കോഴിക്കോട്: എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാല് ദിവസം ക്ലാസിൽ കയറി. അതും ഹാജർ വിളിച്ചത് അനുസരിച്ച് ഹാജരായി. മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിനി അഞ്ചാംദിവസം ക്ലാസിൽ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുള്ള പരിശോധനയിലാണ് പെൺകുട്ടി പ്ലസ്ടുവിന് പഠിക്കുകയാണെന്ന വിവരം പുറത്തുവന്നത്.

മെഡിക്കൽ കോളേജിൽ നവംബർ 29-ന് ഒന്നാംവർഷ വിദ്യാർത്ഥികളുടെ ക്ലാസ് ആരംഭിച്ചിരുന്നു. മൊത്തം 245 പേർക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. ഇതിനുപുറമെയാണ് പ്ലസ് ടു വിദ്യാർത്ഥിനി കടന്നുകൂടിയത്. എന്നാൽ, നാലുദിവസം കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ ഹാജർപട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് കണക്കിൽപ്പെടാതെ ഒരു വിദ്യാർത്ഥി അധികമുള്ളതായി കണ്ടെത്തുന്നത്.

ഈ കുട്ടിയുടെ പേര് ഹാജർ പട്ടികയിലുണ്ട്. എന്നാൽ, പ്രവേശന രജിസ്റ്ററിൽ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജർപട്ടികയിൽ വന്നെന്ന കാര്യം ദുരൂഹമായി തുടരുകയാണ്. നവംബർ 29, 30, ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്ളസ്ടുക്കാരി മെഡിസിൻ ക്ളാസിലിരുന്നത്. വാട്‌സാപ്പ് ഗ്രൂപ്പിലും ഫെയ്‌സ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാർത്ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയതായി കൂട്ടുകാർക്കെല്ലാം സന്ദേശങ്ങളും അയച്ചിരുന്നു.

ഇത്തരത്തിൽ വിദ്യാർത്ഥിനി പഠനത്തിനെത്തിയെന്ന സംഭവം പുറത്തായതോടെ കോഴ്‌സ് കോ-ഓർഡിനേറ്റർ വിവരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് പൊലീസിൽ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നൽകി. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല. വിദ്യാർത്ഥിനി എങ്ങനെ എംബിബിഎസ് ക്ലാസിലെത്തിയെന്ന പരിശോധനയിലാണ് പൊലീസ്.