- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലസ് വൺ സീറ്റ് കുറവിൽ ചർച്ച നിർണ്ണായകമാകും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐയും സമരത്തിന് ഇറങ്ങിയതോടെ സർക്കാർ പ്രതികൂട്ടിൽ. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലാണ് ചർച്ച. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്നും അലോട്ട്‌മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മന്ത്രിയുടെ വാദങ്ങൾ എല്ലാം പൊളിയുന്ന സാഹചര്യമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയനും വിവാദങ്ങളിൽ അതൃപ്തനാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന സന്ദേശം ശിവൻകുട്ടിക്ക് മുഖ്യമന്ത്രി നൽകിയെന്നാണ് സൂചന. സിപിഎം നേതൃത്വം വഴിയാണ് മന്ത്രിക്ക് നിർദ്ദേശം എത്തിയത്. ഇതുകൊണ്ടാണ് ചർച്ച. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഷ്യം. ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പുറപ്പെട്ട മന്ത്രി വി.ശിവൻകുട്ടിക്കു നേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി വീശിയിരുന്നു. അഞ്ച് മിനിറ്റോളം മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിനു നടുറോഡിൽ കിടക്കേണ്ടി വന്നു.
വിഷയവുമായി ബന്ധപ്പെട്ട് നാളെ കെഎസ്‌യു സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ തെരുവ് ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ് എഫും നിരന്തര സമരത്തിലാണ്. ഇതിനെ മന്ത്രി രാഷ്ട്രീയ പ്രതിരോധമെന്ന വാക്കുകളിൽ നേരിട്ടു. ഇതിനിടെയാണ് എസ് എഫ് ഐയും സമരം പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാഭ്യാസ വകുപ്പിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചർച്ചയടക്കമുള്ള പരിഹാര നടപടികളിലേക്ക് മന്ത്രിക്ക് കടക്കേണ്ടിയും വന്നു.
സീറ്റ് പ്രതിസന്ധി നിലനിൽക്കെ സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്. പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
മലബാർ ജില്ലകളിലെ 80,000ൽ അധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുമ്പോഴാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ പോലും സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുകയാണ്. ഉയർന്ന മാർക്കോടെ വിജയിച്ചിട്ടും ക്ലാസുകൾ തുടങ്ങുന്ന ദിവസം ആശങ്കയോടെ നിൽക്കുകയാണ് മലബാറിലെ 83,133 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും.
മലപ്പുറം ജില്ലയിൽ മാത്രം 31,482 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. പ്ലസ് വണ്ണിന് അപേക്ഷിച്ച പാലക്കാട് ജില്ലയിലെ 17,399 കുട്ടികൾക്കും കോഴിക്കോട് ജില്ലയിലെ 1601 വിദ്യാർത്ഥികൾക്കും നിരാശയാണ്.