കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് വിദ്യാർത്ഥി സംഘടനകളുടെ വ്യാപക പ്രതിഷേധം. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ കൂടാതെ എസ്എഫ്ഐയും സമര രംഗത്തുണ്ട്.

കോഴിക്കോട് ആർഡിഡി ഓഫീസ് കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു. ഉദ്യോഗസ്ഥരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്ത് കെഎസ് യു പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തി. വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ ആയിരുന്നു പ്രതിഷേധം.

കണ്ണൂരിലും മലപ്പുറത്തും എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്‌ഐ മലപ്പുറത്തും കെ എസ് യു കൊല്ലത്തും കലക്ട്രേറ്റ് മാർച്ച് നടത്തി. സീറ്റ് പ്രതിസന്ധിയിൽ കൊല്ലത്ത് കെഎസ്‌യുവിന്റെ കളക്ടറേറ്റ് മാർച്ചിനിടെ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകൾ ഉൾപ്പെടെ നശിപ്പിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്.

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ചെയ്യുന്ന എസ് എഫ് ഐ യെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തി. ഇത്രയും നാൾ സമരം ചെയ്യാതെ ഇരിക്കുകയായിരുന്നു. സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. അവർ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭരിക്കുന്ന പാർട്ടിയുടെ നിറം നോക്കിയല്ല എസ്എഫ്‌ഐ സമരം നടത്തുന്നതെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സൽ പ്രതികരിച്ചു.

വിദ്യാർത്ഥികളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞതോടെയാണ് എസ് എഫ് ഐ മലപ്പുറം ജില്ല കമ്മിറ്റിയും സമരം പ്രഖ്യാപിച്ചത്. മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘടനകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്.

മലപ്പുറം കലക്ടറേറ്റിലേക്ക് നടന്ന മാർച്ച് എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്‌സൽ ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഇടത് സർക്കാറിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തതുകൊണ്ടാണ് ഇതുവരെ സമരം ചെയ്യാതിരുന്നതെന്നും അഫ്‌സൽ ചൂണ്ടിക്കാട്ടി.

പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിൽ മൂന്ന് അലോട്ട്‌മെന്റുകൾ അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂർത്തിയായിട്ടും തീരുമാനമെടുക്കാത്ത സർക്കാർ, മലബാർ മേഖലയിൽ ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്‌മെന്റിൽ ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളുടെ മൂന്നിരട്ടി വിദ്യാർത്ഥികളാണ് മലബാറിൽ പുറത്തിരിക്കുന്നത്.