കൊച്ചി: മലയാള ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകള്‍ക്കു ബദലായി പുതിയൊരു സംഘടനയുമായി പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍. സംവിധായകരായ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.

അടുത്തിടെ ഫെഫ്കയില്‍ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണെന്നും ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മുല്യങ്ങളില്‍ വേരൂന്നിയ ഈ സംഘടന തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനുള്ള പ്രയത്‌നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

നേരത്തെ, നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് 'ഫെഫ്ക'യില്‍നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വ്യാജ ആരോപണങ്ങളാണ് സംവിധായകന്‍ നടത്തിയതെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം.

അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്ത് വന്നു. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത്. റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ കടുത്ത പ്രതിഷേധം.

മൊഴി നല്‍കിയവരെ തിരിച്ചറിയുന്ന രീതിയില്‍ സൂചനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാര്‍ത്ത, സ്വകാര്യത ലംഘിക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുള്ളത്. കോടതി ഉത്തരവ് പോലും ലംഘിച്ച് നിരുത്തരവാദപരമായ മാധ്യമവിചാരണയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രതീതി ജനിപ്പിച്ച് അതിജീവിതരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ടിങ്. ഇതില്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.

കോടതി നിര്‍ദ്ദേശാനുസരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയതിന് കഴിഞ്ഞ ദിവസമാണ്. സ്വകാര്യമായി സൂക്ഷിക്കേണ്ട മൊഴിവിവരങ്ങള്‍ അതിന് ശേഷം പുറത്തുവരുന്നത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈവശമുളളവരുടെ നീക്കങ്ങളെ സംശയത്തിലാഴ്ത്തുന്നുവെന്നാണ് ആക്ഷേപം.