- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തുന്നത് 110 ഏക്കറിനുള്ളിൽ 74 ഏക്കറിലായി മലപോലെ കിടന്ന പ്ലാസ്റ്റിക് മാലിന്യം; ഡയോക്സിനുകളും ഫ്യുറാനും പോളിക്ലോറിനേറ്റഡും ബൈഫിനൈൽസും അടക്കമുള്ള വിഷ പദാർഥങ്ങൾ അന്തരീക്ഷത്തിൽ; പടിഞ്ഞാറൻ കാറ്റ് ശക്തമാവുകയും നഗരത്തിനുള്ളിലേക്ക് പുക അടിച്ചു കേറുകയും ചെയ്യുന്നത് പ്രതിസന്ധി; കൊച്ചിയിൽ അപ്രഖ്യാപിത ലോക്ഡൗൺ; ബ്രഹ്‌മപുരം പ്ലാന്റ് വിഷപുക ചീറ്റുമ്പോൾ
കൊച്ചി: ബ്രഹ്‌മപുരത്തെ പുക കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിനു സർക്കാരിന്റെ അതീവ ജാഗ്രതാനിർദ്ദേശം. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്നു കലക്ടർ ഡോ. രേണുരാജ് നിർദ്ദേശിച്ചു. വലിയ പ്രതിസന്ധിയിലാണ് കൊച്ചി. പാലാരിവട്ടം, കല്ലൂർ ഭാഗത്തേക്കും പുക അതിശക്തമായി വ്യാപിക്കുകയാണ്. ഇതോടെ ബ്രഹ്‌മപുരത്തെ പ്രതിസന്ധി അതിരൂക്ഷമാകുകയാണ്. പലർക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ ഡയോക്‌സിനുകൾ, ഫ്യുറാൻ, പോളിക്ലോറിനേറ്റഡ് ബൈഫിനൈൽസ് തുടങ്ങിയ വിഷ പദാർഥങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കും. മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കു വെല്ലുവിളിയാണ് ഇത്. വായു, ഭക്ഷണം, വെള്ളം എന്നിവയിലൂടെ ഈ വിഷപദാർഥങ്ങൾ ശരീരത്തിലെത്തുകയും കാൻസറിനു വരെ കാരണമാകുകയും ചെയ്യും. പുക ശ്വസിക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങളുമുണ്ടാകും.
ഈ സാഹചര്യത്തിലാണ് സർക്കാർ ജാഗ്രതയും മുന്നറിയിപ്പും നൽകുന്നത്. ഇതല്ലാതെ മറ്റ് പ്രതിരോധ വഴികളൊന്നും സർക്കാരിന് മുന്നിൽ ഇല്ല. ഞായറാഴ്ചയായതിനാൽ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. ആരോഗ്യപ്രശ്‌നങ്ങൾക്കു സാധ്യതയുള്ളതിനാൽ സജ്ജമായിരിക്കാൻ ആശുപത്രികൾക്കു നിർദ്ദേശം നൽകി. ബ്രഹ്‌മപുരത്ത് ഓക്‌സിജൻ കിയോസ്‌ക് തുറക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മലിനീകരണത്തിന്റെ പേരിൽ ഇത്ര കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അപ്രഖ്യാപിത ലോക്ഡൗണിലേക്കാണ് കൊച്ചി നീങ്ങുന്നത്.
ബ്രഹ്‌മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീ അണയ്ക്കാനാകാതെ കത്തിപ്പടരുകയാണ്. 110 ഏക്കർ സ്ഥലത്ത് 74 ഏക്കറിലായി മലപോലെ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യമാണു കത്തിയത്. തീയിട്ടതാണോ എന്നതുൾപ്പെടെ അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണറോടു ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. വിഷപ്പുക അന്തരീക്ഷത്തെ മൂടുകയാണ്. പലർക്കും തലവേദനയും ശ്വാസംമുട്ടലും കണ്ണെരിച്ചിലുമുണ്ടായി. ചിലർ ചികിത്സ തേടി. തീയണയ്ക്കാൻ രംഗത്തുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങൾക്കും ഛർദിയും തലകറക്കവുമുണ്ടായി. നാവികസേന ഹെലികോപ്റ്ററിൽനിന്നു വെള്ളം തളിക്കാൻ ശ്രമിച്ചെങ്കിലും പുക പടരുന്നതിനാൽ ഈ നീക്കം ഉപേക്ഷിച്ചു.
ബ്രഹ്‌മപുരത്തും പരിസരങ്ങളിലും തീപിടിത്തമുണ്ടായ ആദ്യദിനംമുതൽതന്നെ പുക പ്രയാസം സൃഷ്ടിച്ചിരുന്നു. നാട്ടുകാർക്ക് വിവിധതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായി. സംഭവസ്ഥലത്ത് കാറ്റ് വീശുന്നതാണ് പുക വ്യാപിക്കാൻ കാരണം. ശനി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചയോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാഭരണസംവിധാനം.
ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം. നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരുംദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ കോർപറേഷന് വീണ്ടും പിഴ ചുമത്തും. 15 ദിവസത്തിനകം കോർപറേഷൻ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഖരമാലിന്യസംസ്‌കരണ നിയമമനുസരിച്ചുള്ള സമയക്രമം പാലിക്കാൻ കൊച്ചി കോർപറേഷന് കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രിയോടെ കാറ്റ് ശക്തിപ്പെട്ടപ്പോൾ നഗരമേഖലയിലേക്ക് പുക പടരാൻ തുടങ്ങിയത്. നഗരം ഏറ്റവും സജീവമായ ശനിയാഴ്ച രാത്രിയിൽ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം മാനത്ത് പുക മൂടിയ അവസ്ഥയാണ്. കടലിന്റെ സാന്നിധ്യമുള്ളതിനാൽ പുക കടലിലേക്ക് മാറിപ്പോയേക്കാം എന്നാണ് കരുതുന്നുവെങ്കിലും പ്രായമായവർ, കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ എല്ലാം ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
കൊച്ചി നഗരത്തിന് കിഴക്ക് ഭാഗത്തായിട്ടാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ സ്ഥിതി ചെയ്യുന്നത്. ഇവിടെ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പത്ത് മീറ്റർ ആഴത്തിൽ വരെ ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ തീപിടിച്ച മാലിന്യം കിടത്തിയാലും പുക വരുന്നത് തുടരും എന്നതാണ് പ്രശ്‌നം. ഇതുവരെ കിഴക്കൻ ദിശയിലുള്ള കാറ്റായിരുന്നു ശക്തമായിരുന്നത് എന്നതിനാൽ നഗരമേഖലയെ വലിയ രീതിയിൽ ഈ പുക പ്രശ്‌നം ബാധിച്ചിരുന്നില്ല എന്നാൽ ശനിയാഴ്ച രാത്രിയോടെ പടിഞ്ഞാറൻ കാറ്റ് ശക്തമാവുകയും നഗരത്തിനുള്ളിലേക്ക് പുക അടിച്ചു കേറുകയും ചെയ്യുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം കാക്കനാട് അടക്കമുള്ള പ്രദേശങ്ങളിൽ പുക പ്രശ്‌നം രൂക്ഷമായിരുന്നു. വൈകാതെ ഇടപ്പള്ളി, പനമ്പള്ളി നഗർ, കടവന്ത്ര അടക്കം മേഖലകളിലേക്കും പുക പടർന്നു. കാഴ്ചയെ ബാധിക്കുന്ന രീതിയിൽ പുക രൂക്ഷമായാൽ അതു ഗതാഗതത്തേയും ബാധിച്ചേക്കും എന്ന ആശങ്ക ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ