- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻ കീ ബാത് ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു ആത്മീയ യാത്ര; നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഉത്സവം; മൻ കീ ബാതിന്റെ ഓരോ എപ്പിസോഡിലും ആളുകൾ പരസ്പര സഹകരണത്തിന് പ്രചോദനമായി; ജനങ്ങളിൽ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും ലഭിച്ചു; മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാരാ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിന് നൂറ് എപ്പിസോഡ് പിന്നിട്ടു കഴിഞ്ഞു. അതിന്റെ ആഘോഷം വിപുലമായി തന്നെയാണ് ആഘോഷിക്കുന്നത്. കേരളത്തിൽ അടക്കം പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 100ാം മൻകീ ബാത്തിൽ തന്റെ റേഡിയോ പ്രഭാഷണങ്ങളുടെ അനുഭവങ്ങളാണ് നരേന്ദ്ര മോദി പങ്കുവെച്ചത്.
ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളുടെ പ്രകടനമാണ് മൻ കീ ബാത് എന്ന് പ്രധാനമന്ത്രി നൂറാം എപ്പിസോഡിൽ പറഞ്ഞു. 'ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരമാണ് തനിക്ക് മൻ കീ ബാത്. ഇത് കേവലം ഒരു പരിപാടിയല്ല, വിശ്വാസവും ആത്മീയവുമായ യാത്രയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഒരു ഉത്സവം കൂടിയാണ് മൻ കി ബാത്' മോദി പറഞ്ഞു.
എല്ലാ മാസവും ജനങ്ങൾ കാത്തിരിക്കുന്ന ഒരു ആഘോഷമായി ഇത് മാറി. മൻ കീ ബാത് സംബന്ധിച്ച് ജനങ്ങളിൽ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ വായിക്കുമ്പോൾ വികാരങ്ങളാൽ തളർന്നുപോയെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കീ ബാതിന്റെ ഓരോ എപ്പിസോഡിലും ആളുകൾ പരസ്പര സഹകരണത്തിന് പ്രചോദനമായിട്ടുണ്ട്. 'സ്വച്ഛ് ഭാരത്' മുതൽ ആസാദി ക അമൃത് മഹോത്സവ് വരെ മൻ കീ ബാതിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പിന്നീട് പൊതു പ്രസ്ഥാനങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്ന പ്രചാരണം ഹരിയാനയിൽ നിന്നുതന്നെയാണ് ഞാൻ ആരംഭിച്ചത്. ഇത് ഹരിയാനയിലെ ലിംഗാനുപാതം വർധിക്കാൻ ഇടവരുത്തി. 'സെൽഫി വിത്ത് ഡോട്ടർ' ക്യാമ്പയിൻ എന്നെ വളരെയധികം സ്വാധീനിച്ചു, എന്റെ എപ്പിസോഡിൽ ഞാൻ അത് പരാമർശിച്ചു. താമസിയാതെ ഈ 'സെൽഫി വിത്ത് ഡോട്ടർ' ക്യാമ്പയിൻ ആഗോളമായി മാറി. ഈ ക്യാമ്പയിന്റെ ലക്ഷ്യം ഒരാളുടെ ജീവിതത്തിൽ മകളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു' പ്രധാനമന്ത്രി പറഞ്ഞു.
2014 ഒക്ടോബർ മൂന്നിനാണ് 'മൻ കീ ബാത്' ആരംഭിച്ചത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണി നിലയങ്ങളിലൂടെയും ദൂരദർശനിലൂടെയും പരിപാടി ജനങ്ങളിലെത്തുന്നത്. പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്ന ഈ പരിപാടിയുടെ ആദ്യ പ്രക്ഷേപണം 2014 ഒക്ടോബർ 3നായിരുന്നു. പിന്നീട് എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രക്ഷേപണം. നൂറാം എപ്പിസോഡ് ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികൾ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു.
100 രൂപയുടെ പ്രത്യേക സ്മാരക നാണയവും പുറത്തിറക്കി. 35 ഗ്രാം ഭാരമുള്ള നാണയം ഭാഗികമായി വെള്ളിയിൽ തീർത്തതാണ്. ഇന്നും രാജ്യമെങ്ങും പ്രത്യേക പരിപാടികളും സംഗമങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ഗവർണ്ണർ ആരിഫ് ഖാന്റെ നേതൃത്വത്തിൽ രാജ് ഭവനിൽ പ്രത്യേക പരിപാടിയും നടന്നു. ഇന്നാണ് മൻകി ബാത്തിന്റെ 100 എപ്പിസോഡിന്റെ പ്രക്ഷേപനം യുഎൻ ആസ്ഥാനത്തും പ്രക്ഷേപണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 11നാണ് അരമണിക്കൂർ നീളുന്ന പ്രഭാഷണം. ന്യൂയോർക്കിൽ യുഎൻ ആസ്ഥാനത്ത് പ്രാദേശികസമയം പുലർച്ചെ 1.30നാണു പ്രക്ഷേപണം നടന്നത്.
ആദ്യ അഭിസംബോധനയിൽ മുന്നോട്ടുവെച്ച ആശയമായിരുന്നു ' സ്വച്ഛ് ഭാരത്'. ഹരിതഭാരതം എന്ന ആശയത്തിലൂന്നി ആവിഷ്‌കരിച്ച പരിപാടിയെ ജനങ്ങളുടെ പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ശുദ്ധിയാക്കുന്നതിനായി ജനങ്ങളോട് ഒരുമിച്ച് കൈക്കോർക്കാനുള്ള ആഹ്വാനമായിരുന്നു അന്ന് അദ്ദേഹം നൽകിയത്. തുടർന്ന് നിരവധി ശുചിത്വ ഡ്രൈവുകൾ വഴി ശുചിത്വ ഭാരതത്തിന്റെ പുതുയുഗത്തിനാണ് തിരി തെളിച്ചത്.
സ്വച്ഛ് ഭാരത് അഭിയാൻ, ആയുഷ്മാൻ ഭാരത്, കോവിഡ്-19 വാക്‌സിനേഷൻ, ഇസഞ്ജീവനി, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, ജലശക്തി അഭിയാൻ, അടൽ ഭുജൽ യോജന, നമാമി ഗംഗേ, ഡിജിറ്റൽ ഇന്ത്യ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് ഇതിലൂടെയാണ്. ജനങ്ങളുമായി ബന്ധപ്പെടാനും സന്ദേശം അയയ്ക്കാനും പൗരന്മാരുമായി ഇടപഴകാനും കൂട്ടായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സാംസ്‌കാരിക പ്രതിബദ്ധതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റമുണ്ടാക്കുന്നവരെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് മൻ കി ബാത്ത് ആരംഭിച്ചത്.
മറുനാടന് ഡെസ്ക്