ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും വേണ്ടി ധാരാളം സൗകര്യങ്ങൾ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തിൽ, അദ്ദേഹത്തിന്റെ ഭക്ഷണ ചെലവ് വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. സർക്കാർ ഖജനാവിൽ നിന്ന് ഒരുരൂപ പോലും ഇതിനായി ചെലവഴിക്കുന്നില്ല. വിവരാകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിവരം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ്ങാണ് വിവരാവകാശത്തിന് മുറപടി നൽകിയത്. പ്രധാനമന്ത്രിയുടെ ഭക്ഷണകാര്യത്തിൽ നിരവധി വിവാദങ്ങളും ആക്ഷേപങ്ങളും സോഷ്യൽ മീഡിയയിൽ മുമ്പും പ്രചരിച്ചിരുന്നു. മോദി കഴിക്കുന്ന വിലകൂടിയ ഭക്ഷണത്തിനായി സർക്കാർ വൻ തുകയാണ് ചെലവഴിക്കുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

പ്രധാനമന്ത്രിയുടെ വസതിയുടെ സംരക്ഷണം നിർവഹിക്കുന്നത് കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ്. വാഹനങ്ങളുടെ ചുതല എസ്‌പിജിക്കാണ്. എന്നാൽ, പ്രധാനമന്ത്രിയുടെ ശമ്പളവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ക്യത്യമായ ഉത്തരം കിട്ടിയില്ല. ചട്ടങ്ങൾ ഉദ്ധരിച്ചുകൊണ്ട് നിയമപ്രകാരമുള്ള വർദ്ധനവ് നടത്തുന്നുണ്ടെന്ന് മാത്രമാണ് മറുപടിയുള്ളത്.

2014 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് മോദി പാർലമെന്റിൽ പ്രവേശിച്ചത്. 2015 മാർച്ച് രണ്ടിന് ബജറ്റ് സമ്മേളനത്തിനിടെ, പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ കാന്റീൻ മോദി സന്ദർശിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. പാർലമെന്റിലെ കാന്റീൻ നടത്തിപ്പുമായി സംബന്ധിച്ച് നിരവധി മാറ്റങ്ങൾ മോദി കൊണ്ടുവന്നിരുന്നു. 2021 ജനുവരി 19 മുതൽ എംപിമാർക്ക് പാർലമെന്റ് കാന്റീനിൽ നൽകിയിരുന്ന സബ്‌സിഡി ഒഴിവാക്കി. അതിനു മുമ്പ് പാർലമെന്റ് കാന്റീൻ സബ്‌സിഡിക്ക് വേണ്ടി ചെലവഴിച്ചത് 17 കോടി രൂപയാണ്.

നേരത്തെ പ്രധാനമന്ത്രിയുടെ ഭക്ഷണം, വസ്ത്രം, ആരോഗ്യം എന്നിവയ്ക്കായി ചെലവഴിക്കുന്ന തുകയെ കുറിച്ച് നിരവധി അവകാശവാദങ്ങൾ ഉയർത്തുന്ന പോസ്റ്റ് വൈറലായിരുന്നു. തായ് വാനിൽ നിന്ന് ഇറക്കുമതി ചെയ്ത 80,000 രൂപ വിലയുള്ള കൂണാണ് പ്രധാനമന്ത്രി കഴിക്കുന്നതെന്നായിരുന്നു ഒരുപ്രചാരണം. ഓരോ ദിവസവും അഞ്ചുകൂണുകൾ അദ്ദേഹം കഴിക്കുമെന്നും, അൽപേഷ് ടാക്കോർ 2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചത് വിവാദമായിരുന്നു. മോദിയുടെ വസ്ത്രത്തിനായി ചെലവഴിക്കുന്നത് 8 മുതൽ 10 ലക്ഷം വരെയെന്നും വസ്ത്രങ്ങളിൽ അദ്ദേഹത്തിന്റെ പേര് പതിച്ചിട്ടുണ്ടെന്നും ആയിരുന്നു മറ്റൊന്ന്. മോദി എല്ലാ ദിവസവും ഫുൾ ബോഡി ചെക്കപ്പ് നടത്തുന്നുണ്ടെന്ന് മറ്റൊരു പ്രചാരണം.

മുമ്പ് നൽകിയ വിവരാവകാശ മറുപടികളിലും, ഭക്ഷണ, വസ്ത്ര ആവശ്യങ്ങൾക്കുള്ള ചെലവ് പ്രധാനമന്ത്രി തന്നെയാണ് വഹിക്കുന്നതെന്ന് വ്യക്തമായിരുന്നു. മോദിയുടെ വസ്ത്രധാരണം നേരത്തെയും വാർത്തയായിരുന്നു. മോദി രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രമാണ് ധരിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. 2016 ൽ മോദി ധരിച്ച സ്യൂട്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. സ്യൂട്ട് ലേലം ചെയ്തപ്പോൾ, സൂറത്തിൽ നിന്നുള്ള വ്യവസായി 4.3 കോടിക്കാണ് വാങ്ങിയത്. അഹമ്മദാബാദ് കേന്ദ്രമായ വസ്ത്രനിർമ്മാണ ശൃംഖലയാണ് ഈ സ്യൂട്ട് തുന്നിയത്. ഈ വാർത്തയാവാം വൈറൽ പോസ്റ്റിന്റെ സോഴ്‌സ് എന്നും സൂചനയുണ്ട്. ഓരോ ദിവസവും മോദി ആരോഗ്യ പരിശോധന നടത്തുവെന്ന വാർത്തയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഓരോ മൂന്നു മാസവുമാണ് മോദി ആരോഗ്യ പരിശോധന നടത്തുന്നതെന്ന് 2014 ലെ റിപ്പോർട്ടിൽ വ്യക്തമായിരുന്നു.