കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും അസിസ്റ്റന്റ് സര്‍ജനുമായ ഡോ. പി.ടി. വിപിനെ (35) വെട്ടിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണന്‍.

പ്രതി സനൂപിന്റെ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നും സാമ്പത്തിക ഇടപാട് നടന്നോ എന്നും സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. 'കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഷയത്തില്‍ ഇടപെട്ടിരുന്നു. മുമ്പ് സനൂപ് വന്നപ്പോള്‍ പ്രശ്നം പരിഹരിച്ചതാണ്. കുട്ടിക്ക് ചികിത്സ വൈകിയിട്ടില്ല. ജനറല്‍ ഒപിയില്‍ നിന്നാണ് ചികിത്സ തേടിയത്. ഡോക്ടര്‍ക്ക് വെട്ടേറ്റപ്പോള്‍ ഒരു കൂട്ടര്‍ പുറത്ത് നിന്ന് പൂത്തിരി കത്തിച്ച് ആഘോഷിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്ത് പരിഹരിച്ചശേഷം ഒരു സംഘം ആശുപത്രിയില്‍ വാഴ വച്ചിരുന്നു. ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി. ഇന്നലത്തെ സംഭവത്തിന് പിന്നില്‍ മറ്റ് ആളുകളുമുണ്ടെന്നാണ് സംശയം. പണമിടപാട് നടന്നതായും സംശയമുണ്ട്' - ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഡോക്ടറെ വെട്ടിയ സംഭവത്തില്‍ കുറ്റബോധമില്ലാത്ത തരത്തിലാണ് പ്രതി സനൂപിന്റെ പെരുമാറ്റം. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യ വകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു പ്രതികരണം. സംഭവത്തില്‍ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസ്സുള്ള മകളുടെ മരണത്തിന് ഡോക്ടര്‍മാരാണ് കാരണമെന്ന് ആരോപിച്ച് പിതാവ് സനൂപ്, ഡോ. വിപിനെ പിന്നില്‍ നിന്ന് കൊടുവാള്‍ കൊണ്ട് വെട്ടിയത്. എന്നാല്‍, സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത് ഡോ. വിപിന്‍ ആയിരുന്നില്ല. സൂപ്രണ്ടിനെ ആക്രമിക്കാനാണ് സനൂപ് വാളുമായി എത്തിയതെങ്കിലും, മീറ്റിംഗില്‍ നിന്ന് പുറത്തിറങ്ങിയ ഡോ. വിപിന്റെ നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഡോക്ടര്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും, തലയ്ക്ക് മുകളിലൂടെ വീശിയ വാള്‍ ഡോക്ടറുടെ തലയില്‍ തുളഞ്ഞുകയറി. മറ്റുള്ളവര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി.

സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ

ഡോക്ടറെ ആക്രമിച്ച സനൂപിന്റെ രീതി ശരിയായിരുന്നില്ലെന്നും നിയമപരമായാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും ഭാര്യ രംബീസ പറഞ്ഞു.

തങ്ങളുടെ മകള്‍ക്ക് നേരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി രംബീസ വെളിപ്പെടുത്തി. ഇതിനു ശേഷം സനൂപ് കടുത്ത വിഷാദത്തിലായിരുന്നു. രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുകയും നട്ടപ്പാതിരയ്ക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തിരുന്നതായി അവര്‍ പറഞ്ഞു.

മകളുടെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. മകള്‍ മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റുകയായിരുന്നുവെന്ന് രംബീസ ആരോപിച്ചു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഒറ്റയ്ക്ക് നിയമ പോരാട്ടം നടത്തുമെന്നും അവര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കിവയ്ക്കുമോയെന്ന് സംശയിക്കുന്നതായും രംബീസ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സനൂപിന്റെ മകള്‍ അനയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. രാസപരിശോധനാ ഫലം വൈകുന്നതാണ് കാരണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാക്കി ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകൂ എന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.