- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പതിലധികം വീടുകൾ തകർക്കുകയും രണ്ടുപേരുടെ ജീവനെടുക്കുകയും ചെയ്ത ആന സ്ഥിരംഅക്രമി; വീടും കടയും തകർത്ത് അരി തിന്നുന്ന അരിസിരാജ; ഡിസംബറിൽ മയക്കുവെടിയിൽ വീണപ്പോൾ കോളർ ഐഡി ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടത് പാളിച്ചയായി; ബത്തേരിയെ സ്തംഭിപ്പിച്ച് മോഴയാന; ഒപ്പം മറ്റൊരാനയെ കൂട്ടി മയക്കുവെടിയെ പ്രതിരോധിക്കുന്ന പിഎം2; ഒരു നഗരത്തെ ആന വിറിപ്പിക്കുമ്പോൾ
ബത്തേരി: വയനാട് ബത്തേരിയിലിറങ്ങിയ പിഎം2 എന്ന കാട്ടാന വിറിപ്പിക്കുന്നത് ഒരു നഗരത്തെയാണ്. സുൽത്താൻബത്തേരിയെ തന്നെ സതംഭിപ്പിക്കുകയാണ് കാട്ടാന. ഈ ആനയെ ഇനിയും പിടികൂടാനായില്ല. ആനയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും ഫലം കാണാതെ മടങ്ങി. പിഎം2ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതും ദൗത്യത്തിന് വെല്ലുവിളിയാണ്.
തമിഴ്‌നാട്ടിലെ മുതുമലയിൽ നാശംവിതച്ച പിഎം 2 എന്ന മോഴയാന അതിർത്തി കടന്ന് ബത്തേരിയിലും എത്തിയതോടെ ആശങ്ക പുതിയ തലത്തിലെത്തി. പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ അമ്പതിലധികം വീടുകൾ തകർക്കുകയും രണ്ടുപേരുടെ ജീവനെടുക്കുകയും ചെയ്ത ആന സ്ഥിരംഅക്രമിയാണ്. വീടുകളും കടയും തകർത്ത് അരി തിന്നലാണ് ഇതിന്റെ രീതി. അരി ഭക്ഷിക്കുന്നതുകൊണ്ട് അരിസിരാജ എന്ന പേരും ഇതിനുണ്ട്. ഈ ആന ബത്തേരിയെയാകെ ആശങ്കയുടെ മുൾമുനയിലാക്കുകയാണ്.
മൂന്നു വർഷത്തിലധികം പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കിലെ ദേവാല, വാളവയൽ, കൈതക്കൊല്ലി, അട്ടി, നാടുകാണി, പൊന്നൂര്, റാക്ക് വുഡ് തുടങ്ങിയ ഭാഗങ്ങളിൽ വീടുകളും കടകളും തകർത്തു. ധാരാളം കാർഷിക ഉൽപ്പന്നങ്ങളും നശിപ്പിച്ചു. രണ്ട് മനുഷ്യജീവൻകൂടി നഷ്ടമായതോടെ ജനങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് 2022 ഡിസംബർ എട്ടിന് പുളിയമ്പാറ വനത്തിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കോളർ ഐഡി ഘടിപ്പിച്ച് മസിനഗുഡിക്ക് സമീപം സിഗൂർ ഉൾവനത്തിൽ വിട്ടു. വനത്തിൽ വിടുന്നതിന് പകരം മുതുമല ആന ക്യാമ്പിൽ വളർത്താനയാക്കി പരിശീലനം നൽകണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പും ജില്ലാ ഭരണവിഭാഗവും അംഗീകരിച്ചില്ല. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
കോളർ ഐഡി കെട്ടിവിടുന്നതിനാൽ ആനയുടെ സഞ്ചാരവഴി വനം വകുപ്പിന് മനസ്സിലാകും എന്നായിരുന്നു അന്നത്തെ ന്യായീകരണം. വനത്തിൽ വിട്ട് 10 ദിവസത്തിനുള്ളിൽ മസിനഗുഡി ഭാഗത്ത് എത്തി അക്രമം നടത്തി. വനം വകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് അവിടെനിന്ന് വീണ്ടും വനത്തിലേക്ക് ഓടിച്ചു. പിന്നീട് കാട്ടാന കർണാടക ബന്ദിപ്പൂർ വനത്തിനോട് ചേർന്ന് എത്തിയെങ്കിലും അവിടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ മുതുമലവനത്തിലേക്ക് തിരിച്ചുവിട്ടു. പിന്നീട് വനങ്ങളിലൂടെ ചുറ്റി ബത്തേരി ടൗണിൽ എത്തിയാണ് പരാക്രമം കാട്ടിയത്. ഇതോടെയാണ് ബത്തേരി ടൗണാകെ പ്രശ്‌നത്തിലും ഭയപ്പാടിലുമായത്.
നിലവിൽ കുപ്പാടി വനമേഖലയിൽ തുടരുന്ന പിഎം2നെ പിടികൂടാൻ ഇന്നലെ രാവിലെ 8 മുതൽ ദൗത്യസംഘം ശ്രമം തുടങ്ങിയിരുന്നു. ആനയ്ക്കു സമീപത്ത് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) എത്തിയെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. പിഎം2ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് പ്രധാന വെല്ലുവിളിയെന്നു ദൗത്യസംഘം പറയുന്നു. പിഎം2 അതിവേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നതും ദൗത്യം സങ്കീർണമാക്കി.
അക്രമകാരിയായ പിഎം2 ദൗത്യസംഘത്തിന് നേരെയും പാഞ്ഞടുത്തു. വൈകിട്ടോടെ ദൗത്യം അവസാനിപ്പിച്ചു. തിങ്കളാഴ്ച വീണ്ടും ശ്രമം തുടരും. ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കാൻ വൈകിയതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിശദീകരണം തേടി. കാട്ടാനയെ പിടികൂടാൻ വൈകുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ബത്തേരിയിൽ വനം മന്ത്രിയെ കരിങ്കൊടി കാണിച്ചു.
ജനവാസ മേഖലയോട് ചേർന്ന വനത്തിൽ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തിൽ നിന്നെത്തിച്ച രണ്ട് കുങ്കിയാനകളും സംഘത്തിലുണ്ട്. മയക്കുവെടിവച്ച് പിടികൂടുന്ന കാട്ടാനായെ മുത്തങ്ങ ആനപന്തിയിലെ കൂട്ടിൽ അടച്ച് മെരുക്കാണ് പദ്ധതി. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാൻ തിരുമാനിച്ചത്.
ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതിൽ ഇന്നലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാട്ടാനയെ മയക്കുവവെടിവച്ച് പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രി ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇത് വൈൽഡ് ലൈഫ് വാർഡൻ ഗൗരവത്തോടെ കണ്ടില്ല.
പ്രതിഷേധങ്ങൾ ഉയർന്ന സമയത്താണ് ഉത്തരവിറക്കിയത്. കൃത്യ നിർവഹണത്തിലെ ഈ അലംഭാവം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. സംസ്ഥാനത്തെ മറ്റ് വന്യ ജീവി ആക്രമണങ്ങളിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കി. അടുത്ത ദിവസം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഗംഗാ സിങ്ങിന് നോട്ടീസ് അയച്ചത്. വനപാലകർക്കിടയിലും ഉദ്യോഗസ്ഥനെതിരെ അമർഷമുണ്ട്. കാര്യങ്ങൾ പഠിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ മിക്ക വന്യമൃഗ ദൗത്യങ്ങളും സങ്കീർണ്ണമാക്കുന്നുവെന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ