- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കിയ ചിന്ത ഒറ്റക്കല്ല! മറ്റുള്ളവരുടെ ലേഖനങ്ങൾ അക്ഷരത്തെറ്റുകളോടെ കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ ടി ജലീൽ; തെറ്റുകളിൽ മനം നൊന്ത് ഇനി തന്റെ പുസ്തകം ഗവേഷണം ചെയ്യരുതെന്ന് പറഞ്ഞ ചുള്ളിക്കാട്; സുനിൽ പി ഇളയിടം വരെ സംശയത്തിൽ; കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ ഏറെയും അബദ്ധവും വ്യാജവും
കോഴിക്കോട്: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ 'വാഴക്കുല' എഴുതിയത് ആര് എന്ന ചോദ്യത്തിന് സ്‌കുൾ കുട്ടികൾക്ക് പോലും അറിയാം ഉത്തരം ചങ്ങമ്പുഴ എന്നാണെന്ന്. എന്നാൽ യുവജന കമ്മീഷൻ അധ്യക്ഷയും സിപിഎമ്മിന്റെ യുവനേതാവുമായ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഇത് വൈലോപ്പിള്ളി എന്നാണ് എഴൂതിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയിൽ ഈ തെറ്റ് വൈറൽ ആവുകയാണ്.
പക്ഷേ ഇതിനെ വെറുമൊരു ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് കരുതി അവഗണിക്കാൻ കഴിയില്ലെന്നാണ് അക്കാദമിക്ക് രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ഗവേഷണ- ഉന്നത വിദ്യാഭ്യാസ രംഗം പൂർണ്ണമായും കുത്തഴിഞ്ഞ നിലയിലാണ്. ഇവിടെ തെറ്റുകൾ പരിശോധിക്കാനുള്ള സംവിധാനം പോലും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. അക്ഷരത്തെറ്റും വ്യകാരണത്തെറ്റും ഗവേഷണ പ്രബന്ധങ്ങളിലും ഏറെയാണ്. മാത്രമല്ല ഇതിൽ പകുതിയും ശുദ്ധ കോപ്പിയടിയാണെന്ന് അക്കാദമിക്ക് രംഗത്തുള്ളവർ പറയുന്നത്. പ്ലേജറിസം തടയുന്നതിനായി യുജിസി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ ഒന്നും തന്നെ പ്രായോഗികമായിട്ടില്ല.
അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും വസ്തുതാപരമായ പിശകുകളും പോലും പരിശോധിക്കാതെ പല ഗവേഷണ പ്രബന്ധങ്ങളും അപ്രൂവൽ കൊടുക്കുന്നത്. ചുക്കിനും ചുണ്ണാമ്പിലും കൊള്ളാത്ത, സമൂഹത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത വിഷയങ്ങളിൽ ആയിരിക്കും പലപ്പോഴും ഗവേഷണം നടക്കുക തന്നെ. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു' ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. ഇതുപോലെ യാതൊരു കാര്യവുമില്ലാത്ത വിഷയത്തിലാണ് പലപ്പോഴും ഗവേഷണം നടക്കുക. അതിൽ തന്നെ ഏറെയും പല പുസ്തകങ്ങളിൽ നിന്നായി പകർത്തിവെച്ചത് ആയിരിക്കും. ഈ കള്ളക്കളിക്ക് ചില ഗൈഡുകളും കൂട്ടുനിൽക്കുന്നു. കേരളത്തിലെ അക്കാദമിക്ക് രംഗം അതിഭീകരമായി രാഷ്ട്രീയവത്ക്കരിക്കപ്പെതിനാൽ ഇത്തരം പരാതികൾ ഒതുക്കപ്പെടകുയാണ്.
കോപ്പിയടി വിവാദത്തിൽ ജലീലും
മുൻ മന്ത്രിയും എംഎൽഎയുമായ ഡോ കെ ടി ജലീലിന്റെ ഡോക്റേറ്റും നേരത്തെ വിവാദത്തിലായിരുന്നു. 2006-ലാണ് ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. എന്നാൽ പ്രബന്ധത്തിൽ ഉദ്ധരണികൾ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് ആരോപണം. ഡോ ഹുസൈൻ രണ്ടത്താണി എഴുതിയ ലേഖനങ്ങളിലെ പലഭാഗങ്ങളും ജലീൽ ഈച്ചക്കോപ്പയടിക്കയാണെന്നും ആരോപണം ഉയർന്നു.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡിക്കെതിരെ ഗവർണർക്ക് പരാതി സമർപ്പിച്ചത്. മലബാർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായ വേളയിലാണ് മന്ത്രിയുടെ പ്രബന്ധം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം പ്രബന്ധം പരിശോധിക്കുകയും വിദഗ്ധ സമിതിയെക്കൊണ്ട് പഠിക്കുകയും ചെയ്ത ശേഷമാണ് ഗവർണർക്ക് പരാതി നൽകിയത്. പരാതി ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു. ഇതിലെ പരിശോധന നടന്നുവരികയാണ്.
നേരത്തെ സുനിൽ പി ഇളയിടത്തിന്റെ നേർക്കുവരെ പ്ലേജറിസം ആരോപണം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതിന് കൃത്യമായി റഫറൻസ് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് വിവാദം അവസാനിച്ചത്.
വികാരധീനനായി ചുള്ളിക്കാട്
തന്റെ കവിതകളിൽ ഗവേഷണം നടത്തിയതിന്റെ പേരിലുള്ള ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാട്ടി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് , ഇനി തന്റെ കവിത ഗവേഷണത്തിന് എടുക്കരുത് എന്ന് വികാരധീനനായി പറഞ്ഞിരുന്നു. 'താതവാക്യം' എന്ന ചുള്ളിക്കാടിന്റെ വിഖ്യാതമായ കവിത വസന്തതിലകം വൃത്തത്തിലാണ് എഴുതിയത്. എന്നാൽ ഇത് സംബന്ധിച്ച് കേരള സർവകലാശാലയിൽ നടത്തിയ ഗവേഷണ പ്രബന്ധത്തിൽ പറയുന്നത് ഇതിന്റെ വൃത്തം കേക ആണെന്നാണ്. 'വസന്തതിലകത്തിൽ കവിത എഴുതിയ എന്നെ കേകയിൽ പരീക്ഷണം നടത്തിയതിന് അഭിനന്ദിച്ചിരിക്കയാണ്. ഈ ഗവേഷണ പ്രബന്ധം പുസ്തകമായി. ഇനി എന്റെ കവിത പഠിപ്പിക്കുമ്പോൾ പ്രധാന റഫറൻസായി ഉപയോഗിക്കുന്നത് ഈ പുസ്തകമാണ്. ഇനി പറയൂ. ഞാൻ എന്റെ കവിത ഗവേഷണത്തിന് ഉപയോഗിക്കരുത് എന്ന് പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ''- ചുള്ളിക്കാട് ഒരു പൊതുപരിപാടിയിൽ ചോദിച്ചു. 'എനിക്ക് മലയാളത്തിൽ 35 ശതമാനം മാർക്കേ ഉണ്ടായിരുന്നുള്ളൂ. അതുകാരണം എം എക്ക് പോകാൻ കഴിഞ്ഞില്ല. ആ വിഷമം ഇപ്പോൾ മാറിക്കിട്ടി''- ചുള്ളിക്കാട് പറഞ്ഞു.
തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ആവശ്യപ്പെടാനിടയായ കാരണങ്ങളെക്കുറിച്ചും ബാലചന്ദ്രൻ ചുള്ളിക്കാട് വിശദീകരിച്ചു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കു കൊടുത്ത് വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും, അവർക്ക് ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പുറമേ, മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരായ നിയമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്ക് ഗവേഷണ ബിരുദം നൽകുന്നതും തന്റെ കവിത പഠിപ്പിക്കരുതെന്ന് പറയാനുള്ളതിന്റെ കാരണമായി അദ്ദേഹം വ്യക്തമാക്കുന്നു.
പിടിച്ചാൽ ജോലി നഷ്ടമാവും; പക്ഷേ
ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ സാങ്കേതിക 2015 മുതൽ കർണാടകയൽ സാങ്കേതിക സംവിധാനവുണ്ട്. വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, രാജിവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവരാണ് ഇത് ആദ്യം ഉപഗോയിച്ചത്. ജൂൺ 2014 വരെ സമർപ്പിച്ചിട്ടുള്ള ഗവേഷണ പ്രബന്ധങ്ങളിൽ 30 ശതമാനവും കോപ്പിയടിച്ചതാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുതിയ സംവിധാനങ്ങളുമായി യൂണിവേഴ്സിറ്റികൾ വരുന്നത്. ഒരു വർഷം മുൻപ് വിശ്വേശരയ്യ യൂണിവേഴ്സിറ്റി ആന്റി പ്ലേജിയറിസം സോഫ്റ്റ് വെയർ നടപ്പിലാക്കിയിരുന്നു. ആദ്യം വിദ്യാർത്ഥികൾ അവരുടെ പ്രബന്ധത്തിന്റെ സോഫ്റ്റ് കോപ്പി അപ് ലോഡ്ചെയ്യണം. അപ്പോൾ തന്നെ ലോകത്തെമ്പാടുമുള്ള റിസർച്ച് വർക്കുകളുമായി ബന്ധമുള്ള സോഫ്റ്റ് വെയറിന് പ്രബന്ധത്തിലെ ഏതെങ്കിലും ഭാഗം കോപ്പിയടിയാണോ എന്ന് കണ്ടെത്താനാകും. ഈ സംവിധാനം കേരളത്തിലും ഇംഗ്ലീഷിൽ ഉണ്ട്. പക്ഷേ അങ്ങനെ ക്രോസ് ചെക്ക് ചെയ്യാൻ അധികൃതർ താൽപ്പര്യം എടുക്കാറില്ല.
ഗവേഷണ പ്രബന്ധത്തിലെ പ്ലേജറിസത്തിനെതിരെ നടപടികൾ കർശനമാക്കി യ.ജി.സിയും 2018ൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരം മോഷണം പിടിക്കപ്പെട്ടാൽ അദ്ധ്യാപകരുടെ ജോലിയും ഗവേഷണ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷനും നഷ്ടമാകും. ആ വിജ്ഞാപനം അനുസരിച്ച്, പത്ത് ശതമാനം വരെ പ്ലേജറിസം ഉള്ള വിദ്യാർത്ഥികൾക്ക് ശിക്ഷയൊന്നും ഇല്ല. എന്നാൽ 10 മുതൽ 40 ശതമാനം പ്ലേജറിസം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ ആറ് മാസത്തിനുള്ളിൽ മാറ്റം വരുത്തിയ ഗവേഷണ പ്രബന്ധം സമർപ്പിക്കണം. 40 മുതൽ 60 ശതമാനം വരെ പ്ലേജറിസം പിടിക്കപ്പെട്ട വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് ഗവേഷണത്തിൽ നിന്ന് വിലക്കും. 60 ശതമാനത്തിന് മുകളിലാണെങ്കിൽ ആ വിദ്യാർത്ഥിയുടെ രജിസ്‌ട്രേഷൻ യൂണിവേഴ്‌സിറ്റി എടുത്ത് കളയും.
അദ്ധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളിൽ 10 ശതമാനം മുതൽ 40 ശതമാനം വരെ സാമ്യതകൾ ഉണ്ടായാൽ പ്രബന്ധം റദ്ദാക്കപ്പെടും. 40 ശതമാനം മുതൽ 60 ശതമാനം വരെ സാമ്യതകൾ ഉണ്ടായാൽ ഈ അദ്ധ്യാപകരെ എം.ഫിൽ, പി.എച്ച്.ഡി പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് രണ്ടു വർഷത്തേക്ക് വിലക്കുകയും ഒരു വർഷത്തെ ശമ്പള വർധനവ് നിഷേധിക്കുകയും ചെയ്യും. 60 ശതമാനത്തിന് മുകളിൽ പ്ലേജറിസം ഉള്ള അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്യും. സമീപകാലത്ത് യൂണിവേഴ്‌സിറ്റി വെസ് ചാൻസിലർമാരുടെ വരെ ഗവേഷണ പ്രബന്ധങ്ങളിൽ കോപ്പിയടി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ കർശന നിലപാട് കൈക്കൊള്ളാൻ യുജിസി തീരുമാനിച്ചത്. പക്ഷേ രാഷ്ട്രീയ അതിപ്രസരം മൂലം കേരളത്തിൽ ഇത്തരം വിഷയങ്ങളിൽ മുഖം നോക്കാതെയുള്ള നടപടി കുറവാണെന്ന് മാത്രം.
അതായത് ചിന്തയുടെ വാഴക്കുല വിവാദം ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം എങ്ങനെ പിറകോട്ട് അടിക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനയും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ