കണ്ണൂര്‍ : കമ്പിന്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഭവത് മാനവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എം. എസ്.എഫിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്‍പില്‍ അനിശ്ചിത കാല സമരം തുടങ്ങി. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കെഎസ്.യു സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധം വിവിധ കോണുകളില്‍ പുകയുന്നതിനിടെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഗുണ്ടകളെ പോലെ അധ്യാപകര്‍ തങ്ങളെ കൈകാര്യം ചെയ്യുന്നെന്നും ഫിസിക്‌സ് ലാബ് ഇടിമുറിയാണെന്ന് അധ്യാപകര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പൊലിസിന് മൊഴി നല്‍കി. സ്‌കൂളില്‍ അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വരുന്ന ക്രൂരതകളാണ് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോടും കേസ് അന്വേഷണം നടത്തുന്ന പൊലിസിനോടും വെളിപ്പെടുത്തിയത്.

ക്‌ളാസ് മുറികളില്‍ നിന്നും അച്ചടക്കത്തിന്റെ പേരില്‍ മാനസികമായും ശരീരികമായും ഉള്ള പീഡനങ്ങള്‍ പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സ്റ്റാഫ് റൂമിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി അധ്യാപകര്‍ കൂട്ടത്തോടെ അപമാനിക്കുന്നത് പതിവാണ്. സ്‌കൂളിലെ ഫിസിക്‌സ് ലാബ് ഇടിമുറിയാണെന്നും അവിടെ കയറ്റി മര്‍ദിക്കുമെന്നും അധ്യാപകര്‍ ഭീഷണിപ്പെടുത്താറുണ്ട്. ഒരു ദയയും ഇല്ലാതെയാണ് അധ്യാപകര്‍ പെരുമാറുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഇക്കാര്യം തന്നെയാണ് കുട്ടികളുടെ രക്ഷിതാക്കളും ആരോപിക്കുന്നത്. നേരത്തെ സ്‌കൂള്‍ അധ്യാപകരുടെ പെരുമാറ്റത്തിലെ അപാകതകള്‍ പ്രിന്‍സിപ്പലിനോടും മറ്റും ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നാണ് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം പറയുന്നത്. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ചതിനു ശേഷം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി ഏഴിനാണ് കമ്പില്‍ സ്വദേശിയായ ഭവത് മാനവ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്യുന്നത്. അധ്യാപകരുടെ പീഡനത്തില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു. പഠനത്തില്‍ പിന്നോക്കം നിന്നതിനും നീട്ടി വളര്‍ത്തിയ മുടി മുറിക്കാന്‍ ആവശ്യപ്പെട്ടും അധ്യാപകര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മറ്റ് കുട്ടികളും സമാനമായ അനുഭവം ഉണ്ടായതായി പറയുന്നുണ്ട്.

സ്‌കൂളിന്റെ വിജയശതമാനം നിലനിര്‍ത്താനും സല്‍പ്പേര് നഷ്ടമാകാതിരിക്കാനുമാണ് അധ്യാപകരുടെ ഈ പെരുമാറ്റം എന്നാണ് വിശദീകരണം. എന്നാല്‍ അത് അതിരുവിടുന്നെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. വീട്ടിലെത്തി പരാതി പറഞ്ഞാല്‍ രക്ഷിതാക്കള്‍ പോലും വിശ്വസിക്കാത്ത വിധം അവരോട് മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതിഷേധം അലയടിക്കുമ്പോഴും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇടപെടാത്തതില്‍ ദുരുഹതയുണ്ടെന്ന് പ്രദേശവാസികളും രക്ഷിതാക്കളും പറയുന്നു.