- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക സർവകലാശാല താൽക്കാലിക വിസിയെ മാറ്റണം; കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയിയെ ഗവർണർ നിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധം; വിസിയെ മാറ്റണമെന്ന് ഗവർണർക്ക് പരാതി; കേന്ദ്ര നടപടി നേരിടുന്ന ഉദ്യോഗസ്ഥയെ വിസി ആക്കരുതെന്ന് നേരത്തെയും പരാതി
തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസിലറുടെ താൽക്കാലിക ഒഴിവിൽ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിതറോയ് ഐ.എ.എസ്സിനെ നിയമിച്ച ഗവർണറുടെ നടപടി യൂജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതി. പത്തു വർഷം പ്രൊഫസറായി പരിചയമുള്ള അക്കാദമിഷ്യന്മാരെ മാത്രമേ വിസി യായി നിയമിക്കാൻ പാടുള്ളൂവെന്ന യുജിസി ചട്ടം കർശനമായി പാലിക്കണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്ത് കാർഷിക സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരിൽ നിന്ന് നിയമനം നടത്തണമെന്നാണ് ആവശ്യം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്.കാർഷിക സർവകലാശാല വൈസ്ചാൻസലർ പി. ചന്ദ്രബാബു വിരമിച്ചതിനു ശേഷം കാർഷിക ഉൽപാദന കമ്മിഷണർ ഇഷിത റോയ്ക്ക് വിസിയുടെ ചുമതല നൽകുകയായിരുന്നു.
കേന്ദ്രസർക്കാർ നടപടി നേരിടുന്ന ഉദ്യോഗസ്ഥയായ ഇഷിത റോയിക്ക് കാർഷിക സർവകലാശാല വൈസ് ചാൻസലർ പദവി നൽകാൻ കൃഷി മന്ത്രി ഗവർണർക്ക് നേരത്തെ ശുപാർശ നൽകിയിരുന്നു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിൽ പ്രവർത്തിക്കുമ്പോൾ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രമന്ത്രാലയം ഇവരുടെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു.
ഇപ്പോൾ കേരളത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമാണ് ഇഷിത റോയ്. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭ്യമാകേണ്ട ഇഷിത റോയിക്കെതിരെ കുറ്റപത്രം നൽകി അച്ചടക്ക നടപടികൾ തുടരുകയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനോ സുപ്രധാന നിയമനങ്ങൾക്കോ വിജിലൻസിന്റെ ക്ലിയറൻസ് ഇനിയും ഇവർക്ക് ലഭിച്ചിട്ടുമില്ല.
മാനവ വിഭവശേഷി മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കുമ്പോൾ ഇഷിത റോയ് റൂസ ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ ഇവർ അനധികൃതമായി കൈപ്പറ്റിയിരുന്നു. തന്റെയും രണ്ട് മക്കളുടെയും രാജ്യത്തെയും വിദേശത്തെയും യാത്രകൾക്കായി പൊതുപണം ചെലവിട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇഷിതയ്ക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യമെല്ലാം മറച്ചുവച്ചാണ് ഇഷിത റോയിക്ക് കാർഷിക സർവകലാശാല വിസി പദവി താത്കാലികമായി കൈമാറാൻ മന്ത്രി ശുപാർശ നൽകിയിരുന്നത്.
അതേസമയം, കുഫോസ് വിസി നിയമനത്തിന് സേർച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സേർച് കമ്മിറ്റി ചെയർമാന്റെ നിയമനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഹൈക്കോടതി വിമർശിച്ചു. സർക്കാർ ജീവനക്കാരനല്ലാത്ത ഡോ.വി.കെ.രാമചന്ദ്രനെ സേർച് കമ്മിറ്റിയുടെ തലവനാക്കി. ഡോ.കെ.റിജി ജോണിനെ വൈസ് ചാൻസലറാക്കുക എന്നത് മാത്രമായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. യുജിസി പ്രതിനിധി ഇല്ലാത്ത സേർച് കമ്മിറ്റിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചത് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.
ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സേർച്ച് കമ്മിറ്റി ഏകകണ്ഠമായി ഡോ.കെ.റിജി ജോണിന്റെ പേര് നിർദ്ദേശിച്ചതു സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സേർച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു നിയമനത്തിനെതിരെ ഹർജി നൽകിയവരുടെ വാദം.
മൂന്നു പേർ ഉൾപ്പെടുന്ന പട്ടികയാണ് സേർച് കമ്മിറ്റി നൽകേണ്ടത്. ഒറ്റ പേരു മാത്രം നൽകിയത് നിയമ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.യുജിസി മാനദണ്ഡങ്ങൾക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ.കെ.കെ. വിജയൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ ഫിഷറീസ് സർവ്വകലാശാല വിസി യുടെ നിയമനം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റ്ി ക്യാമ്പെയിൻ കമ്മിറ്റി പറഞ്ഞു. സർവ്വകലാശാലകളുടെ വിശ്വാസ്യതയും അന്തസും നിലനിർത്താൻ സമാനരീതിയിൽ ചട്ടവിരുദ്ധമായി നിയമനം നേടിയിട്ടുള്ള ഒൻപത് വൈസ് ചാൻസർമാരും രാജിവയ്ക്കാൻ തയ്യാറാകണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും,സെക്രട്ടറി എം.ഷാജർഖാനും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ