ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തിയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ലോകം കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ ആയുധങ്ങള്‍ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടി. ഇന്ത്യന്‍ സേന പാക്ക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്റെ ആണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചു. പാക്ക് വ്യോസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി. 22 മിനിട്ടില്‍ പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മുന്നില്‍ പാകിസ്ഥാന് ഒന്നും തന്നെ ചെയ്യാനായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സൈനികരുടെ ധീരതയുടെ വിജയാഘോഷമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണ്. ഭീകരരുടെ ആസ്ഥാനം തകര്‍ത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താന്‍ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തകര്‍ത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. സേനകള്‍ക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നല്‍കിയെന്നും മോദി പറഞ്ഞു. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ്. 22 മിനിറ്റില്‍ ഏപ്രില്‍ 22 ലെ ആക്രമണത്തിന് മറുപടി നല്‍കി. പാകിസ്ഥാനെ വിറപ്പിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ ധീരന്‍മാരെ കോണ്‍ഗ്രസ് പിന്തുണക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മോദി വിമര്‍ശിച്ചു. പഹല്‍ഗാം കൂട്ടക്കൊലയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പരത്തുന്നത് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പറയുന്നതാണ്. പാക് കള്ളങ്ങള്‍ ചിലര്‍ ഏറ്റെടുക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

രാജ്യം സൈനിക രംഗത്ത് കൈവരിച്ച പുരോഗതി ലോകം കണ്ടു. മുമ്പ് ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങള്‍ സുരക്ഷിതരാണെന്ന് കരുതിയിരുന്നു. ഇന്ത്യ അതിര്‍ത്തി കടന്ന് വന്ന് വധിക്കുമെന്ന് ഇവര്‍ക്ക് ബോധ്യമായി. ഇന്ത്യയില്‍ ആക്രമണം ഉണ്ടായാല്‍ ഇന്ത്യ സ്വയം നിശ്ചയിക്കുന്ന രീതിയില്‍ തിരിച്ചടി നല്‍കും. ഒരു ആണവ ഭീഷണിക്കും രാജ്യം വഴങ്ങില്ല. സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ ഒരു രാജ്യവും എതിര്‍ത്തില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന് അനുകൂലമായി പ്രസ്താവന നടത്തിയത് മൂന്ന് രാജ്യങ്ങള്‍ മാത്രമെന്നും മോദി ചൂണ്ടിക്കാട്ടി.

ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭീകരരെ അയക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. ബാലാകോട്ട് ആക്രമണത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് തീരുമാനിച്ചത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരരുടെ സിരാകേന്ദ്രങ്ങള്‍ ആണ് തകര്‍ത്തത്. ഭീകരകേന്ദ്രങ്ങള്‍ ആകും തകര്‍ക്കുക എന്നത് ആദ്യമേ പ്രഖ്യാപിച്ചതാണ്. ഇന്ത്യന്‍ സേന ആദ്യ രാത്രി തന്നെ നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. പാകിസ്ഥാന്‍ സേനയോട് ഇക്കാര്യം വ്യക്തമായി പറഞ്ഞതാണ്. ലോകത്തോട് പറഞ്ഞത് ഇന്ത്യ പാലിച്ചു. എന്നാല്‍ പാകിസ്ഥാന്‍ നാണമില്ലാതെ ഭീകരവാദികളുടെ പക്ഷം പിടിച്ചു.

നീന്തല്‍ കുളത്തില്‍ കിടക്കുമ്പോഴാണ് ഇന്ത്യ ആക്രമണം നടത്തിയത് അറിഞ്ഞതെന്ന് പാകിസ്ഥാന്‍ നേതാക്കള്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രതീക്ഷിക്കാത്ത അടി കിട്ടിയപ്പോഴാണ് വെടിനിറുത്തലിന് ഇങ്ങോട്ട് താണപേക്ഷിച്ചത്. ലോകത്തെ ഒരു നേതാവും ഇന്ത്യയുടെ സൈനിക നീക്കം നിറുത്താന്‍ ആവശ്യപ്പെട്ടില്ല. ജെഡി വാന്‍സ് തന്നെ വിളിച്ചപ്പോള്‍ ആദ്യം എടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തിരിച്ചു വിളിച്ചാണ് സംസാരിച്ചത്. പാകിസ്ഥാന്‍ വലിയ ആക്രമണം നടത്താന്‍ പോകുന്നു എന്നാണ് ജെഡി വാന്‍സ് അറിയിച്ചത്. പാകിസ്ഥാന്‍ വലിയ ആക്രമണം നടത്തിയാല്‍ അതിനെക്കാള്‍ വലിയ തിരിച്ചടി നല്കും എന്നാണ് വാന്‍സിനെ അറിയിച്ചത്. ഇന്ത്യയുടെ തിരിച്ചടി എന്തായിരിക്കും എന്ന് പാകിസ്ഥാന് മനസ്സിലായി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല. പാകിസ്ഥാന്‍ എന്തെങ്കിലും ദുസ്സാഹസം കാണിച്ചാല്‍ കടുത്ത മറുപടി തന്നെ നല്കും. കോണ്‍ഗ്രസ് വിഷയങ്ങള്‍ക്ക് പാകിസ്ഥാനെ ആശ്രയിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

പാകിസ്ഥാന്റെ വിഷയങ്ങള്‍ കോണ്‍ഗ്രസിന് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. സേനകളുടെ മനോവീര്യം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം പരത്താനും ശ്രമം നടത്തുന്നു. പാകിസ്ഥാന്റെ ഈ തന്ത്രത്തിന്റെ പ്രചാരകരായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് കഴിഞ്ഞ ഉടന്‍ കോണ്‍ഗ്രസ് തെളിവു ചോദിച്ചു തുടങ്ങിയിരുന്നു. പിന്നീട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് തങ്ങളും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ പിടിയിലായപ്പോള്‍ മോദി പെട്ടെന്ന് പലരും അടക്കം പറഞ്ഞു. രാജ്യത്തിന്റെ ശക്തി കൊണ്ട് അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചു കൊണ്ടു വരാനായി. ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ പാകിസ്ഥാനില്‍ അകപ്പെട്ട ബിഎസ്എഫ് ജവാനെയും ഒരു പരിക്കുമില്ലാതെ തിരിച്ചെത്തിച്ച കാര്യവും മോദി ഓര്‍മിപ്പിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ സൈന്യത്തെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. 30 മിനിറ്റിനുള്ളിലെ കീഴടങ്ങലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. ആക്രമിക്കുന്ന കാര്യം പാക്കിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചു. ഒരിക്കല്‍ ആക്രമിച്ചെന്നും ഇനി ആക്രമണം നടത്തില്ലെന്നും പാക്കിസ്ഥാനോട് പറഞ്ഞു. കാരണം, ഈ നടപടിയുടെ ലക്ഷ്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയായിരുന്നു.

സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചതായും രാഹുല്‍ ആരോപിച്ചു. ഇന്ത്യപാക്ക് വെടിനിര്‍ത്തലിനു മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 29 തവണയാണ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമര്‍ശനം നടത്തി. കശ്മീര്‍ തീവ്രവാദ വിമുക്തമാണെന്നാണു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. പിന്നെങ്ങനെയാണു പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. എന്തുകൊണ്ടു പഹല്‍ഗാമില്‍ സുരക്ഷ ഒരുക്കിയില്ലെന്നു ചോദിച്ച പ്രിയങ്ക, വീഴ്ച ഉണ്ടായതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.

26 പേരെ കൊലപ്പെടുത്തി ഭീകരര്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂര്‍ നേരം ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തില്ലായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരവാദിത്തമില്ലേയെന്നും പ്രിയങ്ക ചോദിച്ചു. അമ്മയുടെ കണ്ണുനീര്‍ വീണത് അച്ഛനെ ഭീകരവാദികള്‍ വധിച്ചപ്പോഴാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന വ്യക്തമായി മനസ്സിലാകുമെന്നും പ്രിയങ്ക പറഞ്ഞു.

2019 ലാണ് ടിആര്‍എഫ് രൂപീകരിച്ചത്. 2020ല്‍ അവര്‍ കശ്മീരില്‍ ഭീകരവാദം ആരംഭിച്ചു. അതിനുശേഷം 25 ആക്രമണങ്ങള്‍ നടത്തി. എന്നിട്ടും മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടിആര്‍എഫ് ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതെന്നു സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നവരെ സൈന്യം വധിച്ചെന്നും ഭീകരരെ വധിച്ചപ്പോള്‍ എല്ലാവരും സന്തോഷിക്കുമെന്ന് കരുതിയെന്നും എന്നാല്‍ പ്രതിപക്ഷത്തിന് ദുഃഖമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞതിനു പിന്നാലെയാണു പ്രിയങ്ക ഗാന്ധിയുടെ രൂക്ഷ പ്രതികരണം.

''കൊല്ലപ്പെട്ട ഭീകരര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മേയ് 22ന് ഭീകരരെ കുറിച്ച് സൂചന ലഭിച്ചു. സുരക്ഷാസേനകളെ അഭിനന്ദിക്കുകയാണ്. സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെയാണ് വധിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവര്‍ പല ഗ്രാമങ്ങളിലും അഭയം തേടി. ഭീകരരെ സഹായിച്ചവര്‍ നേരത്തേ എന്‍ഐഎയുടെ പിടിയിലായിരുന്നു. ഇവര്‍ ഭീകരരെ തിരിച്ചറിഞ്ഞ'' അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.

ഭീകരരുടെ കൈയ്യില്‍ നിന്നും പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നത്. ഫൊറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞു. ഭീകരരെ വധിച്ചപ്പോള്‍ എല്ലാവരും സന്തോഷിക്കുമെന്ന് കരുതി. പക്ഷേ പ്രതിപക്ഷത്തിനു ദുഃഖമാണെന്നും അമിത് ഷാ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ഭീകരരുടെ മതം നോക്കി ദുഃഖിക്കരുതെന്ന് പ്രതിപക്ഷത്തോട് അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണ്. പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ഭീകരരെ വിടരുതെന്ന് സൈന്യത്തോട് പറഞ്ഞിരുന്നു. അത് സൈന്യം കൃത്യമായി പാലിച്ചുവെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. താങ്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.