരാമർശിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.