- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താൻ ബത്തേരിയിൽ ഭീതി വിതച്ച കാട്ടാന പിഎം2വിനെ മയക്കുവെടിവെച്ചു വീഴ്ത്തി; രാവിലെ തിരച്ചിലിന് ഇറങ്ങിയ ദൗത്യസംഘം കുപ്പാടി വനമേഖലയിൽ വെച്ച് ആനക്കെതിരെ മയക്കുവെടി വെച്ചു; അപകടകാരിയായി നഗരത്തിനടുത്ത വനത്തിൽ വിഹരിച്ച കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെ തിരച്ചിലിന് ഇറങ്ങിയ ദൗത്യസംഘം കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാന പിഎം 2വിനെ മയക്കുവെടിവെച്ചത്. അപകടകാരിയായി നഗരത്തിനടുത്ത വനത്തിൽ വിഹരിച്ച കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
ശനി വൈകിട്ട് നാലിനാണ് വൈൽഡ്‌ലൈഫ് പ്രിൻസിപ്പൽ സിസിഎഫ് ഗംഗസ്സിങ് കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങൾ വരുത്തിയ മോഴയാന വെള്ളി പുലർച്ചെ രണ്ടരക്കാണ് ബത്തേരി നഗരമധ്യത്തിലെത്തി മണിക്കൂറുകളോളം ഭീതിവിതച്ചത്. നഗരത്തിൽ കാൽനടയായി സഞ്ചരിച്ച പള്ളിക്കണ്ടി സ്വദേശി സുബൈറിനെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞു പരിക്കേൽപ്പിച്ചു. നാട്ടുകാരും വനം ജീവനക്കാരും ഏറെനേരം പരിശ്രമിച്ചാണ് ആനയെ നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കട്ടയാട് വനത്തിലേക്ക് തുരത്തിയത്.
തമിഴ്‌നാട്ടിൽ ഏതാനു പേരെ കൊലപ്പടുത്തുകയും പരിക്കേൽപ്പിക്കുകയും നൂറോളം വീടുകളും കടകളും തകർക്കുകയും ചെയ്ത മോഴയാനയെ വനം വകുപ്പ് മയക്കുവെടിവച്ച് പടികൂടി റേഡിയോ കോളർ പിടിപ്പിച്ചാണ് ഒന്നരമാസം മുമ്പ് മുതുമല വനത്തിൽ വിട്ടത്. തമിഴ്‌നാട് വനം വകുപ്പ് പി എം രണ്ട് എന്ന് പേരിട്ട് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചു വരികയായിരുന്നു. നൂറ്റമ്പതിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് ആന ബത്തേരിയിൽ എത്തിയത്. മനുഷ്യരെ കണ്ടാൽ അക്രമകാരിയായി മാറുന്ന കൊമ്പൻ ഗൂഡല്ലൂർ മേഖലയിൽ അരസിരാജൻ എന്ന പേരിലാണ് അറിയപ്പെട്ടത്.
പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ അമ്പതിലധികം വീടുകൾ തകർക്കുകയും രണ്ടുപേരുടെ ജീവനെടുക്കുകയും ചെയ്ത ആന സ്ഥിരംഅക്രമിയാണ്. വീടുകളും കടയും തകർത്ത് അരി തിന്നലാണ് ഇതിന്റെ രീതി. അരി ഭക്ഷിക്കുന്നതുകൊണ്ട് അരിസിരാജ എന്ന പേരും ഇതിനുണ്ട്. ഈ ആന ബത്തേരിയെയാകെ ആശങ്കയുടെ മുൾമുനയിലാക്കുകയാണ്.
മൂന്നു വർഷത്തിലധികം പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കിലെ ദേവാല, വാളവയൽ, കൈതക്കൊല്ലി, അട്ടി, നാടുകാണി, പൊന്നൂര്, റാക്ക് വുഡ് തുടങ്ങിയ ഭാഗങ്ങളിൽ വീടുകളും കടകളും തകർത്തു. ധാരാളം കാർഷിക ഉൽപ്പന്നങ്ങളും നശിപ്പിച്ചു. രണ്ട് മനുഷ്യജീവൻകൂടി നഷ്ടമായതോടെ ജനങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് 2022 ഡിസംബർ എട്ടിന് പുളിയമ്പാറ വനത്തിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കോളർ ഐഡി ഘടിപ്പിച്ച് മസിനഗുഡിക്ക് സമീപം സിഗൂർ ഉൾവനത്തിൽ വിടുകയായിരുന്നു.
കോളർ ഐഡി കെട്ടിവിടുന്നതിനാൽ ആനയുടെ സഞ്ചാരവഴി വനം വകുപ്പിന് മനസ്സിലാകും എന്നായിരുന്നു അന്നത്തെ ന്യായീകരണം. വനത്തിൽ വിട്ട് 10 ദിവസത്തിനുള്ളിൽ മസിനഗുഡി ഭാഗത്ത് എത്തി അക്രമം നടത്തി. വനം വകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് അവിടെനിന്ന് വീണ്ടും വനത്തിലേക്ക് ഓടിച്ചു. പിന്നീട് കാട്ടാന കർണാടക ബന്ദിപ്പൂർ വനത്തിനോട് ചേർന്ന് എത്തിയെങ്കിലും അവിടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ മുതുമലവനത്തിലേക്ക് തിരിച്ചുവിട്ടു. പിന്നീട് വനങ്ങളിലൂടെ ചുറ്റി ബത്തേരി ടൗണിൽ എത്തിയാണ് പരാക്രമം കാട്ടിയത്. ഇതോടെയാണ് ബത്തേരി ടൗണാകെ പ്രശ്നത്തിലും ഭയപ്പാടിലുമായി.
ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കാൻ വൈകിയതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിശദീകരണം തേടിയിരുന്നു. കാട്ടാനയെ പിടികൂടാൻ വൈകുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ബത്തേരിയിൽ വനം മന്ത്രിയെ കരിങ്കൊടി കാണിച്ചു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘമാണ് ആനയെ പിടികൂടിയ ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ