പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയായാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം. വിദ്യാര്‍ത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.


പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി.എന്‍.എ. പരിശോധനയ്ക്കായി പ്രതിയുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചിരുന്നു.

ഇക്കഴിഞ്ഞ 22 ാം തീയതിയാണ് പനിയെ തുടര്‍ന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാര്‍ഥിനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണി എന്ന് കണ്ടെത്തിയത്.

വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്‌കൂള്‍ ബാഗില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമായിരുന്നു. കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ സഹപാഠിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി അമിത അളവില്‍ മരുന്നു കഴിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഗര്‍ഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനോടുക്കാനും 17കാരി ശ്രമിച്ചു കാണുമെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സഹപാഠി നല്‍കിയ മൊഴി. ഗര്‍ഭസ്ഥ ശിശുവിന്റെ സാമ്പിളും നേരത്തെ ശേഖരിച്ചിരുന്നു.